ജാവ 42വിന്‍റെ  മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു


ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഐക്കമിക്ക് ജാവ സീരീസിലെ ജാവ 42വിന്‍റെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുത്തന്‍ വര്‍ണങ്ങളുടെയും സ്‌പോര്‍ട്ടി ഫീച്ചറുകളുടെയും അകമ്പടിയില്‍ എത്തിയ 2021 ജാവ 42-ന് 1.84 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാവ 2.1 എന്നു വിശേഷിപ്പിക്കുന്ന 42 ബൈക്ക് ഓറിയോൺ റെഡ്, സിരിയസ് വൈറ്റ്, ഓൾസ്റ്റാർ ബ്ലാക്ക് എന്നീ പുതുവർണങ്ങളിലും കൂടി എത്തുന്നു. 

293 സി.സി. കരുത്തുള്ള സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 27 ബി.എച്ച്.പി.പവറും 27.03 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. 172 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. പുതിയ മോഡലില്‍ കോര്‍ണറിങ്ങ് ക്ലിയറന്‍സ് ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. പുതിയ ഡിസൈനിലുള്ള സൈഡ് സ്റ്റാന്റും 2021 ജാവ 42-ലെ ആകര്‍ഷണമാണ്.

പ്രത്യേക വികസിപ്പിച്ച 13 സ്പോക്ക് അലോയ് വീലും ട്യൂബ്രഹിത ടയറും സഹിതമാണ് ജാവ 2.1 എത്തുന്നത്. ഹാൻഡിൽ ബാറിന്റെ അഗ്രത്തിൽ മിററും ഓൾ ബ്ലാക്ക് ഫിനിഷുമുള്ള ബൈക്കിൽ ഇപ്പോൾ ട്രിപ് മീറ്ററും ഘടിപ്പിച്ചിട്ടുണ്ട്.

സീറ്റ് പാൻ രൂപകൽപ്പന പരിഷ്കരിച്ചതിനൊപ്പം കുഷ്യനിലും മാറ്റം വരുത്തിയാണു ബൈക്കിലെ യാത്രാസുഖം മെച്ചപ്പെടുത്തിയത്. ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാനും റൈഡ് നിലവാരം ഉയർത്താനുമായി സസ്പെൻഷനും ഫ്രെയിം സെറ്റപ്പും റീ ട്യൂൺ ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ളൈ സ്ക്രീനും ഹെഡ്‌ലാംപ് ഗ്രില്ലും ഓപ്ഷനൽ വ്യവസ്ഥയിലും ലഭ്യമാക്കുന്നുണ്ട്. ‘ജാവ 42’ ബൈക്കിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സാഡ്ൽ ബാഗുകൾ ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്കുണ്ട്. 

മുന്‍ മോഡലില്‍ നല്‍കിയിരുന്നതിനെക്കാള്‍ സ്‌റ്റൈലിഷായുള്ള സീറ്റ്, മുന്നിലെ സസ്‌പെന്‍ഷന്‍, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയിലും പുതുമ നിഴലിക്കുന്നുണ്ട്. ഹെഡ്‌ലാമ്പ് ഗ്രില്ല്, ഫ്‌ളൈ സ്‌ക്രീന്‍ എന്നിവ പുതിയ മോഡലില്‍ ആക്‌സസറിയായി ഒരുങ്ങുന്നുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പുതിയ അലോയി വീലുകളും, ട്യൂബ്‌ലെസ് ടയറുകളും ഈ വാഹനത്തില്‍ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയിട്ടുള്ളവയാണ്. കൂടുതല്‍ ആക്‌സസറി വൈകാതെ പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ഹോണ്ട ഹൈനസ് സി ബി 350, റോയൽ എൻഫീൽഡ് ക്ലാസിക് 350 തുടങ്ങിയവരാണ് ജാവ 42 ബൈക്കിന്റെ എതിരാളികൾ.

രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് അടുത്തിടെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്.