Asianet News MalayalamAsianet News Malayalam

വെന്യു വാങ്ങാന്‍ ക്യൂ, വണ്ടി വീട്ടിലെത്തണമെങ്കില്‍ മൂന്നുമാസം കാക്കണം!

വിപണിയിലും നിരത്തിലും കുതിച്ചുപാഞ്ഞ് ഹ്യുണ്ടായി വെന്യു.

Hyundai Venue Booking Status
Author
Mumbai, First Published Nov 13, 2019, 3:57 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന കോംപാക്ട് എസ്‍യുവിയെ വിപണയിലെത്തിക്കുന്നത്.  വിപണിയിലും നിരത്തിലും കുതിച്ചുപായുകയാണ് വെന്യു.

അഞ്ച് മാസത്തിനുള്ളില്‍ ബുക്കിങ്ങ് 75,000 കടന്നെന്നും 42681 യൂണിറ്റുകള്‍ നിരത്തിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ വാഹനം ലഭിക്കാന്‍ മൂന്നു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.  1.0 ലിറ്റര്‍ എന്‍ജിന്‍ ഡ്യുവല്‍ ക്ലെച്ച് മോഡലിനാണ് ആവശ്യക്കാരേറെയും. ഈ മോഡലിന്‍റെ മാനുവല്‍ മോഡലിന് എട്ട് ആഴ്ചയും ഡീസല്‍ മോഡലിന് ആറ് ആഴ്ചയും, SX(O), SX എന്നിവയ്ക്ക് രണ്ട് ആഴ്ചയുമാണ് കാത്തിരിപ്പ്. വെന്യുവിന്റെ 13 പതിപ്പുകളില്‍ എസ് വേരിയന്റിനാണ് നിലവില്‍ ഏറ്റവും ആവശ്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. 

6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios