Asianet News MalayalamAsianet News Malayalam

ജാവ ബൈക്കുകളുടെ വില കൂട്ടി

ഈ എല്ലാ ബൈക്കുകളുടെയും വില ജാവ മോട്ടോർസൈക്കിൾസ് കൂട്ടി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Jawa hikes prices of its models
Author
Mumbai, First Published Jul 18, 2021, 9:39 PM IST

2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് പിന്നാലെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്.

ജാവ മോട്ടോർസൈക്കിൾസിന് ഇപ്പോൾ ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണുള്ളത്. ഈ എല്ലാ ബൈക്കുകളുടെയും വില ജാവ മോട്ടോർസൈക്കിൾസ് കൂട്ടി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാവ, ജാവ 42 എന്നീ മോഡലുകളുടെ വില 1,200 രൂപ മാത്രം വർദ്ധിപ്പിച്ചപ്പോൾ കസ്റ്റം ബോബർ മോഡലായ പെരാക്കിന്റെ വില 8,700 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പെരാക്കിന്‍റെ എക്സ് ഷോറൂം വില ഇതോടെ 1.97 ലക്ഷത്തില്‍ നിന്ന് 2.06 ലക്ഷമായി മാറി.

ഈ വർഷം ഫെബ്രുവരിയിൽ 2021 ജാവ 42 അവതരിപ്പിച്ചപ്പോൾ പരിഷ്‍കരിച്ചെത്തിയ 293 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡിഒഎച്ച്‌സി എഞ്ചിനാണ് അടിസ്ഥാന ജാവയിലും 42വിന്‍റെയും ഹൃദയം. എഞ്ചിനിലെ റീട്യൂണിങ് പവർ 0.82 പിഎസ് കൂട്ടിയിട്ടുണ്ട് . ഇപ്പോൾ 27.33 പിഎസ് കരുത്താണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ടോർക്ക് മാറ്റമില്ലാതെ 27 എൻഎമ്മിൽ തുടരുന്നു. 6-സ്‍പീഡ് ഗിയർ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

എഞ്ചിനിലെ മാറ്റത്തോടൊപ്പം പുതുക്കിയ സീറ്റ്, റീട്യൂൺ ചെയ്‍ത സസ്‍പെൻഷൻ, കൂടുതൽ ഗാംഭീര്യമുള്ള എക്‌സ്‌ഹോസ്റ്റ് ശബ്ദം, ട്രിപ്പ് മീറ്റർ എന്നിവ ജാവയിലും 42വിലും ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും വില കൂടിയ 2021 ജാവ ഫോർട്ടി റ്റുവിലും പെരാക്കിലും മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം 1971-ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്‍റെ സ്‍മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ കഴിഞ്ഞദിവസം ജാവ പുറത്തിറക്കിയിരുന്നു. യുദ്ധവിജയം ആഘോഷിക്കുന്നതിന് ജാവ 42 ബൈക്കിന്​ പുതിയ രണ്ട്​ നിറങ്ങൾക്കൂടി നല്‍കിയാണ് നിര്‍മ്മാതാക്കളായ ക്ലാസിക്​ ലെജൻഡ്​സ്​ അവതരിപ്പിച്ചത്. 

ഖാക്കി, മിഡ്​നൈറ്റ്​ ഗ്രേ എന്നിങ്ങനെ നിറങ്ങളാണ്​ പുതുതായി കമ്പനി നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ 1971 ലെ യുദ്ധ വിജയത്തി​ന്‍റെ അമ്പതാം വാർഷികം ആഘോഷിക്കാനാണ് ഖാക്കി നിറം ബൈക്കിന്​ നൽകിയിരിക്കുന്നത്​. രാത്രിയിൽ നടന്ന ലോംഗേവാല യുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ജാവ മിഡ്‌നൈറ്റ് ഗ്രേ. രണ്ട് ജാവകൾക്കും ഒരേ വിലയാണ്​. 1,93,357 രൂപയാണ് വില. 42 മോഡലിനെക്കാള്‍ 15,000 രൂപയും റെഗുലര്‍ ജാവയെക്കാള്‍ 6000 രൂപയും അധിക വിലയിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നത്. ഈ ബൈക്കിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios