ജപ്പാനിലെ പരിസ്ഥിതി, അടിസ്ഥാന സൗകര്യവികസന, ഗതാഗതം, ടൂറിസം മന്ത്രാലയങ്ങളിൽ നിന്ന് (MLIT) സുരക്ഷാ സർട്ടിഫിക്കറ്റ് സ്‍കൈഡ്രൈവിന് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

രു പറക്കും കാറിനെക്കുറിച്ച് (Flying Car) സങ്കൽപ്പിക്കുകയും പിന്നീട് അതിനെ വികസിപ്പിക്കുകയും ചെയ്യുക എന്നത് അങ്ങേയറ്റം ശ്രമകരമായ ഒരു ജോലിയാണ്. പറക്കും കാറുകള്‍ക്കായി ഒരു സുരക്ഷാ സർട്ടിഫിക്കറ്റ് നേടുന്നതാകട്ടെ അതുപോലെതന്നെ കഠിനവുമാണ്. എന്നാൽ ടോക്കിയോ (Tokyo) ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയ സ്കൈഡ്രൈവിന് ഇനി ചിറകുകൾ വിടര്‍ത്തി വിശാലമായ ലോകത്തേക്ക് പറന്നുയരാം.

കാരണം കമ്പനിയുടെ ഫ്ലൈയിംഗ് കാർ കൺസെപ്റ്റായ eVTOL (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് എയർക്രാഫ്റ്റ്) ന് അടുത്തിടെ ഒരു സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. ജപ്പാനിലെ പരിസ്ഥിതി, അടിസ്ഥാന സൗകര്യവികസന, ഗതാഗതം, ടൂറിസം മന്ത്രാലയങ്ങളിൽ നിന്ന് (MLIT) സുരക്ഷാ സർട്ടിഫിക്കറ്റ് സ്‍കൈഡ്രൈവിന് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി പറക്കുന്ന കാറിന്‍റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ച കമ്പനിക്ക് ഇത് ഒരു സുപ്രധാന നേട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ ആയിരുന്നു ആദ്യമായി പറക്കുന്ന കാറിന്‍റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്. ആദ്യത്തെ വിജയകരമായ പൈലറ്റഡ് ഫ്ലൈറ്റ് ടെസ്റ്റ് 2020 ലും കമ്പനി നടത്തി.

SD-03 എന്ന് പേരിട്ടിരിക്കുന്ന, സ്കൈഡ്രൈവ് ടീമിന്റെ പറക്കും കാറിന് എട്ട് പ്രൊപ്പല്ലറുകൾ ഉണ്ട്. കൂടാതെ മണിക്കൂറിൽ 48 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ളതുമാണ്. നിലവിൽ 30 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

SD-03-ന് ഒരു ഓപ്പൺ ക്യാബിൻ ആണുള്ളത്. വാഹനം നിയന്ത്രിക്കുന്ന ഒരാൾക്ക് മാത്രമേ നിലവിൽ ഈ ക്യാബിനില്‍ ഇടമുള്ളൂ. 2025-ഓടെ ജപ്പാനിലെ ഒസാക്ക ബേ ഏരിയയിൽ ഒരു ഫ്ലൈയിംഗ് ടാക്‌സി സർവീസ് നടത്താനാണ് സ്കൈഡ്രൈവ് ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വർക്ക് സൈറ്റുകളിൽ, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിലെ ചരക്കുനീക്കത്തിന് ഈ കാര്‍ നിർണായകമാകുമെന്നാണ് കമ്പനി പറയുന്നത്.