ജനപ്രിയ മോഡല്‍ വെന്യുവിന് ജന്മനാടായ ദക്ഷിണ കൊറിയയിൽ ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പാക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി. വാഹനത്തിന്റെ എക്സ്ക്ലൂസീവ് ഹോട്ട്-സ്റ്റാമ്പ് റേഡിയേറ്റർ ഗ്രില്ലാണ് പ്രധാന ആകർഷണം. ക്രോം നിറച്ച ഗ്രില്ലിന്റെ പാറ്റേൺ മെർസിഡീസ് ബെൻസിന്റെ ഡയമണ്ട്-പാറ്റേൺ ഗ്രില്ലിനെയും എം‌ജിയുടെ സ്റ്റാർ-റൈഡറിനെയും സ്റ്റാർ‌ലൈറ്റ് മാട്രിക്സ് ഗ്രില്ലിനെയും അനുസ്മരിപ്പിക്കുന്നതാണ്.

ഫ്ലക്സ് എക്സ്ക്ലൂസീവ് കളർ സ്കീമിൽ സി പില്ലറിൽ ഒരു പ്രത്യേക വൃത്താകൃതിയിലുള്ള ബാഡ്ജ്എസ്‌യുവിക്ക് ലഭിക്കുന്നു. സാധാരണ മോഡലിൽ മറ്റ് കളർ സ്കീമുകളിൽ ഇതേ ബാഡ്ജ് ഒരു ആക്സസറിയായി തെരഞ്ഞെടുക്കാൻ സാധിക്കും.

ഡ്രൈവ് മോഡ് ഡയൽ, ക്ലൈമറ്റ് കൺട്രോൾ ഡയലുകൾ, എയർ വെന്റ് അഡ്ജസ്റ്ററുകൾ, ഒരേ നിറത്തിൽ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് തുടങ്ങി വിവിധ ഘടകങ്ങളിൽ പ്രത്യേക കളർ ഹൈലൈറ്റുകൾ ഹ്യുണ്ടായി വെന്യു ഫ്ലക്സിന്‍റെ അകത്തളം. 

ഫ്ലക്സ് വേരിയന്റിന് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. ദക്ഷിണ കൊറിയയിൽ നിർമിച്ച ഹ്യുണ്ടായി വെന്യുവിന് 4,040 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,585 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,520 മില്ലീമീറ്ററാണ് വീൽബേസ്.

നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ പെട്രോള്‍ ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വെന്യു ഇന്ത്യൻ വിപണിയില്‍ ഇടംപിടിക്കുന്നത്. മുമ്പ് വിപണിയില്‍ ഉണ്ടായിരുന്ന 1.4 ലിറ്റര്‍ CRDi ഡീസല്‍ യൂണിറ്റിന് പകരമായാണ് പുതിയ എഞ്ചിന്‍ കോംപാക്‌ട് എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്.

നവീകരിച്ച പെട്രോള്‍ പതിപ്പിന് 6.70 ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന് 8.9 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായിയുടെ പുതിയ ടെക്‌നോളജിയായ ബ്ലുലിങ്ക് കണക്‌റ്റിവിറ്റി സംവിധാനമാണ് വാഹനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കൾക്കും കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയുള്ള മോഡലിനോടാണ് പ്രിയം.

2019 മെയ് 21നാണ് വെന്യുവിനെ ഇന്ത്യന്‍ വിപണയില്‍ എത്തിക്കുന്നത്.  വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.