ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഏഴ് സീറ്റര്‍ എംപിവി അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  പുത്തൻ വാഹനത്തിനായി സ്റ്റാറിയ എന്ന പേര് ഹ്യുണ്ടായ് ഇന്ത്യയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‍തിരുന്നു. ഒരു വർഷത്തിനിപ്പുറം ഹ്യുണ്ടായി ആഗോള വിപണിയിൽ അതേപേരിൽ ഒരു പ്രീമിയം എംപിവി അവതരിപ്പിച്ചിരിക്കുകയാണെന്ന്  ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദക്ഷിണേഷ്യൻ വിപണികളിൽ വില്‍പ്പനയിലുള്ള സ്റ്റാറെക്‌സ് എംപിവിയുടെ പിൻഗാമിയായാണ് സ്റ്റാറിയ എംപിവിയെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയാണ് ഈ വാഹനത്തിന്‍റെ മുഖ്യ എതിരാളി.  സ്റ്റാര്‍, റിയ എന്നീ രണ്ട് വാക്കുകള്‍ സംയോജിപ്പിച്ചാണ് സ്റ്റാറിയ എന്ന പേര് നല്‍കിയിട്ടുള്ളത്. ഭാവിയിലേക്കുള്ള വാഹനമായാണ് സ്റ്റാറിയ എം.പി.വി. എത്തുകയെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. 

ഹ്യുണ്ടായി സ്റ്റാറിയയുടെ എൻജിൻ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ചിത്രങ്ങളിൽ റെയിൽ ഗെയ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന 3.5 ബാഡ്ജിങ് 3.5-ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ എൻജിൻ ലഭിച്ചേക്കുമെന്ന് വ്യക്തമാക്കുന്നു. എന്നാൽ, റിപ്പോർട്ട് പ്രകാരം സ്റ്റാറിയയെ ഹ്യുണ്ടേയ് ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ ഈ എഞ്ചിന് പകരം ഡിസ്പ്ലേസ്‌മെന്റ് കുറഞ്ഞ എൻജിൻ നൽകിയേക്കും.

വാഹനത്തിന്റെ അത്രയ്ക്കും തന്ന വീതിയുള്ള ഡേടൈം റണ്ണിങ് ലൈറ്റ് ആണ് പ്രധാന ആകർഷണം. താഴെയായി വലിപ്പമേറിയ ദീഘചതുരാകൃതിയിലുള്ള ഗ്രില്ലും ഗ്രില്ലിനകത്ത് രണ്ട് വശങ്ങളായിലായി എൽഇഡി ഹെഡ്‍ലാംപുകളും ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ സ്റ്റാറിയ എത്തുന്നു. പ്രീമിയം പതിപ്പിൽ മുൻ ഗ്രില്ലിനോട് യോജിക്കും വിധമുള്ള ഡയമണ്ട് പാറ്റേൺ ആണ്. ഡ്യുവൽ ടോൺ അലോയ് വീലുകൾ, വളരെ താഴെയായി ക്രമീകരിച്ചിരിക്കുന്ന വിൻഡോ ലൈൻ, സ്ലൈഡിങ് ആയ പിൻ നിരയിലേക്കുള്ള ഡോർ, കുത്തനെ ക്രമീകരിച്ചിരിക്കുന്ന ടെയിൽ ലാംപ് എന്നിവയാണ് മറ്റു സവിശേഷതകൾ.‌

11 സീറ്റർ കോൺഫിഗറേഷനിൽ വരെ ലഭ്യമായ ഹ്യുണ്ടേയ് സ്റ്റാറിയയുടെ 7 സീറ്റർ പതിപ്പാണ് ഏറ്റവും പ്രീമിയം. പ്രീമിയം പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. കൂടാതെ, കാലുകൾ വയ്ക്കാൻ പ്രത്യേകം സീറ്റ് എക്സ്റ്റൻഡറുമുണ്ട്. സ്റ്റേറിയയുടെ ഇന്റീരിയർ ഒരു കപ്പലിന്റെ കോക്ക്പിറ്റ് അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഹ്യുണ്ടേയ്യുടെ അവകാശവാദം. മുൻ നിരയിലെ സീറ്റുകൾക്കിടയിൽ ടണൽ ഇല്ല എന്നാണ് പ്രേത്യേകത. ഗിയർബോക്‌സ് ലിവർ ഡാഷ്ബോർഡിന്റെ അടിഭാഗത്തായി ക്രമീകരിച്ചത് മൂലമാണിത്. ലേയറുകൾ ആയി ക്രമീകരിച്ചിരിക്കുന്ന ഡാഷ്‌ബോർഡിന്റെ ആകർഷണം ഒത്തനടുക്കുള്ള 10.25-ഇഞ്ച് ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ആണ്. ഡ്യുവൽ ടോൺ, അപ്ഹോൾസ്റ്ററി ആംബിയന്റ് ലൈറ്റിങ് എന്നിവയും ഹ്യുണ്ടേയ് സ്റ്റാറിയയിലുണ്ട്.

പുതിയ എം.പി.വി ഹ്യുണ്ടായിയുടെ ഇന്തൊനേഷ്യന്‍ ഫാക്ടറിയിലും നിര്‍മിക്കുമെന്നാണ് സൂചന. ലാവോസ്, മലേഷ്യ, കൊളംമ്പിയ തുടങ്ങിയ രാജ്യങ്ങളിലും സ്റ്റാറിയ എന്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇന്ത്യയില്‍ ടൊയോട്ട ഇന്നോവയെ കൂടാതെ മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ മോഡലുകളായിരിക്കും ഹ്യുണ്ടായിയുടെ ഈ പുതിയ എം പി വിയുടെ എതിരാളികൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ രണ്ടാമത്തെ വലിയ യാത്ര വാഹന നിർമ്മാതാക്കൾ ആണെങ്കിലും ഇന്ത്യയുടെ എംപിവി സെഗ്മെന്റിൽ ഹ്യുണ്ടേയ്ക് വാഹനങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ സ്റ്റാറിയയുടെ വരവ് ഇന്നോവയ്ക്ക് വന്‍ ഭീഷണിയായേക്കും എന്നാണ് വാഹനലോകം കരുതുന്നത്.  ദക്ഷിണേഷ്യൻ വിപണികളിൽ സ്റ്റാറിയയുടെ മുൻഗാമി സ്റ്റാറെക്‌സിന്‍റെ എതിരാളികളിൽ പ്രധാനിയാണ് ടൊയോട്ട ഹൈഎയ്‌സ്. ഈ മോഡല്‍ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലെത്തിയതെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.