Asianet News MalayalamAsianet News Malayalam

എത്തി; ക്ലച്ച് പെഡല്‍ ഇല്ലാത്ത, ഗിയറുള്ള വെന്യു!

ജനപ്രിയ മോഡല്‍ വെന്യുവിന്‍റെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്‍മിഷന്‍ (iMT) മോഡൽ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ പുത്തന്‍ ചുവടുവയ്‍പ്. 

Hyundai Venue launched with clutchless manual transmission
Author
mumbai, First Published Jul 22, 2020, 2:51 PM IST

മാനുവല്‍ ഗിയറുകളുള്ള കാറുകളിൽ നിന്നും ക്ലച്ച് പെഡലുകൾ ഓർമയാകുന്ന കാലത്തിന് തുടക്കം കുറിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ജനപ്രിയ മോഡല്‍ വെന്യുവിന്‍റെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്‍മിഷന്‍ (iMT) മോഡൽ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ പുത്തന്‍ ചുവടുവയ്‍പ്. 

SX, SX (O), SX സ്പോർട്ട്, SX (O) സ്പോർട്ട് എന്നിങ്ങനെ നാല് വേരിയന്റുകളിലായി 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനില്‍ മാത്രമേ നലിവില്‍ ഇന്റലിജന്റ് മാനുവൽ ട്രാൻസ്‍മിഷൻ പതിപ്പ് ലഭ്യമാകൂ. 9.99 ലക്ഷം രൂപയാണ് പുതിയ ഗിയർബോക്സ് സംവിധാനത്തോടു കൂടി എത്തുന്ന വെന്യുവിന്റെ എക്സ്ഷോറൂം വില.

വെന്യുവിലെ ടോപ്പ് സെല്ലിങ്ങ് മോഡലായ 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ പതിപ്പിനൊപ്പമാണ് ഐഎംടി ട്രാന്‍സ്മിഷന്‍ നല്‍കുക. ക്ലച്ച് ഇല്ലാതെയുള്ള മാനുവല്‍ സംവിധാനമാണ് ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍. ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായാണ് ക്ലച്ചില്ലാത്ത മാനുവൽ ട്രാൻസ്‍മിഷന്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാപ്പ 1 ലീറ്റർ ടി–ജിഡിഐ പെട്രോൾ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷന് ഒപ്പമായിരിക്കും ഐഎംടി അവതരിപ്പിക്കുക. 

സ്‌പോർട്‌സ് വേരിയന്റിൽ ലഭ്യമാകുന്ന ഹ്യുണ്ടായി വെന്യുവിന്റെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ മോഡലിൽ ടൈറ്റൻ ഗ്രേയുടെ പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷൻ, ഫാന്റം ബ്ലാക്ക് റൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, റെഡ് ഇൻസേർട്ടിനൊപ്പം ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, റെഡ് ഡാർക്ക് ഗ്രേ റൂഫ് റെയിൽ എന്നിവ ഇടംപിടിക്കുന്നു.

അതോടൊപ്പം വീൽ ആർച്ചുകളിലും ബോഡി സൈഡ് മോൾഡിംഗിലും റെഡ് ഉൾപ്പെടുത്തലുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഡാർക്ക് ഗ്രേ അപ്ഹോൾസ്റ്ററി, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് എന്നീ സവിശേഷതകളും ലഭ്യമാകും.

ഐഎംടി ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള വെന്യുവില്‍ ആറ് സ്പീഡ് എച്ച് പാറ്റേണ്‍ ഗിയര്‍ ലിവര്‍ നല്‍കും.  ഇൻടെൻഷൻ സെൻസർ, ഹൈഡ്രോളിക് അക്ചുവേറ്റർ, ട്രാൻസ്മിഷൻ കണ്‍ട്രോൾ യൂണിറ്റ് എന്നിവ അടങ്ങിയ ട്രാൻസ്മിഷൻ ഗിയർ ഷിഫ്റ്റാണ് ഐഎംടി സാങ്കേതികതയിലുള്ളത്. ഡ്രൈവർ ഗിയർ മാറ്റാൻ തുടങ്ങുമ്പോൾതന്നെ സെൻസറുകൾ ക്ലച്ച് പ്രവർത്തിപ്പിക്കുന്നു. ഇതിലൂടെ ഡ്രൈവർക്ക് ക്ലച്ച് അമർത്താതെ തന്നെ ഗിയർമാറ്റി വാഹനം ഓടിക്കാം.

സെല്‍സര്‍ സംവിധാനമാണ് ഐഎംടിയുടെ അടിസ്ഥാനം. ടിജിഎസ് ലിവര്‍ ഇന്റന്‍ഷന്‍ സെന്‍സറില്‍ നിന്നുള്ള സിഗ്നല്‍ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റിലെത്തും. ഈ സിഗ്നല്‍ ടിസിയു ഹൈഡ്രോളിക് പ്രഷറായി ക്ലെച്ച് ട്യൂബിലൂടെ കോണ്‍സെന്‍ട്രിക് സ്ലേവ് സിലിണ്ടറിലേക്ക് (സിഎസ്‌സി) മാറ്റുന്നു. തുടര്‍ന്ന് സിഎസ്‌സി ക്ലെച്ചിലേക്കും പ്രഷര്‍ പ്ലേറ്റിലേക്കുമുള്ള മര്‍ദ്ദം നിയന്ത്രിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കു ക്ലെച്ച് അമര്‍ത്താതെ ഗിയര്‍ മാറാന്‍ സാധിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഉപയോഗിച്ചിരിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയാണ് ഇതിലുമുള്ളത്. എന്നാല്‍, എഎംടിയില്‍ ഗിയര്‍ മാനുവലായി മാറേണ്ട ആവശ്യമില്ലെങ്കില്‍ എഎംടിയില്‍ ഗിയര്‍ മാനുവലായി ചേഞ്ച് ചെയ്യണം. നിലവിലെ വെന്യുവിന്റെ ഡിസിടി ട്രാന്‍സ്മിഷന്‍ പതിപ്പിലേത് പോലെ ആക്‌സിലറേറ്ററും ബ്രേക്കും മാത്രമായിരിക്കും പുതിയ മോഡലിലുമുണ്ടാകുക.  ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സോണറ്റും ക്ലെച്ച് ലൈസ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019 മെയ് 21നാണ് സബ്‌കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് വെന്യുവിനെ കമ്പനി അവതരിപ്പിക്കുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലേക്ക് എത്തിയത്. ഇന്ത്യൻ നിരത്തുകളിൽ വെന്യുവിന്റെ 97,400 യൂണിറ്റുകള്‍ എത്തിയപ്പോൾ 7400 യൂണിറ്റാണ് കടൽ കടന്നത്.

ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്‍യുവിയായാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുണ്ട് വാഹനത്തില്‍.  വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വിൽപ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്.മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.  2020-ലെ കാർ ഓഫ് ദി ഇയർ പുരസ്‍കാരം വെന്യുവിന് ലഭിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios