ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. രാജ്യത്ത് 350-ഓളം ആളുകളില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ ഈ നടപടി. 

മാര്‍ച്ച് 23 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചെന്നൈയിലെ വാഹനനിര്‍മാണ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, രാജ്യത്തുടനീളമുള്ള ഹ്യുണ്ടായിയുടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹ്യുണ്ടായി വ്യക്തമാക്കി. 

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹ്യുണ്ടായിയുടെ സര്‍വീസ് വിഭാഗം കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ്, എക്‌സ്‌റ്റെന്റഡ് വാറണ്ടി, സൗജന്യ സര്‍വീസ് തുടങ്ങിയവും ഉറപ്പാക്കും. ഡോര്‍ സ്‌റ്റെപ്പ് സര്‍വീസിനായി 1000 ജീവനക്കാരെ ഒരുക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. 

ഹ്യുണ്ടായിയെ കൂടാതെ ടൊയോട്ടയുടെ ബെംഗളൂരുവിലെയും ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും അടച്ചിട്ടിട്ടുണ്ട്. ടാറ്റയുടെ പ്ലാന്റ് ഒരാഴ്ച്ചത്തേക്കും മറ്റുള്ളവര്‍ രണ്ടാഴ്ച്ചത്തേക്കും അടച്ചിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഉള്‍പ്പെടെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ പ്ലാന്‍റുകള്‍ അടച്ചിടുന്നുണ്ട്.  ഗുരുഗ്രാം, മനേസര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് മാരുതി അടച്ചിട്ടത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്‍റും അടക്കാനാണ് തീരുമാനം.