Asianet News MalayalamAsianet News Malayalam

Hyundai electric vehicle 2022 : "എണ്ണ കുടിക്കും വണ്ടികള്‍ വേണ്ടേവേണ്ട.."വൈദ്യുതീകരണം ശക്തമാക്കാന്‍ ഹ്യുണ്ടായി

ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളേക്കാൾ പ്രധാനമായും ഇവികളിൽ തങ്ങളുടെ ബിസിനസ് കേന്ദ്രീകരിക്കുമെന്ന് ഹ്യുണ്ടായി പറയുന്നു. 

Hyundai plans to launching new EVs in 2022
Author
Mumbai, First Published Jan 6, 2022, 10:00 AM IST

ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി മോട്ടോർ ഗ്രൂപ്പ് (Hyundai Motor Group) ഈ വർഷം മോഡലുകളുടെ വൈദ്യുതീകരണ തന്ത്രം വേഗത്തിലാക്കാൻ പോകുകയാണെന്ന് റിപ്പോര്‍ട്ട്. ഇതിൽ ഹ്യൂണ്ടായി അയോണിക് 5, കിയ ഇവി6, പ്രീമിയം ബ്രാന്‍ഡായ ജെനെസിസിന്റെ ജിവി60 എന്നിവ ഉൾപ്പെടുന്നു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളേക്കാൾ പ്രധാനമായും ഇവികളിൽ തങ്ങളുടെ ബിസിനസ് കേന്ദ്രീകരിക്കുമെന്ന് ഹ്യുണ്ടായി പറയുന്നു. വൈദ്യുത വാഹനങ്ങളുടെ വിൽപ്പന ലക്ഷ്യം 2025-ൽ ഒരു ദശലക്ഷം യൂണിറ്റിൽ നിന്ന് 2026-ൽ 1.7 ദശലക്ഷം യൂണിറ്റായി വാഹന നിർമ്മാതാവ് ഉയർത്തിയിട്ടുണ്ട്. വൈദ്യുതീകരണ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുനഃസംഘടനയും നിക്ഷേപവും ഇതിനകം ആരംഭിച്ചതായി കമ്പനി അറിയിച്ചു.

പവർട്രെയിൻ ഡിവിഷന്റെ പേര് ഇലക്‌ട്രിഫിക്കേഷൻ ഡിവിഷൻ എന്നാക്കി മാറ്റി പുതിയതായി ബാറ്ററി വികസന കേന്ദ്രം സ്ഥാപിച്ചതായി ഹ്യുണ്ടായ് മോട്ടോർ അറിയിച്ചു. എഞ്ചിൻ വികസന കേന്ദ്രം ഒഴിവാക്കുന്നതിന് പകരം അത് വൈദ്യുതീകരണ വിഭാഗത്തിന് കീഴിലാക്കുമെന്നും ബ്രാൻഡ് കൂട്ടിച്ചേർത്തു.

എഞ്ചിനുകളുടെ വികസന പ്രവർത്തനങ്ങൾ തുടരുന്നതിനായി എഞ്ചിൻ വികസന കേന്ദ്രത്തിന് കീഴിലുള്ള ടീമുകളെ ഗവേഷണ വികസന കേന്ദ്രത്തിലെ വിവിധ ഓർഗനൈസേഷനുകളിലേക്ക് കമ്പനി മാറ്റി. കമ്പനിയുടെ വൈദ്യുതീകരണ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ പുനഃസംഘടന നടക്കുന്നതെന്ന് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

2021ല്‍ നാല് ദശലക്ഷം വാഹനങ്ങൾ വിൽക്കുകയെന്ന കമ്പനിയുടെ ലക്ഷ്യം പൂര്‍ണമായി വിജിയച്ചില്ലെന്നാണ് വിലിയരുത്തല്‍. 2021ല്‍ ആഗോള വിൽപ്പന 3.89 ദശലക്ഷം വാഹനങ്ങളാണെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നിലവിലുള്ള അർദ്ധചാലക ക്ഷാമമാണ് ഇടിവിന് കാരണമായി ബ്രാൻഡ് ചൂണ്ടിക്കാട്ടുന്നത്. നടപ്പുവർഷം 4.32 ദശലക്ഷം വാഹനങ്ങൾ വിൽക്കാനാണ് വാഹന നിർമാതാക്കളുടെ ലക്ഷ്യം.

ഈ വർഷം തങ്ങളുടെ വിപണി വിഹിതം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അർദ്ധചാലക വിതരണവും ഡിമാൻഡും സുസ്ഥിരമാക്കി ലാഭം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും കമ്പനി പ്രസ്‍താവനയിൽ പറഞ്ഞു. വാഹന ഉൽപ്പാദന ഷെഡ്യൂളുകൾ ക്രമീകരിക്കുകയും ഇലക്‌ട്രിക് വാഹന നിരയെ ശക്തിപ്പെടുത്തുകയും ചെയ്യും എന്നും കമ്പനി പറയുന്നു.

അതേസമയം 2028-ഓടെ ഇന്ത്യൻ വിപണിയിൽ 6 പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ BEV പ്ലാറ്റ്‌ഫോമായ E-GMP ഇന്ത്യയിൽ കൊണ്ടുവരും. 2028 വരെ 6 ഇലക്ട്രിക് വെഹിക്കിൾ ലൈനപ്പിന്റെ വിപുലീകരണത്തിനായി ഹ്യുണ്ടായ് ഏകദേശം 4000 കോടി രൂപ ഗവേഷണ-വികസനത്തിനായി നിക്ഷേപിക്കും. ഇന്ത്യയിലെ മാസ് മാർക്കറ്റ്, മാസ് മാർക്കറ്റ് പ്രീമിയം സെഗ്‌മെന്റുകൾ ഉൾപ്പെടെ ഒന്നിലധികം സെഗ്‌മെന്റുകളെ ഹ്യൂണ്ടായ് ലക്ഷ്യമിടുന്നു. 2028 ഓടെ എസ്‌യുവി ബോഡി ഷേപ്പ് ഉൾപ്പെടെ വ്യത്യസ്‍ത ബോഡി ശൈലിയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ ഹ്യുണ്ടായി പുറത്തിറക്കും. 

2019-ൽ കോന ഇലക്ട്രിക്കമായി ഇന്ത്യയിലെ ആദ്യ ഇവി അവതരിപ്പിച്ചത് ഹ്യുണ്ടായ് ആയിരുന്നു. എന്നാൽ കോനയിലൂടെ കൊറിയൻ കമ്പനിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കായി പുതിയ ഇവി പദ്ധതിയുമായി ഇപ്പോള്‍ ഹ്യുണ്ടായി എത്തിയത്. ഇൻഫ്രാ ചാർജിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2028 ഓടെ ആറ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2028-ഓടെ ആറ് ബാറ്ററി ഇലക്ട്രിക് വെഹിക്കിളുകളായി (ബിഇവി) ഇവി ലൈനപ്പ് വിപുലീകരിക്കാൻ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറയുന്നു. ഈ EV-കൾ മാസ് മാർക്കറ്റ്, മാസ് പ്രീമിയം എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിൽ വ്യാപിക്കുമെന്നും കൂടാതെ ഒരു എസ്‍യുവി, സെഡാൻ, സിയുവി (കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിൾ) എന്നിവ ഉൾപ്പെടും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയിൽ ഏതൊക്കെ ഇവി മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഇതില്‍ ആദ്യത്തേത് അയോണിക്ക് 5 ആയിരിക്കും, എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വർഷം പകുതിയോടെ ഒരു CBU ആയി ഈ വാഹനത്തെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ഒപ്പം, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കോന ഇലക്ട്രിക്ക് ഇവിടെ അസംബിൾ ചെയ്യാനും കമ്പനിക്ക് നീക്കമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Follow Us:
Download App:
  • android
  • ios