ഇലക്ട്രിക്ക് കാറുകളുടെ എണ്ണം മൂന്നിരട്ടിയോളം കൂട്ടാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ഇപ്പോള്‍ അഞ്ച് ഇലക്ട്രിക്ക് കാര്‍ വില്‍ക്കുന്ന സ്ഥാനത്ത് 2022 ആകുമ്പോഴേക്ക് 13 ആക്കാനാണ് കമ്പനിയുടെ നീക്കം. 

പുതിയ കാലത്തിന് അനുയോജ്യമായ ബദല്‍ പ്രൊപ്പല്‍ഷന്‍ സാധ്യത സഹിതമുള്ള, വൈവിധ്യമാര്‍ന്ന മോഡല്‍ ശ്രേണി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിന് അവബോധമേറുകയും ഉപയോക്താക്കള്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവ നിറവേറ്റാനുള്ള തയാറെടുപ്പാണ് നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. 

ആറു സെഡാനുകളും ഏഴു ക്രോസോവറുകളുമാവും പുതുതായി വൈദ്യുത വാഹന വിഭാഗത്തില്‍ ഹ്യുണ്ടായി അവതരിപ്പിക്കുക. വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയ്‌നുകളോടെയാവും ഈ പുതിയ ഇലക്ട്രിക്ക് കാറുകള്‍ എത്തുക.