ഇന്ത്യയില്‍ ഓണ്‍ലൈന്‍ വാഹന വില്‍പ്പനയിലേക്ക് കടന്ന് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 500 ഡീലര്‍ഷിപ്പുകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം. ക്ലിക്ക് ടു ബൈ എന്നാണ് ഈ പുതിയ സംവിധാനത്തിന്‍റെ പേര്. ഈ സംവിധനാത്തിലൂടെ പുതുതലമുറ ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാഹനം ബുക്കുചെയ്യുന്നത് മുതല്‍ ഡെലിവറി എടുക്കുന്നത് വരെയുള്ള നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം.  സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍നിന്ന് ഇഷ്ടമോഡല്‍, നിറം, വേരിയന്റ് തുടങ്ങിയവ തിരഞ്ഞെടുക്കാം. വാഹനത്തിന് ലഭിക്കുന്ന ഓഫറുകള്‍, ലോണ്‍ സൗകര്യം എന്നിവ സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ടാകും. വാഹനം വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായാല്‍ ഹ്യുണ്ടായി കാര്‍ വീട്ടിലെത്തിച്ച് നല്‍കും. 

ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തിരഞ്ഞെടുക്കുന്നതിനാണ് ക്ലിക്ക് ടു ബൈ സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു. വളരെ പെട്ടെന്ന് ഇടപാടുകള്‍ തീര്‍ക്കാനുള്ള സംവിധാനമാണ് ലക്ഷ്യം. കൂടുതല്‍ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.