Asianet News MalayalamAsianet News Malayalam

പുത്തന്‍ വണ്ടി വാങ്ങാന്‍ കീശയില്‍ കാശില്ലേ? നിരാശ വേണ്ട, വമ്പന്‍ ഓഫറുമായി എസ്‍ബിഐ!

വാഹന വായ്‍പകള്‍ക്ക് വന്‍ ഇളവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

Independence day festival offer by SBI
Author
Mumbai, First Published Aug 23, 2021, 4:26 PM IST

മുംബൈ: വാഹന വായ്‍പകള്‍ക്ക് ഉള്‍പ്പെടെ വന്‍ ഇളവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോട് അനുബന്ധിച്ചാണ് ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വായ്‍പയ്ക്ക് 100 ശതമാനം പ്രോസസിം​ഗ് ഫീസ് ഇളവും വിലയുടെ 90 ശതമാനം വരെ വായ്‍പാ കവറേജും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോനോ വഴി കാർ ലോണിനായി അപേക്ഷിക്കുന്നവർക്ക് പലിശയിൽ 25 ബിപിഎസ് കുറവും കാർ വാങ്ങാൻ പ്ലാനുള്ള യോനോ ഉപഭോക്താക്കൾക്ക് 7.5 ശതമാനം വാർഷിക പലിശയിൽ വായ്പയും ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതുപോലെ സ്വർണ വായ്പകളിലും ഇളവുകളുണ്ട്. പലിശ നിരക്കിൽ 75 ബിപിഎസ് കുറച്ചു. 7.5 ശതമാനം വാർഷിക പലിശയിൽ ഉപഭോക്താക്കൾക്ക് സ്വർണ വായ്പ ലഭിക്കും. യോനോ വഴി സ്വർണ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പ്രോസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

വ്യക്തഗത, പെൻഷൻ വായ്പകൾക്ക് ബാങ്ക് 100 ശതമാനം പ്രോസസിങ് ഫീസ് ഒഴിവാക്കി. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്ന ആരോഗ്യ രംഗത്തെ കൊവിഡ് മുന്നണി പോരാളികൾക്ക് ബാങ്ക് പലിശയിൽ 50 ബിപിഎസ് കുറവും പ്രഖ്യാപിച്ചു. കാർ, സ്വർണ വായ്പാ അപേക്ഷകൾക്ക് ഇത് ഉടൻ പ്രബല്യത്തിൽ വരും.

റീട്ടെയിൽ നിക്ഷേപകർക്ക് ബാങ്ക് 75-ാം സ്വാതന്ത്ര്യ വാർഷികാചരണത്തിന്റെ ഭാഗമായി 'പ്ലാറ്റിനം ടേം ഡെപോസിറ്റ്' അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 14 വരെ കാലയളവിൽ 75 ദിവസത്തേക്കും 75 ആഴ്ചത്തേക്കും 75 മാസത്തേക്കുമുള്ള ടേം നിക്ഷേപങ്ങൾക്ക് 15 ബിപിഎസ് വരെ അധിക പലിശയും ലഭിക്കും.

ഉത്സവ കാലത്തിന് മുന്നോടിയായി നിരവധി ഓഫറുകൾ പ്രഖ്യാപിക്കുന്നതിൽ ആഹ്ളാദമുണ്ടെന്നും ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് വായ്പകളിൽ ഒരുപാട് ലാഭമുണ്ടാക്കുമെന്നും അതോടൊപ്പം ഉത്സവത്തിന് മാറ്റ് കൂട്ടുമെന്ന് വിശ്വസിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട സാമ്പത്തിക പരിഹാരങ്ങൾ ഓഫർ ചെയ്യാൻ എസ്ബിഐ എന്നും ശ്രമിക്കുമെന്നും എസ്ബിഐ റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ് എംഡി സി എസ് സെട്ടി പറഞ്ഞു. ഉത്സവകാലം കൂടി മുൻനിർത്തിക്കൂടിയാണ് എസ്‍ബിഐ ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios