2020 നവംബര്‍ ആദ്യവാരമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയാണ് മൂന്നാംതലമുറ ഹ്യുണ്ടായി i20ക്ക് ഇന്ത്യയിൽ ലഭിക്കുന്നത്. വെറും രണ്ട് മാസത്തിനുള്ളിൽ പ്രീമിയം ഹാച്ച്ബാക്കിന് 35,000 ബുക്കിംഗുകളാണ് ലഭിച്ചതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇതുവരെ 8000 യൂണിറ്റ് കാറുകൾ വിറ്റതായും ഹ്യുണ്ടായി പറയുന്നു.

നേരത്തെ പുതിയ ഐ20യുടെ ബുക്കിംഗ് തുടങ്ങി വെറും 20 ദിവസത്തിൽ 20000 ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. 6.79 ലക്ഷം മുതൽ 11.17 ലക്ഷം രൂപ വരെയാണ് പുതിയ ഐ20യുടെ വില. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടായ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാണ് പുത്തന്‍ ഐ20. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇസഡ് രൂപത്തിൽ ഇൻസേർട്ടുകളുള്ള എൽഇഡി ടെയിൽ ലാംപുകൾ, ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകൾ, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകൾ എന്നിവ പുതിയ ഐ20യിൽ ഒരുങ്ങുന്നു. സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ എന്നീ എൻജിനുകളാണ് പുതിയ ഐ20യിൽ.

പെട്രോൾ, ഡീസൽ എൻജിനുകളിൽ മാനുവൽ, ഐവിടി, ഡിസിടി, ഐഎംടി ഗിയർബോക്സുകളിൽ വാഹനം എത്തുന്നു. സെഗ്മെന്റിൽ ആദ്യമായി ഐഎംടി(ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ)യും പുതിയ ഐ20യിലൂടെ എത്തുന്നു. മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത ഓപ്ഷൻ എന്നീ വകഭേദങ്ങളിലായി മൂന്നു എൻജിൻ ഓപ്ഷനോടു കൂടിയാണ് പുതിയ ഐ20 വിപണിയിലെത്തിയത്. 

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൽട്രോസ്, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങിയവരാണ് പുതിയ ഐ20യുടെ എതിരാളികള്‍.