Asianet News MalayalamAsianet News Malayalam

എച്ച്ഡിഎഫ്‍സിയുമായി കൈകോര്‍ത്ത് ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്കായി എച്ച്ഡിഎഫ്‍സി ബാങ്കുമായി കൈകോര്‍ത്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.

Hyundai partners with HDFC for vehicle finance
Author
Mumbai, First Published Jun 20, 2020, 3:02 PM IST

ഉപഭോക്താക്കള്‍ക്കായി എച്ച്ഡിഎഫ്‍സി ബാങ്കുമായി കൈകോര്‍ത്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ ക്ലിക്ക് ടു ബൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വാഹനം വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു സഹകരണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി വാഹനം നേരിട്ട് കസ്റ്റമൈസ്ഡ് കാര്‍ ഫിനാന്‍സിംഗ്  സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

നിരവധി ഫിനാന്‍സിംഗ് പദ്ധതികളും ഇരുവരും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെ വാഹനം വാങ്ങുന്നവര്‍ക്ക് ബാങ്കില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി ഫിനാന്‍സിംഗ് സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഇതിലൂടെ സൗകര്യമുണ്ട്.

അതേസമയം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 15,000 -ല്‍ അധികം രജിസ്ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴി നടന്നുവെന്ന് കമ്പനി അറിയിച്ചു.

ഏഴ് ലക്ഷത്തില്‍ അധികം ആളുകള്‍ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയെന്നും കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.

കൂടുതല്‍ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ ഈ പദ്ധതി ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി ആരംഭിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 500 ഡീലര്‍ഷിപ്പുകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നതിനായി 2020 ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ക്ലിക്ക് ടു ബൈ എന്ന സംവിധാനത്തെ അവതരിപ്പിക്കുന്നത്. ഈ സംവിധനാത്തിലൂടെ പുതുതലമുറ ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാഹനം ബുക്കുചെയ്യുന്നത് മുതല്‍ ഡെലിവറി എടുക്കുന്നത് വരെയുള്ള നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം.  സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍നിന്ന് ഇഷ്ടമോഡല്‍, നിറം, വേരിയന്റ് തുടങ്ങിയവ തിരഞ്ഞെടുക്കാം. വാഹനത്തിന് ലഭിക്കുന്ന ഓഫറുകള്‍, ലോണ്‍ സൗകര്യം എന്നിവ സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ടാകും. വാഹനം വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായാല്‍ ഹ്യുണ്ടായി കാര്‍ വീട്ടിലെത്തിച്ച് നല്‍കും. രാജ്യത്ത് 500 -ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്. ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും.

Follow Us:
Download App:
  • android
  • ios