Asianet News MalayalamAsianet News Malayalam

ഈ വണ്ടിയുടെ ബുക്കിംഗ് ഒരുലക്ഷം കവിഞ്ഞു, അമ്പരപ്പില്‍ വണ്ടിക്കമ്പനികള്‍!

ഈ വാഹനത്തിന്‍റെ ഇന്ത്യന്‍ വിപണിയിലെ കുതിപ്പ് തുടരുന്നു

Hyundai Venue Cross 1 lakh bookings
Author
Mumbai, First Published Jan 3, 2020, 10:56 AM IST

ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്‌കോംപാക്റ്റ് എസ്‌യുവി വെന്യുവിന്‍റെ ഇന്ത്യന്‍ വിപണിയിലെ കുതിപ്പ് തുടരുന്നു. ഇതുവരെയായി ഒരു ലക്ഷത്തിലധികം ബുക്കിംഗ് സ്വീകരിച്ചതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 2019 മെയ് മാസത്തിലാണ് ഹ്യുണ്ടായ് വെന്യൂ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് പ്രതിമാസം മികച്ച രീതിയിലാണ് വില്‍പ്പന നടക്കുന്നത്. ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ നല്‍കിയ എസ്എക്‌സ് ഡിസിടി, എസ്എക്‌സ്(ഒ) ട്രിമ്മുകളാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ ഇന്ത്യയിലെ ആകെ ഉപയോക്താക്കളില്‍ അമ്പത് ശതമാനത്തോളം പേര്‍ ഈ ട്രിമ്മുകള്‍ തെരഞ്ഞെടുക്കുന്നുതായി കമ്പനി പറയുന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത വെന്യൂ എസ്‌യുവിയുടെ കയറ്റുമതി ഈയിടെ ആരംഭിച്ചിരുന്നു. 1,400 കാറുകള്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്കാണ് കയറ്റി അയച്ചത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (ആര്‍എച്ച്ഡി) വിപണികള്‍ കൂടാതെ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വിപണികള്‍ക്കായി ഭാവിയില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് (എല്‍എച്ച്ഡി) ഹ്യുണ്ടായ് വെന്യൂ എസ്‌യുവികള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യും. എല്‍എച്ച്ഡി മോഡല്‍ നിലവില്‍ വികസിപ്പിച്ചുവരികയാണ്.

അടുത്തിടെ 2020 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വെന്യു സ്വന്തമാക്കിയിരുന്നു. മാരുതി സുസുക്കി സ്വിഫ്റ്റിനെ മറികടന്നായിരുന്നു ഹ്യുണ്ടായ് വെന്യുവിന്‍റെ ഈ നേട്ടം. പുതുതായി വിപണിയിലെത്തിയ മറ്റ് പത്ത് കാറുകളില്‍നിന്നുള്ള കടുത്ത മല്‍സരം അതിജീവിച്ചാണ് ഹ്യുണ്ടായ് വെന്യു വിജയമുറപ്പിച്ചത്. കിയ സെല്‍റ്റോസ്, റെനോ ട്രൈബര്‍, ഹോണ്ട സിവിക്, മാരുതി സുസുക്കി എസ്-പ്രെസോ, എംജി ഹെക്ടര്‍, മാരുതി സുസുകി വാഗണ്‍ആര്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, നിസാന്‍ കിക്‌സ്, ടാറ്റ ഹാരിയര്‍ എന്നീ പുതുമുഖങ്ങള്‍ക്കൊന്നും ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാന്‍ കഴിഞ്ഞില്ല.

2019 മെയ് 21നാണ് വെന്യുവിനെ വിപണയിലെത്തിക്കുന്നത്.   6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് വെന്യൂ ലഭിക്കുന്നത്.  118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  

മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios