ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. 1996 മേയ് 6നാണ് ഹ്യുണ്ടായി ഇന്ത്യയില്‍ പ്രവേശിക്കുന്നത്. 25 വര്‍ഷം പിന്നിട്ട് 2021 ആകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കള്‍ എന്ന പേര് സ്വന്തമാക്കിയാണ് ഹ്യുണ്ടായി യാത്ര തുടരുന്നത്. ഇക്കാലയളവില്‍ നാളിതുവരെ വിപണിയില്‍ 90 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂരിലാണ് ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. MPFI എഞ്ചിന്‍ ഉപയോഗിച്ച് സാന്‍ട്രോ ബ്രാന്‍ഡില്‍ നിന്നായിരുന്നു കമ്പനിയുടെ തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റ് നിരവധി മോഡലുകളും ഈ നിരയിലേക്ക് എത്തി. 2004-ല്‍ എലാന്‍ട്ര, 2005-ല്‍ ടൂസോണ്‍, 2006-ല്‍ വെര്‍ണ, 2007-ല്‍ ഐ10 എന്നിങ്ങനെ ആ നിര വളര്‍ന്നു. 2008 ആയതോടെ ഗെറ്റ്‌സ് നിരത്തൊഴിഞ്ഞു, പകരം ഐ20 എന്ന ഹാച്ച്ബാക്ക് എത്തി. 2009-ല്‍ മാത്രമാണ് ഹ്യുണ്ടായി പുതിയ മോഡലുകള്‍ അവതരിപ്പിക്കാതിരുന്നത്. 2010-പല വാഹനങ്ങള്‍ക്കും തലമുറ മാറ്റം സംഭവിച്ചിരുന്നു.

നിലവിലെ നിരയില്‍ ക്രെറ്റ, വെന്യു, വെര്‍ണ, ഓറ, i20, ഗ്രാന്‍ഡ് i10 നിയോസ്, ട്യൂസോണ്‍ തുടങ്ങിയ മോഡലുകൾ ഉണ്ട്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ 17.4 ശതമാനം വിപണി വിഹിതം കാര്‍ കമ്പനിക്ക് ലഭിച്ചു. എസ്‌യുവി ഉള്‍പ്പെടെ നിരവധി പാസഞ്ചര്‍ വാഹന വിഭാഗങ്ങളിലേക്ക് ഹ്യൂണ്ടായി വൈവിധ്യവത്കരിച്ചു. തുടർന്ന് വില്‍പ്പന -1,154 ഔട്ട്ലെറ്റുകള്‍ വഴിയും പോസ്റ്റ്-സെയില്‍സ് - 1,298 ഔട്ട്ലെറ്റുകളിലൂടെയും നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു.

'ഞങ്ങൾ ഇന്ന് വളരെയധികം അഭിമാനിക്കുന്നു. ഇന്ത്യയുടെ വാഹന വ്യവസായത്തിന്റെ കൂട്ടായ പരിണാമത്തിലേക്ക് നയിക്കുന്ന സുസ്ഥിരവും അഭിവൃദ്ധിയുമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞു," ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ എസ്.എസ് കിം പറഞ്ഞു. ഹ്യുണ്ടായി ഇതുവരെ 4 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചതായിയാണ് റിപ്പോർട്ട്. ഇൻഡ്യയിൽ നിന്ന് 88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം 2020 ഡിസംബറില്‍ 71,000 യൂണിറ്റുകളുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനം ഹ്യുണ്ടായി രേഖപ്പെടുത്തി.