Asianet News MalayalamAsianet News Malayalam

യാത്രാക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനില്‍ യൂസര്‍ ഫീ ആനെ വാലെ കി സംഭാവനാ ഹേ!

രാജ്യത്തെ ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിനു പുറമേ ഇന്ത്യന്‍ റെയിൽ‌വേ പ്രത്യേക യൂസര്‍ ഫീ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Indian Railways may charge station user fee in ticket fares
Author
Delhi, First Published Oct 4, 2020, 11:45 AM IST

രാജ്യത്തെ ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിനു പുറമേ ഇന്ത്യന്‍ റെയിൽ‌വേ പ്രത്യേക യൂസര്‍ ഫീ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഷനുകളില്‍ അത്യാധുനിക സൌകര്യങ്ങൾ‌ നേടുന്നതിനും രാജ്യത്തുടനീളം കൂടുതൽ‌ റെയിൽ‌വേ സ്റ്റേഷനുകൾ‌ ‌വികസിപ്പിക്കുന്നതിനുള്ള ധനസമാഹരണത്തിനും ഇന്ത്യൻ റെയിൽ‌വേ നൽകുന്ന ഒരു നിർദ്ദേശത്തിന്റെ ഭാഗമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ദ്ദേശങ്ങളുടെ അന്തിമരൂപം ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

യാത്രാ ക്ലാസ് അനുസരിച്ച് ഉപയോക്തൃ ഫീസ് വ്യത്യാസപ്പെടുമെന്നാണ് സൂചന. ടിക്കറ്റ് വിലയ്‌ക്കൊപ്പം ഉപഭോക്തൃ ഫീസായി 10 മുതൽ 35 രൂപ വരെ നല്‍കേണ്ടി വന്നേക്കാം. വിമാനത്താവളങ്ങളില്‍ വാങ്ങുന്ന യൂസര്‍ ഫീക്ക് സമാനമായ നീക്കത്തിനാണ് റെയില്‍വേ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇന്ത്യൻ റെയിൽ‌വേയുടെ ചരിത്രത്തിൽ ആദ്യമായാണ് യാത്രക്കാരിൽ നിന്ന് ഇത്തരമൊരു ഉപഭോക്തൃ നിരക്ക് ഈടാക്കുന്നത്. 

പുനർനിര്‍മ്മിപ്പിച്ച റെയിൽ‌വേ സ്റ്റേഷനുകളിലും വലിയ പ്ലാറ്റ് ഫോമുകളുള്ള റെയില്‍വേ സ്റ്റേഷനുകളിലും മാത്രമേ ഇത്തരം ഉപഭോക്തൃ ഫീസ് ഈടാക്കൂ എന്ന് ഇന്ത്യൻ റെയിൽ‌വേ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 7,000 സ്റ്റേഷനുകളിൽ 700 മുതൽ 1,000 വരെ റെയിൽ‌വേ സ്റ്റേഷനുകൾ ഈ വിഭാഗത്തിൽ പെടുന്നു.

യാത്രക്കാരിൽ നിന്ന് പിരിച്ചെടുക്കുന്ന ഈ പണം റെയിൽ‌വേ സ്റ്റേഷനിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള ഒരു ചെറിയ ടോക്കൺ ആയി കണക്കാക്കാം എന്നാണ് ഇന്ത്യൻ റെയിൽ‌വേ പറയുന്നത്. ഉപഭോക്തൃ ഫീസ് തുക വളരെ ന്യായയുക്തവും ചുരുങ്ങിയതുമായിരിക്കാമെന്നും അതിനാൽ പ്രത്യേകിച്ചും സാധാരണക്കാർക്ക് ഭാരം ഉണ്ടാകില്ലെന്നും റെയില്‍വേ പറയുന്നു.

Follow Us:
Download App:
  • android
  • ios