Asianet News MalayalamAsianet News Malayalam

അവര്‍ തലച്ചോറിന് ചകിരിച്ചോറിന്‍റെ പ്രാധാന്യം പോലും നൽകാത്തവര്‍; ഡോക്ടറുടെ കുറിപ്പ്

എന്തുകൊണ്ട് ഹെല്‍മറ്റ് ധരിക്കണം? കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍.

Importance of helmet while two wheeler traveling
Author
Trivandrum, First Published Nov 21, 2019, 4:21 PM IST

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും നാല് വയസിനും മുകളിലുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാല്‍ ഹെല്‍മറ്റിനെതിരെ വിചിത്രവാദങ്ങള്‍ ഉന്നയിക്കുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയയിലും മറ്റും കണാം. ഇത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് ഒരു ഡോക്ടറുടെ കുറിപ്പ്.

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടി ഡോക്ടര്‍ ജിനേഷ് പി എസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെട്ടവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് കുറിപ്പില്‍. മരണമടഞ്ഞതിൽ നാലിൽ ഒരാൾ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണെന്നും 69 ശതമാനം പേർ വണ്ടി ഓടിച്ചവരും 31 ശതമാനം പേർ പിന്നിലിരുന്ന് യാത്ര ചെയ്‍തവരാണെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവർ 91 ശതമാനവും അതിൽ തലയോട്ടിക്ക് പരിക്കുപറ്റിയവർ 68 ശതമാനവും തലച്ചോറിൽ സബ്ഡ്യൂറൽ ഹെമറേജ് ഉള്ളവർ 88 ശതമാനവും തലച്ചോറിൽ സബ്അരക്നോയ്ഡ് ഹെമറേജ് ഉള്ളവർ 86 ശതമാനമെന്നും ഡോക്ടര്‍ വിശദമാക്കുന്നു. 

ഹെൽമറ്റ് ധരിച്ചാൽ ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെടാനുള്ള സാധ്യത 50% ശതമാനവും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത 70 ശതമാനവും കുറയുമെന്നും  തലച്ചോറിന് ചകിരിച്ചോറിനേക്കാൾ പ്രാധാന്യം ഉണ്ടെന്ന് കരുതുന്നവർ മുമ്പിൽ ഇരുന്നാലും പിന്നിലിരുന്നാലും ഹെൽമറ്റ് ധരിക്കണം എന്നും ഓര്‍മ്മിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ നടന്ന ഒരു പഠനമാണ്.

ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ.

മരണമടഞ്ഞതിൽ നാലിൽ ഒരാൾ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ളവർ

മരണമടഞ്ഞതിൽ 69% പേർ വണ്ടി ഓടിച്ചവർ, 31% പേർ പുറകിൽ ഇരുന്ന് യാത്ര ചെയ്തവർ...

പിന്നിൽ ഇരുന്ന് യാത്ര ചെയ്തവരിൽ ഒരാൾ പോലും ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവർ - 91%

അതിൽ തലയോട്ടിക്ക് പരിക്കുപറ്റിയവർ - 68%

തലച്ചോറിൽ സബ്ഡ്യൂറൽ ഹെമറേജ് ഉള്ളവർ - 88%

തലച്ചോറിൽ സബ്അരക്നോയ്ഡ് ഹെമറേജ് ഉള്ളവർ - 86%

34% പേർക്ക് നെഞ്ചിലും 21% പേർക്ക് വയറ്റിലും 10% പേർക്ക് കഴുത്തിലും ഗുരുതരമായ പരിക്കുകളുണ്ട്.

ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സമയം വൈകുന്നേരം 6 മുതൽ 9 വരെ - 23%

ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന ദിവസങ്ങൾ വെള്ളിയും ഞായറും - 18% വീതം

അപകടം നടന്ന് ഒരു മണിക്കൂറിനകം മരിച്ചവരുടെ എണ്ണം - 34%

24 മണിക്കൂറിനകം മരിച്ചവരുടെ എണ്ണം - 27%

ഡോ. അജിത് കുമാർ ചെയ്ത പഠനമാണിത്.

കണക്കുകൾ ഒന്നുകൂടി ഇരുത്തി വായിച്ചു നോക്കൂ...

നെഞ്ചിലും വയറിലും ഒക്കെ പരിക്കുപറ്റിയവരെ അപേക്ഷിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചവരുടെ ശതമാനം വളരെ വളരെ വളരെ ഉയർന്നത് (91%)

മരിക്കുന്നതിൽ പകുതിയും ചെറുപ്പക്കാർ...

പിന്നിൽ യാത്ര ചെയ്തവർ 31%, ഇതൊരു ചെറിയ സംഖ്യയല്ല.

ഇനി നമുക്ക് കേരളത്തിലെ കണക്കുകളിലേക്ക് ഇതൊന്ന് അപ്ലൈ ചെയ്തു നോക്കാം.

2018-ൽ കേരളത്തിൽ ആകെ ഉണ്ടായ ഇരുചക്ര വാഹന അപകടങ്ങളുടെ എണ്ണം - 16493

അതിൽ മരണമടഞ്ഞവരുടെ എണ്ണം - 1636

ഗുരുതരമായി പരിക്കുപറ്റിയവരുടെ എണ്ണം - 13468

മരണമടഞ്ഞവരിൽ 30% പേർ പിന്നിലിരുന്നവർ ആണ് എന്ന് കണക്കാക്കിയാൽ, 490 പിന്നിലിരുന്ന് യാത്ര ചെയ്തവർ...

ഹെൽമറ്റ് ധരിച്ചാൽ ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെടാനുള്ള സാധ്യത 50% കണ്ട് കുറയും, തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത 70% കുറയും.

ഈ പഠനം അപഗ്രഥിച്ചാൽ ആ 490 പേരിൽ പകുതി പേർ ജീവനോടെ ഇരുന്നേനെ, ഹെൽമറ്റ് ധരിച്ചിരുന്നു എങ്കിൽ...

ഹെൽമറ്റ് ധരിക്കണമെന്ന് പറയുമ്പോൾ വഴി നന്നാക്കിയിട്ട് ഹെൽമറ്റ് ധരിക്കാം എന്ന് പറയുന്നവരോട് തർക്കിക്കാനില്ല, കാരണം വഴി മോശമാണെങ്കിൽ അപകടം ഉണ്ടാകാനും ഗുരുതരമായി പരിക്കേൽക്കാനും മരണം അടയുവാനുമുള്ള സാധ്യത കൂടുതലാണ് എന്ന് അവർക്ക് അറിയായിട്ടല്ല... തലച്ചോറിന് ചകിരിച്ചോറിന്റെ പ്രാധാന്യം പോലും നൽകാത്തതുകൊണ്ട് മാത്രമാണവരിങ്ങനെ പറയുന്നത്.

വഴി മെച്ചപ്പെടുകയും ശാസ്ത്രീയമായ രീതിയിൽ ഡിസൈൻ ചെയ്യുകയും വേണം എന്നതിൽ ഒരു സംശയവുമില്ല. പക്ഷേ ഹെൽമറ്റ് വെക്കാതിരിക്കാൻ അതൊരു ന്യായീകരണമല്ല.

കൂടുതൽ ഫൈൻ ഈടാക്കി പണം സമ്പാദിക്കാൻ സർക്കാർ ലക്ഷ്യമിടുകയാണ് എന്ന് പറയുന്നവരോടും തർക്കിക്കാനില്ല... ഹെൽമറ്റ് ധരിച്ചാൽ ഫൈൻ നൽകേണ്ട എന്നറിയാതെ തർക്കിക്കുന്നതല്ല അവർ. അത്തരക്കാർ ഒരു രൂപ പോലും ഫൈനടക്കരുത്, പകരം ഹെൽമറ്റ് ധരിച്ചാൽ മാത്രം മതി.

ഹെൽമറ്റ് നിർബന്ധം ആക്കിയാൽ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങും എന്ന് പറയുന്ന ചിലരുണ്ട്, കൈക്കൂലി ചോദിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കണം എന്നാണ് അവരോട് പറയാനുള്ളത്.

ഈ പറയുന്നതൊക്കെ മുട്ടു ന്യായങ്ങൾ മാത്രമാണ് എന്ന് ഏവർക്കും അറിയാം, ഹെൽമറ്റ് ധരിച്ചാൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. കൂടുതൽ കാലം ജീവനോടെ ഇരിക്കാനും സാധിക്കും.

തലച്ചോറിന് ചകിരിച്ചോറിനേക്കാൾ പ്രാധാന്യം ഉണ്ട് എന്ന് കരുതുന്നവർ ഹെൽമറ്റ് ധരിക്കണം, മുൻപിൽ ഇരുന്നാലും പിന്നിലിരുന്നാലും...

Follow Us:
Download App:
  • android
  • ios