രാജ്യത്ത് എന്‍ഡ്-ടു-എന്‍ഡ് ചാര്‍ജിംഗ് സൗകര്യങ്ങളൊരുക്കാന്‍ സംയുക്ത സംരംഭവുമായി ടാറ്റ പവറും ജാഗ്വാര്‍ ലാന്‍ഡ് റോവറും. 24 നഗരങ്ങളിലായുള്ള റീട്ടെയില്‍ ശൃംഖലയിലും ഉപഭോക്താവിന്റെ വീട്/ഓഫീസ് എന്നിവിടങ്ങളിലും ജാഗ്വാര്‍ ലാന്‍ഡ് റോവറിനു വേണ്ടി ടാറ്റ പവര്‍ ചാര്‍ജിംഗ് സൗകര്യമൊരുക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 7 kW മുതല്‍  50 kW വരെ ശേഷിയുള്ള എസി, ഡിസി ചാര്‍ജറുകള്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ കമ്പനിയായ ടാറ്റ പവര്‍ ഏറ്റെടുക്കുന്നത്. നിയുക്ത സ്ഥലങ്ങളില്‍ ചാര്‍ജറുകളുടെ ഇന്‍സ്റ്റലേഷനും കൈകാര്യം ചെയ്യലും നിര്‍വഹിക്കുന്നതോടൊപ്പം മറ്റ് വില്‍പ്പനാന്തര പിന്തുണ സേവനങ്ങളും ഒരുക്കുന്നതിന് ടാറ്റ പവറിനെയാകും തിരഞ്ഞെടുക്കുക.  

ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് വണ്‍-സ്‌റ്റോപ്പ് പരിഹാരവും ഇന്ത്യയിലുടനീളം ടാറ്റ പവര്‍ നിര്‍മ്മിക്കുന്ന വിപുലമായ പബ്ലിക് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ ശൃംഖലയിലേക്കുള്ള അനായാസ ആക്‌സസും ലഭ്യമാക്കുന്ന ടാറ്റ പവറുമായുള്ള സഹകരണം വലിയൊരു മൂല്യവര്‍ധനയായിരിക്കും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ജാഗ്വാര്‍ ഐ-പേസിന്റെ ഉടമസ്ഥര്‍ക്ക് ലളിതവും തടസരഹിതവുമായ ചാര്‍ജിംഗ് അനുഭവം ലഭ്യമാക്കുന്ന യഥാര്‍ഥ സാഹചര്യമൊരുക്കുന്നതിനുള്ള ആദ്യ പടിയാണ് ഈ സഹകരണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

എന്‍ഡ്-ടു-എന്‍ഡ് ചാര്‍ജിംഗ് പങ്കാളി എന്ന നിലയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ്, ന്യൂ ബിസിനസ് സിഎഫ്ഒ & പ്രസിഡന്റ് രമേഷ് സുബ്രഹ്മണ്യം പറഞ്ഞു. ഇവി ചാര്‍ജിംഗ് രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനി എന്ന നിലയില്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ വൈദ്യുത വാഹന ഉപഭോക്താക്കള്‍ക്ക് വീടുകള്‍, ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനായാസവും എല്ലായിടത്തും ലഭിക്കുന്നതും തടസരഹിതവുമായ ചാര്‍ജിംഗ് അനുഭവം ലഭ്യമാക്കും. കമ്പനിയിലും ഇന്ത്യയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അവതരിപ്പിക്കുന്ന വൈദ്യുത വാഹന ശ്രേണി കൈകാര്യം ചെയ്യുന്നതിലുമുള്ള ശേഷിയുടെ സാക്ഷ്യപത്രമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ കമ്പനിയായ ടാറ്റ പവറിന് അനുബന്ധ സ്ഥാപനങ്ങളും സംയുക്തമായി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും ചേര്‍ന്ന് 11, 265 ങണ ന്റെ ഇന്‍സ്റ്റാള്‍ഡ് ശേഷിയാണുള്ളത്. ഈ രംഗത്തെ പ്രഥമ സ്ഥാപനമായ കമ്പനിക്ക് സമ്പൂര്‍ണ്ണ ഊര്‍ജ മൂല്യ ശൃംഖലയിലുടനീളം സാന്നിധ്യമുണ്ട്: പുനരുപയോഗ ഊര്‍ജങ്ങളുടെയും ജല, താപ ഊര്‍ജമടക്കമുള്ള പരമ്പരാഗത ഊര്‍ജങ്ങളുടെയും ഉത്പാദനം; പ്രസരണവും വിതരണവും, കല്‍ക്കരി, ചരക്ക് ഗതാഗതം എന്നിവ കമ്പനി നിര്‍വഹിക്കുന്നു. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം എന്നിവയിലുള്ള പുനരുപയോഗസാധ്യ ഊര്‍ജ ആസ്തികളില്‍ 30% പോര്‍ട്ട്‌ഫോളിയോ ഉള്ള ടാറ്റ പവര്‍ ശുദ്ധമായ ഊര്‍ജ ഉത്പാദനത്തിലെ പ്രമുഖരാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജ വികസനവുമായി ബന്ധപ്പെട്ട കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഇവി ചാര്‍ജിംഗും സംഭരണവും, ഉത്പാദന വിന്യാസം, മേല്‍ക്കൂരകള്‍, മൈക്രോ ഗ്രിഡുകള്‍, ഹോം ഓട്ടോമേഷന്‍, സ്മാര്‍ട്ട് മീറ്ററുകള്‍ എന്നീ രംഗത്തെ പുതിയ വാണിജ്യ വളര്‍ച്ച ലക്ഷ്യമിട്ട് യൂട്ടിലിറ്റികളെ സംയോജിത പരിഹാരമാര്‍ഗങ്ങളാക്കി മാറ്റുന്നതിന് തുടക്കമിടുകയാണ് ടാറ്റ പവര്‍.

വ്യത്യസ്ത ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡുകളെ അഭിമുഖീകരിക്കുന്ന പൊതുസ്ഥലങ്ങള്‍, ക്യാപ്റ്റീവ്, റെസിഡെന്‍ഷ്യല്‍, കോര്‍പ്പറേറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി 120 ലധികം ചാര്‍ജിംഗ് പോയിന്റുകളുടെ ശൃംഖലയാണ് ടാറ്റ പവറിനുള്ളത്.