Asianet News MalayalamAsianet News Malayalam

പുത്തന്‍ ജാഗ്വര്‍ എക്സ്ഇ ഇന്ത്യയില്‍

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വറിന്‍റെ പ്രീമിയം സെഡാന്‍ എക്സ്‍ഇയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി

Jaguar XE facelift launched in India
Author
Mumbai, First Published Dec 5, 2019, 2:51 PM IST

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വറിന്‍റെ പ്രീമിയം സെഡാന്‍ എക്സ്‍ഇയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി. 2019 ഫെബ്രുവരിയില്‍ ആഗോളതലത്തില്‍ അരങ്ങേറിയ വാഹനം ഗ്രില്ലും ഹെഡ് ലാമ്പുകളും ഉള്‍പ്പെടെ ഏറെ പുതുമകളോടെയാണ് എത്തുന്നത്.

ജെ ബ്ലേഡ് എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളുമാണ് പുതിയ പതിപ്പില്‍. ബമ്പറിലെ എയര്‍ ഇന്‍ടേക്കുകളുടെ വലിപ്പം കൂട്ടി. പിന്നിലെ ബമ്പറിനു കറുപ്പുനിറമാണ്. അലോയ് വീല്‍ ഡിസൈനും നവീകരിച്ചിട്ടുണ്ട്.

പുഷ്പുള്‍ നോബുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം പുതുമയാണ്. എഫ് ടൈപ്പ്, ഇ പേസ് എന്നിവയില്‍ നിന്നുള്ള പിസ്റ്റള്‍ ഗ്രിപ്പ് ഗിയര്‍ സെലക്ടറുമായാണ് കാബിന്‍ വരുന്നത്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എസ്, എസ്ഇ എന്നീ രണ്ട് വേരിയന്റുകളാണ് പുതിയ എക്‌സ്ഇയ്ക്കുള്ളത്. മുന്‍ മോഡലില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ നല്‍കിയാണ് എക്‌സ്ഇയുടെ പരിഷ്കരിക്കുന്നത്. ഉയരം കുറഞ്ഞതും കൂടുതല്‍ സൗകര്യങ്ങള്‍ ഇന്റീരിയറില്‍ ഒരുക്കിയതുമാണ് മാറ്റങ്ങളില്‍ പ്രധാനം.

പുതിയ ഡിസൈന്‍ നല്‍കിയുള്ള ഡിആര്‍എല്‍, ജാഗ്വറിന്റെ സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതുമയുള്ള ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ വാഹനത്തെ മനോഹരമാക്കുന്നു. പുതിയ ബംമ്പറാണ് പിന്‍വശത്ത്. നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, പുതിയ ഗ്രാഫിക്‌സും പിന്‍വശത്തെ പുതുമയാണ്. 17 ഇഞ്ചാണ് അലോയി വീലുകള്‍.

ലെതറിലും സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കിലും മനോഹരമാണ് അകത്തളം. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഡാഷ്‌ബോഡ്. 10.2 ഇഞ്ച് ടച്ച് പ്രോ-ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇ-പേസ്, എഫ്-ടൈപ്പ് വാഹനങ്ങളിലേതിന് സമാനമായി പിസ്റ്റല്‍ ഗ്രിപ്പ് ഗിയര്‍ സെലക്ടര്‍ എന്നിവ എക്‌സ്ഇയില്‍ പുതുമയാണ്.

കണക്ടഡ് നാവിഗേഷന്‍ പ്രോ നാവിഗേഷന്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സെറ്റിങ്ങുകളുള്ള ഡ്രൈവര്‍ സീറ്റ്, ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, എയര്‍ ക്വാളിറ്റി സെന്‍സര്‍, റിയര്‍ ടൈം ട്രാഫിക് ഇന്‍ഫര്‍മേഷന്‍, തുടങ്ങി നിരവധി ഫീച്ചറുകളും ഇന്റീരിയറില്‍ ഉണ്ട്.

എന്‍ജിനില്‍ മാറ്റമൊന്നും വരുത്താതെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 247 ബിഎച്ച്പി പവറും 365 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഇഞ്ചനീയം പെട്രോള്‍ എന്‍ജിനും 178 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് എക്‌സ്ഇയുടെ ഹൃദയം. രണ്ട് എൻജിനുകളും 8-സ്പീഡ് ടോർക്ക്-കോൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എൻജിനിൽ മാറ്റമില്ലെങ്കിലും BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ചു പരിഷ്കരിച്ച എഞ്ചിന്‍ യൂണിറ്റാണിത്.

റീഡിസൈൻ ചെയ്ത ഹെഡ്‍ലാംപ്, ഗ്രിൽ, ടെയിൽലാമ്പുകൾ, മുന്നിലെയും പിന്നിലെയും ബമ്പറുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ മാറ്റങ്ങൾ. അലോയ് വീലുകൾക്ക് പുത്തൻ ഡിസൈൻ നൽകി കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. ഇരട്ട ടച് സ്ക്രീൻ ഉള്ള ഡാഷ്‌ബോർഡ് ആണ് ഇന്റീരിയറിലെ പ്രധാന മാറ്റം.

റേഞ്ച് റോവർ വെയ്‍ലർ എസ്‌യുവി പരിചയപ്പെടുത്തിയ ടച്ച് പ്രൊഡ്യുയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുത്തൻ എക്‌സ്ഇയിലും ഇടം പിടിച്ചിട്ടുണ്ട്. മുൻപുണ്ടായിരുന്ന ഡയൽ ടൈപ്പ് ഗിയർ ഷിഫ്റ്ററിനു പകരം എഫ്-ടൈപ്പ്, ഇ-പേസ്‌ വാഹനങ്ങളിൽ നിന്ന് കടമെടുത്ത പിസ്റ്റൾ ഗ്രിപ് ഗിയർ സെലെക്ടറാണ്. ലെതർ അപ്ഹോൾസ്റ്ററി, വയർലെസ്സ് ചാർജിങ്, ആപ്പിൾ കാർപ്ലേയ് ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട് ഫോൺ കണക്ടിവിറ്റി, ഹിൽ അസിസ്റ്റ്, ലെയിൻ-കീപ് അസിസ്റ്റ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ

പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള എസ് വേരിയന്റിന് 44.98 ലക്ഷം രൂപയും, എസ്ഇ പെട്രോൾ, ഡീസൽ എൻജിൻ മോഡലുകൾക്ക് 46.32 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന ജാഗ്വർ എക്‌സ്ഇ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ വേർഷന്റെ അടിസ്ഥാന മോഡലിന് Rs 4.37 ലക്ഷം രൂപ വർധിച്ചിട്ടുണ്ട്.

ബിഎംഡബ്ള്യു 3 സീരീസ്, ഓഡി A4, മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ്, വോൾവോ S60 എന്നീ മോഡലുകളാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios