ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ ഫേസ്‌ലിഫ്റ്റ് ചെയ്ത ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. പുത്തന്‍ ബിഎസ് 6 എന്‍ജിനുകള്‍ കൂടാതെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ഹ്യുണ്ടായ് വെര്‍ണ വരുന്നത്. ഈ മാസമോ അടുത്ത മാസം തുടക്കത്തിലോ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെഡ്‌ലാംപ് ക്ലസ്റ്റര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. കൂടുതല്‍ വലിയ മെഷ് പാറ്റേണ്‍ സഹിതം ആറ് വശങ്ങളോടുകൂടിയ പുതിയ ഗ്രില്ലും വാഹനത്തെ വേറിട്ടതാക്കുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ ഡിസൈനും പരിഷ്‌കരിച്ചു. ടെയ്ല്‍ലാംപുകള്‍ നവീകരിച്ചു. പിറകിലെ ബംപര്‍ ഇപ്പോള്‍ പുതിയതാണ്. കാബിന്‍ തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിനകം പരിഷ്‌കരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയേക്കും. ഹ്യുണ്ടായി വെന്യൂവില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും പുതിയ വെര്‍ണയില്‍ നല്‍കും. ടര്‍ബോ പെട്രോള്‍ മോട്ടോറുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആയിരിക്കും ട്രാന്‍സ്‍മിഷന്‍. ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി) ഓപ്ഷനായിരിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

2018ലാണ് ഇതിനു മുമ്പ് വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ കഴിയുന്ന മിററുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തെ സമ്പന്നമാക്കുന്നു.

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗുകള്‍ തുടങ്ങി വാഹനത്തിന്‍റെ പ്രത്യേകതകള്‍ നീളുന്നു. ആറ് എയര്‍ബാഗുകളും വാഹനത്തിലുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയവരാണ് വിപണിയില്‍ വെര്‍ണയുടെ മുഖ്യ എതിരാളികള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.asianetnews.com/topic/covid-19?fbclid=IwAR0tcG0xV6-XxUyEqEt4gI2QC8yq61reB5-2H1IXAKafPlXM_SBvF5Nq6kI