Asianet News Malayalam

ഹ്യുണ്ടായി അല്‍ക്കസറിന്‍റെ പുതിയ വിവരങ്ങള്‍ പുറത്ത്

വരാനിരിക്കുന്ന അല്‍ക്കസര്‍ എസ്‌യുവിയുടെ ഡിസൈന്‍ സംബന്ധിച്ച രേഖാചിത്രങ്ങള്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടതായാി റിപ്പോര്‍ട്ടുകള്‍

Hyundai showcases design sketches of Alcazar
Author
Mumbai, First Published Mar 24, 2021, 4:18 PM IST
  • Facebook
  • Twitter
  • Whatsapp

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലാണ് ക്രെറ്റ. ഈ വാഹനത്തിന്‍റെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്ന് കമ്പനിയെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.  ഈ പുത്തൻ 7 സീറ്റർ എസ്‌യുവിയുടെ വരവ് കമ്പനി സ്ഥിരീകരിച്ചതായും അൽകാസർ എന്നാണ് ഈ എസ്‌യുവിയുടെ പേരെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ വരാനിരിക്കുന്ന അല്‍ക്കസര്‍ എസ്‌യുവിയുടെ ഡിസൈന്‍ സംബന്ധിച്ച രേഖാചിത്രങ്ങള്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ലുക്ക് സംബന്ധിച്ച സൂചന തരുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ട രേഖാചിത്രങ്ങള്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ഭാഗം മുതല്‍ സി പില്ലര്‍ വരെ ക്രെറ്റയുമായി വളരെ സാമ്യമുള്ളതാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. എന്നാല്‍ പിന്‍വശം, റിയര്‍ ക്വാര്‍ട്ടര്‍ ഭാഗം എന്നിവിടങ്ങള്‍ ക്രെറ്റയുമായി വളരെ വ്യത്യാസമുള്ളതായി കാണാം.

വീല്‍ബേസിന് തീര്‍ച്ചയായും നീളം കൂടുതലായിരിക്കും. പിറകിലെ ഓവര്‍ഹാംഗ് ചെറുതായി. ബൂട്ട് ഗേറ്റിന് പുതിയ ഡിസൈന്‍, പുതുതായി റാപ്പ്എറൗണ്ട് ടെയ്ല്‍ലൈറ്റുകള്‍ എന്നിവ നല്‍കിയതോടെ പിന്‍ഭാഗം പൂര്‍ണമായും പുതിയതാണ്. അതായത്, ക്രെറ്റയുമായി പിന്‍ഭാഗം താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. പിറകിലെ ബംപറില്‍ തടിച്ച സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്നു. ഇതോടെ, ഡിസൈന്‍ ഭാഷ അനുസരിച്ച് കൂടുതല്‍ കായബലമുള്ളവനാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ അല്‍പ്പം നിവര്‍ന്നതായി കാണാം. ഹ്യുണ്ടായ് വെന്യൂവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അലോയ് വീലുകളുടെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ ഹ്യുണ്ടായ് അല്‍ക്കസര്‍ ഉപയോഗിക്കുന്നത് 17 ഇഞ്ച് അലോയ് വീലുകളായിരിക്കുമെന്നാണ് പ്രതീക്ഷ. അളവുകളുടെ കണക്കെടുത്താല്‍, ഹ്യുണ്ടായ് ക്രെറ്റയേക്കാള്‍ 30 എംഎം നീളം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീല്‍ബേസിന് 20 എംഎം നീളം വര്‍ധിക്കും.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഈ ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ ക്രെറ്റ എത്തിന്നുണ്ട്. ഇതിന് ആനുപാതികമായി വാഹനത്തിന്റെ നീളത്തിലും വീല്‍ബേസിലും മാറ്റം വരുത്തിയേക്കും. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ ഏറ്റവും പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

ആറ്, ഏഴ് സീറ്റിംഗ് ഓപ്ഷനുകളില്‍ മൂന്നുനിര സീറ്റുകളോടുകൂടിയ എസ്‌യുവി വിപണിയിലെത്തും. 6 സീറ്റര്‍ വേര്‍ഷനിലെ രണ്ടാമത്തെ നിരയില്‍ നടുവില്‍ ആംറെസ്റ്റ് സഹിതം ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും. 7 സീറ്റര്‍ വേര്‍ഷനിലെ മധ്യ നിരയില്‍ 60:40 സ്പ്ലിറ്റ് അനുപാതത്തോടെ ബെഞ്ച് സീറ്റ് നല്‍കും. വാഹനത്തികത്തെ അവശേഷിക്കുന്ന രൂപകല്‍പ്പന ക്രെറ്റയില്‍ കണ്ടതുതന്നെയായിരിക്കും. ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ ടെക് സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, 360 ഡിഗ്രി കാമറ, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ ഫീച്ചറുകളായിരിക്കും.

ഹ്യൂണ്ടായ് അൽകാസറിലും 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ, 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ എൻജിനുകൾ തന്നെയാവും ലഭിക്കുക. എംജി ഹെക്ടറും (5 സീറ്റർ), ഹെക്ടർ പ്ലസും (7 സീറ്റർ) പോലെയാണ് അൽകാസറിന്റെയും വരവും. ക്രെറ്റയിൽ നിന്നും വ്യത്യസ്തമായ വലിപ്പം കൂടിയ ഗ്രിൽ, നീളം കൂടിയ ബോഡി പാനലുകൾ, റീഡിസൈൻ ചെയ്ത ടെയിൽ ലാമ്പും, പിൻ ബമ്പറുകളും അൽകാസറിൽ ഉൾപ്പെടും. അൽകാസറിന് നീളവും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്.

2021 പകുതിയോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം മുതലായിരിക്കും വില തുടങ്ങുന്നത്. ടാറ്റ ഗ്രാവിറ്റാസ്, എക്സ് യുവി500 ഹെക്ടർ പ്ലസ് എന്നിവർ അടങ്ങുന്ന വിഭാഗത്തിലേയ്ക്കാണ് എത്തുന്നതെങ്കിലും ടൊയോട്ട ഇന്നോവയ്ക്ക് ആയിരിക്കും പുത്തന്‍ ക്രെറ്റ അഥവാ അല്‍കാസര്‍ പ്രധാനമായും വെല്ലുവിളിയാകുക. 2021 ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് തുടങ്ങിയവരും എതിരാളികളായേക്കും. 

Follow Us:
Download App:
  • android
  • ios