Asianet News MalayalamAsianet News Malayalam

Hyundai Venue : 30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

വിപണിയില്‍ അവതരിപ്പിച്ച് ആദ്യത്തെ ആറ് മാസങ്ങളിൽ വാഹനം 50,000 വിൽപ്പന നേടി എന്നാണ് കണക്കുകള്‍. പിന്നീടുള്ള മാസങ്ങളിൽ ഡിമാൻഡ് അൽപ്പം കുറഞ്ഞെങ്കിലും - 15 മാസത്തിനുള്ളിൽ 1,00,000, 25 മാസത്തിനുള്ളിൽ 2,00,000, 31 മാസത്തിനുള്ളിൽ 2,50,000 എന്നിങ്ങനെ വാഹനം വിപണിയില്‍ കുതിച്ചു.

Hyundai Venue crosses 2.5 lakh sales in 30 months
Author
Mumbai, First Published Dec 23, 2021, 3:35 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ (Hyundai) ആദ്യ കോംപാക്റ്റ് എസ്‌യുവിയായ വെന്യു (Hyundai Venue), ഇന്ത്യയിൽ 2,50,000 യൂണിറ്റ് എന്ന വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. വിപണിയില്‍ എത്തി 31 മാസങ്ങൾക്ക് ശേഷമാണ് ഈ നാഴികക്കല്ല് പിന്നിടുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 6.50 ലക്ഷം രൂപയിൽ തുടങ്ങി 11.10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിലായിരുന്നു 2019 മെയ് 21ന് രാജ്യത്ത് ഹ്യുണ്ടായി വെന്യുന്‍റെ ആദ്യാവതരണം.

വിപണിയില്‍ അവതരിപ്പിച്ച് ആദ്യത്തെ ആറ് മാസങ്ങളിൽ വാഹനം 50,000 വിൽപ്പന നേടി എന്നാണ് കണക്കുകള്‍. പിന്നീടുള്ള മാസങ്ങളിൽ ഡിമാൻഡ് അൽപ്പം കുറഞ്ഞെങ്കിലും - 15 മാസത്തിനുള്ളിൽ 1,00,000, 25 മാസത്തിനുള്ളിൽ 2,00,000, 31 മാസത്തിനുള്ളിൽ 2,50,000 എന്നിങ്ങനെ വാഹനം വിപണിയില്‍ കുതിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ എതിരാളികള്‍ മത്സരിക്കുന്ന സെഗ്മെന്‍റിലാണ് ഹ്യുണ്ടായി വെന്യുവിന്‍റെ ഈ നേട്ടം എന്നതും ശ്രദ്ധയമാണ്.  മഹീന്ദ്ര XUV300, കിയ സോണറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, ടാറ്റ പഞ്ച് തുടങ്ങിയ മോഡലുകളും വെന്യുവിന് എതിരാളികളായി.  ഓട്ടോ കാര്‍ പ്രൊഫഷണലിന്‍റെ ഡാറ്റ അനലിറ്റിക്‌സ് അനുസരിച്ച്, ലോഞ്ച് ചെയ്‍ത് മുതൽ 2021 നവംബർ അവസാനം വരെ, വെന്യു 1,81,829 പെട്രോളും 68,689 ഡീസൽ വേരിയന്റുകളും ഉൾപ്പെടെ 2,50,518 യൂണിറ്റ് വിൽപ്പന നടത്തി എന്നാണ് കണക്കുകള്‍.

2019 മെയ് 21നാണ് സബ്‌കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് വെന്യുവിനെ കമ്പനി അവതരിപ്പിക്കുന്നത്. ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്‍യുവിയായാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുണ്ട് വാഹനത്തില്‍.  വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വിൽപ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്. മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.  2020-ലെ കാർ ഓഫ് ദി ഇയർ പുരസ്‍കാരം വെന്യുവിന് ലഭിച്ചിരുന്നു.  

പുതിയൊരു വെന്യുവിന്‍റെ പണിപ്പുരയിലാണ് ഹ്യുണ്ടായി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വെന്യു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിദേശത്ത് പരീക്ഷണത്തില്‍ ആണെന്നും അടുത്ത വർഷം രാജ്യത്ത് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കുമ്പോൾ വെന്യൂവിന്റെ എൻ-ലൈൻ പതിപ്പും ഹ്യൂണ്ടായ് ഉൾപ്പെടുത്തിയേക്കാം എന്നുമാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ഓട്ടോസ്‌പി പുറത്തുവിട്ട സ്‌പൈ ഷോട്ടുകൾ, എസ്‌യുവിയുടെ പൂർണ്ണമായും പരിഷ്‌കരിച്ച പിൻഭാഗം കാണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിൽ പുതുതായി രൂപകൽപ്പന ചെയ്‌ത ടെയിൽഗേറ്റ്, പുതിയ ബമ്പർ, പുനർരൂപകൽപ്പന ചെയ്‌ത ടെയിൽലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ക്രോം പൂശിയ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും സ്പൈ ഷോട്ടുകളിൽ കാണുന്ന അലോയ് വീലുകളും വെന്യുവിന്‍റെ എൻ-ലൈൻ പതിപ്പും ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകുന്നു. ഹ്യുണ്ടായിയിൽ നിന്നുള്ള എൻ-ലൈൻ മോഡലുകളിൽ ഈ സവിശേഷതകൾ കാണാം. വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻഭാഗം പുനർരൂപകൽപ്പന ചെയ്‍ത ഗ്രിൽ, പുനർരൂപകൽപ്പന ചെയ്‍ത ബമ്പർ, കൂടാതെ പുതിയ ഹെഡ്‌ലൈറ്റുകൾ എന്നിവയുമായി വരാൻ സാധ്യതയുണ്ട്. പുതിയ തലമുറ വെന്യുവിന്‍റെ ക്യാബിനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്റീരിയർ കളർ തീം, സീറ്റുകൾക്കുള്ള പുതിയ മെറ്റീരിയലുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയ്‌ക്കൊപ്പം വെന്യൂ സബ്-കോംപാക്റ്റ് എസ്‌യുവിയുടെ ക്യാബിന് ചില കോസ്‌മെറ്റിക് മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വെന്യൂ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ സവിശേഷതകളുമായി വരാം.

അതേസമയം ഹ്യുണ്ടായിയുടെ ഇന്ത്യന്‍ പദ്ധതികളെപ്പറ്റി കൂടുതല്‍ പറയുകയാണെങ്കില്‍, അടുത്തിടെ, 2028-ഓടെ ആറ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഏതൊക്കെ EV മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആദ്യത്തേത് അയോണിക്ക് 5 ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios