Asianet News MalayalamAsianet News Malayalam

ഇസുസു ബിഎസ്6 വാഹനങ്ങള്‍ ഉടനെത്തും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ D-മാക്‌സ്, V-ക്രോസ്, MU-X എന്നിവയുടെ ബിഎസ്6 പതിപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

Isuzu BS6 Variants To Arrive In Showrooms Next Month
Author
Mumbai, First Published Aug 20, 2020, 9:48 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ D-മാക്‌സ്, V-ക്രോസ്, MU-X എന്നിവയുടെ ബിഎസ്6 പതിപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

കൊവിഡ് -19 മഹാമാരി മൂലം ഇസൂസു ബിഎസ്6 വാഹനങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് നീട്ടിവെച്ചിരുന്നു. കമ്പനിയുടെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കൊമേഴ്‌സ്യല്‍, പേഴ്‌സണല്‍ വാഹനങ്ങളും കമ്പനിക്കുണ്ട്. എന്നാല്‍, ഇന്ത്യയില്‍ കൂടുതലും വാണിജ്യ വാഹന ഉപഭോക്താക്കളാണുള്ളത്. കേരളത്തിലും ഇസൂസു വാഹനങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ വാഹന ഭാഗങ്ങള്‍ തായ്‌ലാന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത് മറ്റൊരു പ്ലാന്റില്‍ വെച്ച് കൂട്ടിച്ചേര്‍ത്താണ് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കമ്പനി ആന്ധ്രാപ്രദേശിലുള്ള കമ്പനിയുടെ പ്ലാന്റില്‍നിന്നും തന്നെയാണ് ഉത്പാദനം നടത്തുന്നത്.

ആഗോള തലത്തില്‍ ഡി-മാക്സിന്റെ മൂന്നാംതലമുറ മോഡലാണ് നിലവില്‍ കമ്പനി ഇന്ത്യയിലും വില്‍ക്കുന്നത്. റഗുലര്‍ കാബ്, സ്പേസ് കാബ്, ക്ര്യൂ കാബ് എന്നീ വേരിയന്റുളില്‍ രണ്ടാംതലമുറ ഡി-മാക്സില്‍ നിന്നും രൂപത്തിലും മറ്റും ചെറിയ ചില മാറ്റങ്ങളോടെയാണ് എത്തുന്നത്. 150 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 എച്ച്പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബിഎസ്4 ഡി-മാക്സിന്‍റെ ഹൃദയം. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 5265 എംഎം നീളവും 1870 എംഎം വീതിയും 1790 എംഎം ഉയരവും 3125 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. വലിയ ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്‍ ലൈറ്റ്, വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

അതേസമയം രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ഇസൂസു അടുത്തിടെ തുടങ്ങിയിരുന്നു. ടോർക്ക് ഇസൂസു അഹമ്മദാബാദാണ് മറ്റ് ബ്രാൻഡുകൾക്കും സേവനങ്ങൾ നൽകുന്ന ആദ്യത്തെ ഇസൂസു ഡീലർഷിപ്പായി മാറുന്നത്. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷനുമായി സഹകരിച്ചാണ് ഇസുസു രാജ്യത്തെ ആദ്യത്തെ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ഉദ്ഘാടനം ചെയ്‍തത്. വ്യവസായ പങ്കാളിത്തമുള്ള ഒരു തന്ത്രപരമായ ഇടപാടായാണ് ഈ പങ്കാളിത്തം വരുന്നത്.

ഇതനുസരിച്ച് പുതിയ സംയോജിത സേവന ദാതാവ് ഈ വർക്ക്ഷോപ്പ് പരിസരത്ത് മൾട്ടി ബ്രാൻഡ് മോട്ടോർ വാഹനങ്ങളുടെ ജനറൽ സർവ്വീസും, ബോഡി, ആക്സിഡന്റ് അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള സേവനങ്ങൾ നിറവേറ്റും. എങ്കിലും ഈ വർക്ക്ഷോപ്പിന്റെ പ്രധാന ഭാഗം ഇസൂസു കാർ ഉടമകൾക്ക് മാത്രമായി സേവനങ്ങൾ വാഗ്‍ദാനം ചെയ്യുന്നത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios