ഇന്ത്യയിൽ ഇ20 പെട്രോൾ വ്യാപകമാകുന്നതോടെ പഴയ വാഹന ഉടമകൾക്ക് പുതിയ ആശങ്ക. 2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച, ഇ20-അനുസൃതമല്ലാത്ത വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെട്ടേക്കാമെന്ന് ഐസിഐസിഐ ലോംബാർഡ് മുന്നറിയിപ്പ് നൽകുന്നു. 

ന്ത്യയിലെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധന മിശ്രിതത്തിൽ വലിയ മാറ്റമാണ് നടക്കുന്നത്. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർന്ന ഇ20 പെട്രോൾ രാജ്യത്തെ പമ്പുകളിൽ സാധാരണ ഇന്ധനമായി മാറുകയാണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനം ലക്ഷ്യമിടുകയും ചെയ്യുന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ വാഹന ഉടമകൾക്ക് ഈ മാറ്റം വലിയ പ്രശ്‍നം ആകില്ല എങ്കിലും, പഴയ വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ഇത് പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് എഥനോൾ കലർന്ന ഇന്ധനം പഴയ എഞ്ചിനുകളിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക.

ഇപ്പോഴിതാ ഇ20 ഉപയോഗവുമായി ബന്ധപ്പെട്ട് പഴയതും ഇ20-അനുസൃതമല്ലാത്തതുമായ വാഹനങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടാമെന്ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലോംബാർഡ് അറിയിച്ചു. 2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച പല വാഹനങ്ങളും ഇ20 ഇന്ധനത്തിന് അനുയോജ്യമല്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

ജൂൺ 9-ന് പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി ഈ നിലപാട് വ്യക്തമാക്കിയതെന്ന് ദ മിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. വാഹനത്തിന് അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് 'തെറ്റായ ഉപയോഗം' അല്ലെങ്കിൽ 'അശ്രദ്ധ' ആയി കണക്കാക്കാൻ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ ക്ലെയിം നിരസിക്കപ്പെടാമെന്നും ഇൻഷുറൻസ് കമ്പനി അറിയിച്ചു. ഇപ്പോൾ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇ20 പെട്രോൾ വ്യാപകമായി ലഭ്യമാണ്. 2026 ഏപ്രിൽ 1 മുതൽ രാജ്യവ്യാപകമായി ഇതിന്റെ ഉപയോഗം പ്രധാനമായതിനാൽ സാധാരണ പെട്രോളിനുള്ള ലഭ്യത കുറയുന്നതായി കമ്പനി പറയുന്നു. ഇതോടെ പഴയ വാഹന ഉടമകൾക്ക് മറ്റു ഓപ്ഷനുകൾ കുറവാണെന്നും ഐസിഐസിഐ ലോംബാർഡ് അഭിപ്രായപ്പെട്ടു.

എഥനോൾ പരിസ്ഥിതി സൗഹൃദമായ ഇന്ധനമായിരുന്നാലും ഇത് എഞ്ചിനിൽ വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഇത് ഇന്ധനക്ഷമത കുറയ്ക്കുകയും റബർ സീലുകൾ, ഫ്യൂവൽ ലൈൻസ്, എഞ്ചിൻ ഭാഗങ്ങൾ എന്നിവ ദീർഘകാലത്തിൽ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ഈ നാശം പതുക്കെ സംഭവിക്കുന്നതിനാൽ തിരിച്ചറിയാൻ വൈകുകയും, ക്ലെയിം സമയത്ത് തർക്കങ്ങൾക്ക് കാരണമാകുകയും ചെയ്യാം എന്നും കമ്പനി പറയുന്നു .

എന്നാൽ ഇ20 ഇന്ധനം ഉപയോഗിക്കുന്നത് ഇൻഷുറൻസ് പോളിസി റദ്ദാക്കില്ലെന്ന് കമ്പനി അംഗീകരിച്ചു. പക്ഷേ എല്ലാ നാശനഷ്‍ടങ്ങളും ക്ലെയിം ആയി അംഗീകരിക്കണമെന്നില്ലെന്നും അവർ വ്യക്തമാക്കി. സാധാരണ പോളിസികളിൽ 'ക്രമേണ സംഭവിക്കുന്ന നാശം' (consequential damage) ഉൾപ്പെടാത്തതാണ് ഇതിന് കാരണം. അതിനാൽ ഇ20 മൂലമുള്ള കേടുപാടുകൾ പലപ്പോഴും ക്ലെയിം നിരസിക്കപ്പെടാൻ സാധ്യത ഉണ്ടാകുകയും ചെയ്യാം. ഇതിനൊപ്പം എഞ്ചിൻ പ്രൊട്ടക്ഷൻ പോലുള്ള ആഡോൺ കവറുകൾ ഉണ്ടെങ്കിലും അവ പ്രധാനമായും വെള്ളം കയറൽ അല്ലെങ്കിൽ ഓയിൽ ലീക്കേജ് പോലുള്ള സംഭവങ്ങൾക്കാണ് ബാധകമെന്ന് കമ്പനി പറഞ്ഞു. അതിനാൽ പോളിസിയിലെ ഒഴിവാക്കലുകൾ ശ്രദ്ധയോടെ വായിച്ച ശേഷം തീരുമാനം എടുക്കണമെന്നും ഐസിഐസിഐ ലോംബാർഡ് ഉപഭോക്താക്കളോട് നിർദേശിച്ചു. 2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾ പലതും ഇ20 അനുയോജ്യമല്ലാത്തതിനാൽ, വാഹന നിർമ്മാതാക്കളിൽ നിന്നും വ്യക്തമായ സ്ഥിരീകരണം നേടണമെന്നും ഐസിഐസിഐ ലോംബാർഡ് ഉപദേശിക്കുന്നു. കൂടാതെ, ഉയർന്ന നിലവാരമുള്ള പ്രീമിയം ഫ്യൂവൽ ഉപയോഗിക്കുന്നത് ചിലപ്പോൾ സഹായകരമാകാമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ഇ20 അടക്കം വിവിധ എഥനോൾ മിശ്രിത ഇന്ധനങ്ങൾക്ക് കേന്ദ്ര സർക്കാർ എക്സൈസ് നികുതി ഒഴിവാക്കിയതോടെ രാജയത്ത് ഇന്ധനമാറ്റ നയം കൂടുതൽ ശക്തമാകുകയാണ്. എന്നാൽ പഴയ വാഹന ഉടമകൾക്ക് ഇതിന്റെ പ്രായോഗിക പ്രത്യാഘാതങ്ങൾ ഇപ്പോഴും ആശങ്കയായി തുടരുന്നു എന്ന് ഐസിഐസിഐ ലോംബാർഡിന്‍റ് ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.