തിരുവനന്തപുരം: റെയില്‍വേ പാളം പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ട്രെയിനില്‍ (ട്രാക്ക് റെക്കോഡിങ് കാര്‍) തമിഴ്‍‍നാട്ടില്‍നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടന്ന റെയിൽവേ ഉദ്യോഗസ്ഥർക്കെതിരേ കടുത്ത നടപടിക്ക് സാധ്യത എന്ന് സൂചന. ലോക്‌ ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന റെയിൽവേ ബോർഡിന്റെ നിർദേശം ലംഘിച്ചതിനും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തതിനും ഇവർക്കെതിരേ കർശന നടപടിക്കാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ റെയില്‍വേയുടെ മധുര ഡിവിഷനിലെ ഉദ്യോഗസ്ഥരായതിനാൽ അവിടെനിന്നാണ് നടപടിയുണ്ടാകേണ്ടത്. സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് തിരുവനന്തപുരം ഡിവിഷൻ അധികൃതർ, മധുരൈ ഡിവിഷനും റെയിൽവേ ദക്ഷിണമേഖലാ ആസ്ഥാനത്തിനും കൈമാറി. ആർ.പി.എഫിന്റെ ഇന്റലിജൻസ് വിഭാഗവും പ്രത്യേക റിപ്പോർട്ട് അയച്ചെന്നാണ് റിപ്പോര്‍ട്ട്. 

മധുരൈ ഡിവിഷനിലെ ജൂനിയർ എൻജിനീയർമാരായ യു സി അഞ്ജന, എസ് എൻ ബീഗം സൽമ, ആര്യ ദർശൻ, പ്രേംജി ദാസ് എന്നിവർക്കെതിരേയാണ് കേസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവതികളും കൊല്ലത്തു വച്ച് ഒരാളും റെയില്‍വേ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. 

രണ്ടു പേരെ തിരുവനന്തപുരം റെയില്‍ വേസ്റ്റേഷനില്‍ ഇറക്കിയതിനുശേഷം ട്രാക്ക് റെക്കോഡിങ് കാര്‍ കൊല്ലത്തേക്ക് തിരിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍ വേസ്റ്റേഷനില്‍ നിന്നും രണ്ട് യുവതികള്‍ പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാമത്തെയാളെ കൊല്ലത്ത് വച്ച് പിടികൂടിയത്. തിരുവനന്തപുരത്തുനിന്ന് സന്ദേശം കിട്ടിയതിനെത്തുടര്‍ന്ന് കൊല്ലം റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് കേരളപുരം സ്വദേശി പ്രേംജിദാസിനെ കണ്ടെത്തിയത്. 

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് നിയമപ്രകാരമാണ് റെയില്‍വേ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. മൂന്നുപേരെയും തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരെ സഹായിച്ച ട്രാക്ക് റെക്കോഡിങ് കാറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍, ഗാര്‍ഡ്, ലോക്കോ പൈലറ്റ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. 

കൊറോണ വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ തിരുനെല്‍വേലിയിലാണ് പിടിയിലായവര്‍ താമസിച്ചിരുന്നത്. മധുരയില്‍ കുടുങ്ങിയ ഇവര്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ അനുമതിയോടെ കയറുകയായിരുന്നു. ഹോട്ട് സ്‍പോട്ടായ പ്രദേശത്തുനിന്നുള്ള യാത്ര അനുവദനീയമല്ല. എന്നാല്‍ ഭക്ഷണം മോശമായതുകൊണ്ടാണ് നാട്ടിലേക്കു തിരിച്ചതെന്നാണ് പിടിയിലായ ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞത്. 

പാളത്തില്‍ പരിശോധന നടത്തുന്നതിന് നിശ്ചിതദിവസങ്ങളില്‍ ട്രാക്ക് റെക്കോഡിങ് കാര്‍ എത്താറുണ്ട്. ഇതിന്റെ മറവിലാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് കടന്നത്. എന്‍ജിന്‍, ഉപകരണങ്ങള്‍ ഘടിപ്പിച്ച കോച്ച്, ഗാര്‍ഡ് വാന്‍ എന്നിവ ഉള്‍പ്പെട്ടതാണ് ട്രാക്ക് റെക്കോഡിങ് കാര്‍.