കൊവിഡ് -19 അഥവാ കൊറോണ വൈറസിനെതിരെ പോരാട്ടത്തിലാണ് ലോകം. ഈ സമയങ്ങളിൽ അണുബാധയുടെ വ്യാപനം കുറയ്ക്കാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം വാഹനങ്ങളെ എങ്ങനെ വൈറസ് വിമുക്തമായി സൂക്ഷിക്കാം എന്നതിനെപ്പറ്റി പലരും ചിന്തിക്കുന്നുണ്ടാകും. ഈ സാഹചര്യത്തിലാണ് പുതിയൊരു പദ്ധതിയുമായി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രംഗത്തെത്തുന്നത്. 

വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അണുമുക്തമാക്കുന്നതിനുമുള്ള പദ്ധതിയുമായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ വരവ്. ഏകദേശം 17 ദിവസം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണിത്. ജൂലൈ 15 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് ഹൈജീന്‍ ഡ്രൈവിലൂടെ വാഹനം സാനിറ്റൈസ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഹ്യുണ്ടായിയുടെ 1300 സര്‍വീസ് ഔട്ട്‌ലെറ്റുകളിലാണ് വാഹനം സാനിറ്റൈസ് ചെയ്ത് അണുമുക്തമാക്കാം. ഇതിനായി പ്രത്യേകം ആനുകൂല്യങ്ങളും ഹ്യുണ്ടായി നല്‍കുന്നുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി ജനറല്‍ ചെക്ക്-അപ്പും ഹൈടച്ച് സാനിറ്റൈസേഷനും നടത്തുന്നവര്‍ക്ക് 50 ബോണസ് പോയന്റ് ലഭ്യമാക്കും. 599 രൂപ മുതല്‍ ഇന്റീരിയര്‍ സ്മോക്ക് സാനിറ്റൈസേഷനും, 999 രൂപ മുതല്‍ ആരംഭിക്കുന്ന കംപ്ലീറ്റ് ഇന്റീരിയര്‍ സാനിറ്റൈസേഷനും 340 രൂപയില്‍ ആരംഭിക്കുന്ന എക്സ്റ്റീരിയര്‍ ഡ്രൈ വാഷും ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് ഹ്യുണ്ടായി പ്രഥമ പരിഗണന നല്‍കുന്നതെന്നും അതുകൊണ്ടാണ് ഹ്യുണ്ടായിയുടെ സര്‍വീസ് സെന്ററുകളെ കോര്‍ത്തിണക്കി ഹൈജീന്‍ ഡ്രൈവ് ഒരുക്കിയിരിക്കുന്നതെന്നും ഹ്യുണ്ടായി മേധാവി തരുണ്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടു. 

ഈ സംവിധാനത്തിന് പുറമെ, ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് 360 ഡിഗ്രി ഡിജിറ്റല്‍, കോണ്‍ടാക്ട് ലെസ് സര്‍വീസ് സംവിധാനവും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. ഹ്യുണ്ടായി കെയര്‍ ആപ്പ് വഴി സര്‍വീസ് ബുക്ക് ചെയ്യുകയും കമ്പനിയുടെ പ്രതിനിധികള്‍ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

പുതിയൊരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ക്ലിക്ക് ടു ബൈ എന്നൊരു ഓണ്‍ലൈന്‍ സംവിധാനവും ഹ്യുണ്ടായി തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിക്കുന്നത്. ഇതുവരെ ഏകദേശം 15 ലക്ഷം ആളുകള്‍ ഈ പ്ലാറ്റ്ഫോമില്‍ എത്തിയെന്നും 1,900 -ല്‍ അധികം ബുക്കിങ്ങുകളും 20,000 -ല്‍ അധികം രജിസ്ര്ടേഷനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു എന്നുമാണ് കണക്കുകള്‍.