ജാഗ്വർ ലാൻഡ് റോവർ എഫ്-പേസിന്‍റെ പുതിയ SVR പെർഫോമൻസ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി

പുതിയ ജാഗ്വാ൪ എഫ്-പേസിനെ അടുത്തിടെയാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ജാഗ്വർ ലാൻഡ് റോവർ എഫ്-പേസിന്‍റെ പുതിയ SVR പെർഫോമൻസ് പതിപ്പിനെ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എഫ്-പേസ് SVR പെർഫോമൻസ് മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ പരിഷ്‍കാരങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ എത്തുക.

5.0 ലിറ്റർ V8 സൂപ്പർചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. ഇത് പരമാവധി 543 bhp കരുത്തിൽ 700 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 286 കിലോമീറ്ററാണ് പരമാവധി വേഗത. വെറും നാല് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത പുറത്തെടുക്കാനും എഫ്-പേസ് SVR പെർഫോമൻസ് പതിപ്പിന് സാധിക്കും. ഇന്റലിജന്റ് ഡ്രൈവ്‌ലൈൻ ഡൈനാമിക്സുള്ള ഓൾ-വീൽ ഡ്രൈവാണ് വാഹനത്തിൽ സ്റ്റാൻഡേർഡായി നൽകുന്നത്.

മോഡലിന്റെ എയർ ഫ്ലോ, എയറോഡൈനാമിക് സവിശേഷതകൾ, ക്രെഡൻഷ്യലുകൾ എന്നിവയിൽ മാറ്റങ്ങൾ കാണാം. മെച്ചപ്പെട്ട എഞ്ചിൻ, ബ്രേക്ക് കൂളിംഗ് എന്നിവയ്ക്കായി പുതിയ അപ്പർച്ചറുകളും വെന്റുകളും കൂട്ടിച്ചേർത്തു. വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ലോവർ ഇൻടേക്ക് വിപുലീകരിക്കുകയും ചെയ്‌തു.

2021 ജാഗ്വാര്‍ എഫ്-പേസിന് കരുത്തേകുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ്. 2.0 ലിറ്റര്‍ നാല് സിലിണ്ടറാണ് രണ്ട് എന്‍ജിനുകളും. പെട്രോള്‍ എന്‍ജിന്‍ 244 ബി.എച്ച്.പി. പവറും 365 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 198 ബി.എച്ച്.പി. പവറും 430 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona