Asianet News MalayalamAsianet News Malayalam

"വിടപറയുകയാണോ.." ഈ ട്രെയിനുകളില്‍ നിന്നും ഗാര്‍ഡുകള്‍ ഉടന്‍ അപ്രത്യക്ഷരാകും!

രാജ്യത്തെ ഈ ട്രെയിനുകളില്‍ നിന്നും വൈകാതെ ഗാർഡും ഗാർഡിന്റെ ബ്രേക്ക്‌വാനും അപ്രത്യക്ഷമാകും

Indian Railways Replace Guards From Goods Trains By EoTT System
Author
Delhi, First Published Dec 8, 2020, 10:08 AM IST

ദില്ലി: രാജ്യത്തെ ഗുഡ്‍സ് ട്രെയിനുകളില്‍ നിന്നും വൈകാതെ ഗാർഡും ഗാർഡിന്റെ ബ്രേക്ക്‌വാനും അപ്രത്യക്ഷമാകും എന്ന് റിപ്പോര്‍ട്ട്. ട്രെയിനുകളിലെ ഗാര്‍ഡിനു പകരം പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുഡ്‍സ് ട്രെയിനുകളുടെ അവസാനത്തെ വാഗണും എൻജിൻഡ്രൈവറും തമ്മിലുള്ള ആശയവിനിമയത്തിന് ‘എൻഡ് ഓഫ് ട്രെയിൻ ടെലിമെട്രി’ (ഇ.ഒ.ടി.ടി.) എന്ന സാങ്കേതിക സംവിധാനം ഘടിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം. വികസിതരാജ്യങ്ങളിൽ നിലവിലുള്ള സാങ്കേതികവിദ്യയാണിത്. നിലവില്‍ രാജ്യത്തെ 7000 ചരുക്കുവണ്ടികളിലായി 16,000 ഗാർഡുമാരാണ് ജോലിചെയ്യുന്നത്.

എൻജിനിൽ ട്രാൻസ്‍മിറ്ററും അവസാനത്തെ വാഗണിൽ റിസീവറുമുള്ള സംവിധാനമാണിത്. രണ്ടുയൂണിറ്റും ഇടയ്ക്കിടെ കൈമാറുന്ന സന്ദേശത്തിലൂടെ ട്രെയിന്‍ കൃത്യമായിട്ടാണ് ഓടുന്നതെന്ന് ലോക്കോ പൈലറ്റിന് തിരിച്ചറിയാനാകും. ഇടയ്ക്ക്‌ സന്ദേശംനിലച്ചാൽ പ്രശ്നമുള്ളതായി ലോക്കോപൈലറ്റിന് ബോധ്യപ്പെടും. ട്രെയിൻ നീങ്ങുമ്പോൾ എല്ലാ വണ്ടികളും കേടുകൂടാതെയിരിക്കുമെന്നും ഇത് ഉറപ്പാക്കും. ലോക്കോമോട്ടീവ് ഡ്രൈവറും ട്രെയിനിന്റെ അവസാന വാഗനും തമ്മിൽ ആശയവിനിമയം സ്ഥാപിക്കുന്നതിന് ഈ ഉപകരണം ഉപയോഗിക്കുന്നു. എല്ലാ കോച്ചുകളും വണ്ടികളുമായി ട്രെയിൻ ഒരു പൂർണ്ണ യൂണിറ്റായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ഒരു ഗുഡ്‍സ് ട്രെയിനില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ചുകഴിഞ്ഞു. സൗത്ത് ഈസ്റ്റേൺ റെയിൽവേയിലും ഈ ഉപകരണങ്ങൾ ഉടൻ സ്ഥാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  ഇതിനായി 1000 ഉപകരണങ്ങൾ ആദ്യഘട്ടത്തിൽ വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് വിദേശത്തു നിന്നും വാങ്ങും. അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നാണ് പരീക്ഷണത്തിനായി 10 ഇഒടിടി ഉടൻ വാങ്ങുക. അടുത്ത ഘട്ടത്തിൽ, ഇത്തരം 740  ഉപകരണങ്ങൾ കൂടി വാങ്ങും. ഏതാണ്ട് 100 കോടി രൂപയാണ് തുടക്കത്തിൽ റെയിൽവേ ഇതിനായി മുടക്കുന്നത്.   മൂന്ന് വർഷം മുമ്പാണ് റെയിൽവേ ഈ നവീകരണം ആസൂത്രണം ചെയ്‍ത് തുടങ്ങിയത്. 


 

Follow Us:
Download App:
  • android
  • ios