തിരുവനന്തപുരം: കല്ലട ബസിലെ അക്രമ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന ശക്തമാക്കിയതോടെ നികുതി വെട്ടിപ്പിന്  പുത്തന്‍ അടവുമായി ബസുടമകള്‍. കേരള അതിർത്തിയിൽ സർവീസുകൾ അവസാനിപ്പിക്കുകയാണ് പുതിയ തന്ത്രം. 

കര്‍ണാടക രജിസ്ട്രേഷനിലുള്ള ഈ ബസുകള്‍ കേരള അതിര്‍ത്തിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. ഈ ബസുകളിലെത്തുന്ന കേരളത്തിലേക്കുള്ള യാത്രക്കാരെ പിന്നീട് കേരള രജിസ്ട്രേഷൻ വാഹനങ്ങളില്‍ തിരുവനന്തപുരത്തെത്തിക്കും. അതിർത്തിയിലെ കേരളത്തിന്റെ ആർ.ടി.ഒ. ചെക്‌പോസ്റ്റിൽനിന്ന്‌ രണ്ട് കിലോമീറ്റർ അകലെയുള്ള കേരളത്തിന്‍റെ തന്നെ പ്രദേശമായ ഇഞ്ചിവിളയിലാണ് ഇത്തരത്തിൽ യാത്രക്കാരെ മാറ്റിക്കയറ്റുന്നത്. ബംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം ബസുകള്‍ ഇഞ്ചിവിളയിൽ എത്തുന്ന സമയം കേരള രജിസ്‌ട്രേഷനിലുള്ള ടെംപോ ട്രാവലറുകൾ  ഇവിടെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകും. 

അതിർത്തിയിൽ തമിഴ്‌നാട് ആർ.ടി.ഒ. അധികൃതര്‍ പരിശോധന ശക്തമാക്കിയതിനാലാണ് കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ അതിർത്തി കടക്കാതെ കേരളത്തിൽ കാത്തുകിടക്കുന്നത്. കർണാടക രജിസ്‌ട്രേഷനുള്ള ഇത്തരം വാഹനങ്ങൾക്ക് കേരളത്തിൽ ഒരു സീറ്റിന് മൂവായിരം മുതൽ നാലായിരം രൂപവരെ മൂന്ന് മാസത്തേക്ക് നികുതി അടയക്കണം.  ഇതൊഴിവാക്കാനാണ് പുതിയ തന്ത്രം. എന്നാല്‍ ഈ മാറ്റിക്കയറ്റം പലപ്പോഴും യാത്രക്കാരും ബസ്‌ ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് യാത്രികരെ കൊണ്ടുപോകാനും ബസുടമകള്‍ ഇതേ തന്ത്രം പയറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൈകുന്നേരങ്ങളിൽ കേരള രജിസ്‌ട്രേഷൻ വാഹനങ്ങളിൽ തിരുവനന്തപുരത്തു നിന്നും യാത്രക്കാരെ ഇഞ്ചിവിളയിൽ എത്തിക്കുകയും അവിടെനിന്ന് കർണാടക രജിസ്‌ട്രേഷൻ ബസുകളിലേക്ക് മാറ്റിക്കയറ്റുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ പാറശ്ശാലയിൽ പരിശോധന നടന്നിരുന്നു. അതിനിടെയില്‍ ഇഞ്ചിവിളയിൽ കർണാടക വാഹനങ്ങളിലേക്ക് യാത്രക്കാരെ മാറ്റിക്കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കല്ലട സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയതിനു പിന്നാലെ  കേരള-തമിഴ്‌നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ തമിഴ്‌നാടിന്റെ പ്രദേശത്തു നിന്നായിരുന്നു യാത്രക്കാരെ മാറ്റിക്കയറ്റിയിരുന്നത്.  ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കാരയ്ക്കൽ പാതകളിൽ അനധികൃതമായി ഓടുന്ന അന്തര്‍ സംസ്ഥാന ബസുകളിൽ കടത്തുന്ന ചരക്കുകള്‍ കളിയിക്കാവിളയില്‍ ഇറക്കി ചെറുവാഹനങ്ങളില്‍ അതിര്‍ത്തി കടത്തുകയായിരുന്നു പതിവ്.

എന്നാല്‍ ഈ തന്ത്രം തിരിച്ചറിഞ്ഞ തമിഴ്‌നാട് അധികൃതർ ഈ കേരള രജിസ്‌ട്രേഷൻ വാഹനങ്ങളെ പിടികൂടി വൻതുക പിഴ ഈടാക്കിയതോടെ അത് പൊളിഞ്ഞു. തുടര്‍ന്നാണ് പുതിയ അടവ്. എന്നാല്‍  യാത്രക്കാരുമായി എത്തുന്ന കർണാടക ആഡംബര ബസുകൾ കേരളത്തിലേക്ക് കടന്നിട്ടും നടപടി സ്വീകരിക്കാൻ കേരളത്തിലെ ആർ.ടി.ഒ. അധികൃതർ തയ്യാറാകാത്തത് എന്തെന്നാണ് യാത്രികര്‍ ചോദിക്കുന്നത്.