ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതിയില്‍ പുതിയ റെക്കോഡിട്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കായി 30 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്‍താണ് ഹ്യുണ്ടായി പുതിയ റെക്കോഡിട്ടത്. 

1999-ലാണ് ഹ്യുണ്ടായി മോട്ടോഴ്‌സ് ഇന്ത്യന്‍ നിര്‍മിത കാറുകള്‍ കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചത്. സാന്‍ട്രോ, ഗ്രാന്റ് ഐ10, എക്‌സെന്റ്, നിയോസ്, ഓറ, എലൈറ്റ് ഐ20, ഐ20 ആക്ടീവ്, വെര്‍ണ, വെന്യു, ക്രെറ്റ എന്നീ പത്ത് മോഡലുകളാണ് ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.  

അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായിയുടെ പുത്തന്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ഓറ കൊളംബിയയിലേക്ക് കയറ്റുമതി ചെയ്തതോടെയാണ് കമ്പനി 30 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്‍തെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായത്. കമ്പനിയുടെ ചെന്നെയിലുള്ള ഫാക്ടറിയിലാണ് ഓറയുടെ നിര്‍മ്മാണം.  1999ല്‍ നേപ്പാളിലേക്ക് 20 സാന്‍ട്ര കാറുകള്‍ കയറ്റി അയച്ചുകൊണ്ടായിരുന്നു തുടക്കം. 2004 ഒക്ടോബറോടെ കയറ്റുമതി ഒരു ലക്ഷം കടന്നു.

2008 മാര്‍ച്ച് ആയപ്പോഴേക്കും കയറ്റുമതി അഞ്ചു ലക്ഷം കാറുകളുടേതായി. 2010 ഫെബ്രുവരിയില്‍ 10 ലക്ഷവും 2014 മാര്‍ച്ചില്‍ 20 ലക്ഷവും എത്തി. നിലവില്‍ 88 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഹ്യുണ്ടായി കയറ്റുമതി ചെയ്യുന്നുണ്ട്.