ഒഡീഷയിൽ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ ടോൾ പ്ലാസകളിൽ കുടുക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കി. 2025 ഫെബ്രുവരി 1 മുതൽ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് 2,000 രൂപ പിഴ ചുമത്തും.

റോഡുകളിൽ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്, ഇതുമൂലം വാഹന ഉടമകൾ മാത്രമല്ല, റോഡപകടങ്ങളിൽ ഇരയായവർക്കും ശരിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇപ്പോൾ, ഈ പ്രശ്നം ഇല്ലാതാക്കാൻ, ഒഡീഷ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്‍ടിഎ) ഒരു പുതിയ സംവിധാനം നടപ്പിലാക്കി. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ ടോൾ പ്ലാസകളിൽ കുടുക്കുന്നതാണ് പുതിയ സംവിധാനം. 2025 ഫെബ്രുവരി 1 മുതൽ, ഒഡീഷയിലെ 22 ടോൾ ഗേറ്റുകളിൽ ഇ-ഡിറ്റക്ഷൻ സംവിധാനം സ്ഥാപിക്കും. ഇത് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തി സ്വയം ഇ-ചലാൻ നൽകും.

ടോൾ ഗേറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഡിറ്റക്ഷൻ സംവിധാനം വാഹനങ്ങളുടെ ഇൻഷുറൻസിൻ്റെ സാധുത ഉടൻ പരിശോധിക്കും. സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്ത വാഹനം കണ്ടെത്തിയാൽ ഉടൻ തന്നെ 2,000 രൂപ പഴിയായി കുറയ്ക്കും. ഇതേ വാഹനം വീണ്ടും പിടിക്കപ്പെട്ടാൽ 4000 രൂപ ചലാൻ ചുമത്തും. ഇതുകൂടാതെ, കുറ്റക്കാരനായ വാഹന ഉടമയ്ക്ക് മൂന്ന് മാസം വരെ തടവും ലഭിക്കും. ചില കേസുകളിൽ, കുറ്റവാളിക്ക് ജയിൽ ശിക്ഷയും പിഴയും ലഭിക്കും.

വാഹന ഇൻഷുറൻസ് ലഭിക്കാത്തതിനാൽ റോഡപകടങ്ങളിൽപ്പെട്ട പലർക്കും കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഈ പുതിയ സംവിധാനത്തിലൂടെ, റോഡിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഒഡീഷ സർക്കാരിന്‍റെ ശ്രമം. ഈ പുതിയ സംവിധാനം ഉപയോഗിച്ച് എന്തെങ്കിലും അപകടമുണ്ടായാൽ നഷ്ടം നികത്താനാകും എന്നാണ് സർക്കാർ കരുതുന്നത്.

അതേസമയം ഇതാദ്യമായല്ല ഇ-ഡിറ്റക്ഷൻ സംവിധാനം നടപ്പാക്കുന്നത്. ഏതാനും മാസം മുമ്പ് ബീഹാർ സർക്കാരും സംസ്ഥാനത്തെ 32 ടോൾ പ്ലാസകളിൽ സമാനമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പിയുസി അഥവാ മലിനീകരണ നിയന്ത്രണം സർട്ടിഫിക്കറ്റ് പരിശോധിക്കാനും ഈ സംവിധാനം ഉപയോഗിച്ചു. പിയുസി ഇല്ലാതെ കണ്ടെത്തിയാൽ വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി.

ബീഹാറിൽ നടപ്പിലാക്കിയ ഈ സംവിധാനം രണ്ട് ദിവസത്തിനുള്ളിൽ 5,000-ലധികം ഇ-ചലാനുകൾ പുറപ്പെടുവിച്ചു. ഭാവിയിൽ പട്‌ന, മുസാഫർപൂർ, ഭഗൽപൂർ തുടങ്ങിയ സ്‌മാർട്ട് സിറ്റികളിലും ഈ സംവിധാനം നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇനി തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക. ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഇ-ഡിറ്റക്ഷൻ സംവിധാനം വൈകാതെ മറ്റ് സംസ്ഥാനങ്ങളിലും വന്നേക്കും. ഇത് റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ മാത്രമല്ല, റോഡപകട കേസുകളിൽ കൂടുതൽ നീതി ലഭ്യമാക്കാനും സഹായിക്കും.

വണ്ടിയിൽ ഈ പേപ്പർ ഇല്ലെങ്കിൽ ജയിലിൽ പോകുമെന്ന് മാത്രമല്ല, ഇനി കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകും!