അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം

പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിക്കാന്‍ ജപ്പാനും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാന്‍ അടുത്തിടെ ബ്രിട്ടനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സുപ്രധാന നീക്കവുമായി ജപ്പാനും എത്തുന്നത്. 

ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായി 2030 കളുടെ പകുതിയോടെ ജപ്പാൻ പുതിയ പെട്രോള്‍ - ഡീസല്‍ എഞ്ചിൻ കാറുകളുടെ വിൽപ്പന നിരോധിച്ചേക്കാമെന്നാണ് പബ്ലിക് ബ്രോഡ്‍കാസ്റ്റർ എൻ‌എച്ച്‌കെയെ ഉദ്ധരിച്ച് റോയിട്ടേഴ്‍സ് റിപ്പോർട്ട് ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. എന്നാല്‍, ഇക്കാര്യത്തില്‍ ജപ്പാന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല

2050-ഓടെ രാജ്യത്തെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ജപ്പാനിലെ വ്യവസായ മന്ത്രാലയം വർഷാവസാനത്തോടെ ഒരു പദ്ധതി തയ്യാറാക്കുമെന്ന് സർക്കാരിന്‍റെ മുഖ്യ വക്താവും അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 

പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനം നിരോധിക്കുന്നതിന് മുന്നോടിയായി രാജ്യം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവഴി 2030-ആകുന്നതോടെ രാജ്യത്തെ വാഹനങ്ങളില്‍ 55 ശതമാനവും ഇലക്ട്രിക് കരുത്തിലുള്ളവയാക്കാനാണ് ജപ്പാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധനം നടപ്പാക്കിയാല്‍ 2030-ന് ശേഷം ഇലക്ട്രിക് കരുത്തിലുള്ളതും ഹൈബ്രിഡ് എന്‍ജിനിലുള്ളതുമായി വാഹനങ്ങള്‍ മാത്രമേ ജപ്പാനില്‍ വില്‍ക്കാന്‍ അനുവദിക്കുകയുള്ളൂ. 

ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണമെന്ന് ജപ്പാനിലെ വ്യവസായ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്ന് എൻ‌എച്ച്‌കെ നേരത്തെ റിപ്പോർട്ട് ചെയ്‍തിരുന്നു. വിദഗ്ദ്ധ-പാനൽ സംവാദങ്ങള്‍ക്കൊടുവില്‍ വർഷാവസാനത്തോടെ മന്ത്രാലയം ലക്ഷ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ജപ്പാനിൽ ഇതിനകം നിലവിലുണ്ടായിരുന്ന നടപടികൾ അർത്ഥമാക്കുന്നത് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക്, പ്രത്യേകിച്ചും വലിയ ഗവേഷണ-വികസന വിഭവങ്ങളുള്ള ടൊയോട്ട മോട്ടോർ കോർപ്പ് പോലുള്ള വലിയ കമ്പനികൾക്ക്, അവർ ഇതിനകം വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ഉപയോഗിക്കാം എന്നാണ്.

എന്നാല്‍ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ സര്‍ക്കാരിന്‍റെ ഈ നീക്കങ്ങളെക്കുറിച്ച് ഇപ്പോള്‍ മൌനം പാലിക്കുക്കയാണ്. ടൊയോട്ട, ഹോണ്ട മോട്ടോർ കോ, നിസ്സാൻ, സഖ്യ പങ്കാളിയായ മിത്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷൻ എന്നിവർ പ്രതികരിക്കാൻ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനത്തോട് പ്രതികരിക്കാൻ തങ്ങളുടെ കമ്പനി തയ്യാറാണെന്ന് മറ്റൊരു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ മോട്ടോർസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

2030 ഓടെ ജപ്പാനിൽ വൈദ്യുത വാഹനങ്ങളുടെ വിഹിതം 55 ശതമാനമായി ഉയരുമെന്ന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പറയുന്നു. ആഗോളതലത്തിൽ, മുമ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാറ്ററി വില കുറയുന്നു എന്ന കാരണത്താൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം വികസിപ്പിക്കുന്ന വേഗത വർദ്ധിക്കുമെന്നും ബോസ്റ്റൺ കൺസൾട്ടിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ജപ്പാനും ബ്രിട്ടനും പുറമേ ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കാനഡയുടെയും നോർവേയുടെയും ജർമ്മനിയുടെയും ഭാഗങ്ങൾ ഫോസിൽ ഇന്ധന കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നതെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. വിശാലമായ യൂറോപ്യൻ യൂണിയൻ ഭാവി നിയന്ത്രണങ്ങളെക്കുറിച്ച് ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കാർബൺ പുറന്തള്ളലുകള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരുകളുടെ ഈ ഇടപെടലുകള്‍ കാർ നിർമ്മാതാക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളും ഹൈബ്രിഡ് -ഇലക്ട്രിക് വാഹനങ്ങളും നിർമ്മിക്കുന്നതിനുള്ള ഒരു സാങ്കേതിക മൽസരത്തിന് ആക്കം കൂട്ടും. പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വാഹന വിപണികളായ ചൈനയും യുഎസും ഇതേ പാതയിലേക്ക് മാറുന്നതോടെ മത്സരം കടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.