ജനപ്രിയ എം‌പി‌വിയായ ഇന്നോവയുടെ സിഎന്‍ജി വകഭേദവും നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട എന്നു കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. പിറകിലെ ഗ്ലാസില്‍ സിഎന്‍ജി എന്ന് സ്റ്റിക്കര്‍ പതിച്ച ഇന്നോവ ക്രിസ്റ്റ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ക്യാമറക്കണ്ണുകളില്‍ കുടുങ്ങുകയും ചെയ്‍തു. ഇപ്പോഴിതാ പരീക്ഷണയോട്ടത്തിനായി വീണ്ടും റോഡില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഈ സിഎന്‍ജി ഇന്നോവ എന്നാണ് പുതിയ വാര്‍ത്തകള്‍.

പിന്നില്‍ സിഎന്‍ജി സ്റ്റിക്കര്‍ പതിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ ജി വേരിയന്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ ചില ഓട്ടോമൊബൈല്‍ പോര്‍ട്ടലുകളാണ് പുറത്തുവിട്ടത്.  ക്രിസ്റ്റയുടെ അടിസ്ഥാന മോഡലായ ജി പതിപ്പിലായിരിക്കും ഈ സിഎന്‍ജി എന്‍ജിന്‍ നല്‍കുക.  2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സിഎന്‍ജി കിറ്റ് നല്‍കിയായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 166 പിഎസ് പവറും 245 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കുന്നുണ്ടെങ്കിലും സിഎന്‍ജി മോഡലില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമായിരിക്കും നല്‍കുകയെന്നും പെട്രോള്‍ മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപ അധികമായിരിക്കും സിഎന്‍ജിക്ക് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സിംഗിൾ-ഉടമ ക്യാബ് ഡ്രൈവർമാർക്കും സിഎന്‍ജി വകഭേദങ്ങൾ മികച്ച ഒരു ഓപ്ഷനായിരിക്കും. ഇതു തന്നെയാവും കമ്പനിയുടെ ലക്ഷ്യവും. മാത്രമല്ല ബിഎസ്6ലേക്ക് മാറ്റിയപ്പോള്‍ ഉയർന്ന വിലകൾക്കിടയിൽ വാഹനത്തിന്‍റെ ജനപ്രിയത പിടിച്ചുനിര്‍ത്തുകയും എം‌പി‌വിയുടെ പെട്രോൾ സിഎന്‍ജി പതിപ്പിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.  നിലവില്‍ മഹീന്ദ്ര മരാസോയും മാരുതി എര്‍ട്ടിഗയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന എംപിവി സെഗ്മെന്‍റിലേക്ക് കിയ കാര്‍ണിവല്‍ കൂടി എത്തിതോടെ മത്സരം കടുത്തിരിക്കുകയാണ്. ഇതാണ് പുത്തന്‍ വാഹനത്തെ അവതരിപ്പിക്കാനുള്ള ടൊയോട്ടയുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്.

വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് എംപിവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍.

മറ്റ് സുരക്ഷാ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, ജിഎക്‌സ് മാന്വല്‍, ജിഎക്‌സ് ഓട്ടോമാറ്റിക്, വിഎക്‌സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്‍കി. ടോപ് സ്‌പെക് ഇസഡ്എക്‌സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. 

ബിഎസ് 6 പാലിക്കുംവിധം ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ 2020ന്‍റെ തുടക്കത്തില്‍ തന്നെ പരിഷ്‌കരിച്ചിരുന്നു.  2.7 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോള്‍ മോഡല്‍ 164 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും.അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്.  2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വാഹനം പുറത്തിറങ്ങിയതിന്‍റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന  പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി കമ്പനി അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു.