ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഏഴ് സീറ്റര്‍ എം.പി.വി അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. ഈ എം.പി.വിക്ക് അടുത്തിടെ ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയ സ്റ്റാറിയ എന്ന പേര് നല്‍കിയേക്കും എന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല.

ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് നേടിയിട്ടുള്ളത് സ്റ്റാറിയ പ്രീമിയം, സ്റ്റാറിയ എന്നീ പേരുകള്‍ക്കാണ്. ഓട്ടോമൊബൈല്‍ വാന്‍, വാഗണ്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയ്ക്കായാണ് സ്റ്റാറിയ എന്ന പേര് എടുത്തിരിക്കുന്നത്. സ്റ്റാറിയ സൗത്ത് എഷ്യന്‍ വിപണിയില്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള സ്റ്റാറെക്‌സ് എന്ന മോഡലിനായാണെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വാഹനം മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുക. ലുക്കിലും ഫീച്ചറുകളിലും എതിരാളികളെക്കാള്‍ പ്രീമിയം ഭാവമായിരിക്കും ഈ വാഹനത്തിനെന്നാണ് സൂചന.

പുതിയ എം.പി.വി ഹ്യുണ്ടായിയുടെ ഇന്തൊനേഷ്യന്‍ ഫാക്ടറിയിലും നിര്‍മിക്കുമെന്നാണ് സൂചന. ലാവോസ്, മലേഷ്യ, കൊളംമ്പിയ തുടങ്ങിയ രാജ്യങ്ങളിലും സ്റ്റാറിയ എന്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.  ഇന്ത്യയില്‍ മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ മോഡലുകളായിരിക്കും ഹ്യുണ്ടായിയുടെ എം.പി.വിയുടെ എതിരാളികൾ.