Asianet News MalayalamAsianet News Malayalam

ഡീലര്‍മാരുടെ ചതി തുടരുന്നു; കരി കൊണ്ട് നമ്പറെഴുതിയ ജാവ കണ്ട് തലയില്‍ കൈവച്ച് ആര്‍ടിഒ!

കഴിഞ്ഞ ദിവസം നഗരത്തിലെ റോഡരികില്‍ പാര്‍ക്ക് ചെയ്‍തിരുന്ന നിലയിലാണ് HSRP നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജാവ ബൈക്ക് ഉദ്യഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കരികൊണ്ട് ബൈക്കില്‍ നമ്പര്‍ എഴുതി വച്ചിരിക്കുന്നത് കാണുകയായിരുന്നു

Jawa motor bike held at Thiruvalla with out HSRP number plate
Author
Thiruvalla, First Published Jul 16, 2021, 4:06 PM IST

തിരുവല്ല:  സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാതെയും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് (HSR) ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നു എന്ന് അടുത്തിടെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇതുസംബന്ധിച്ച് കര്‍ശന പരിശോധന നടത്താന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഓമാര്‍ക്കും ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതനുസരിച്ച് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്തനംതിട്ട ജില്ലയില്‍ നിന്ന് തുടര്‍ച്ചായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ ദിവസം തിരുവല്ല ജോയിന്‍റ് ആര്‍ടിഒയുടെ നിര്‍ദ്ദേശം പ്രകാരം നടത്തിയ പരിശോധനയില്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാത്ത, രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത മാരുതി വാഗണ്‍ ആര്‍ കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പിന്നാലെ മാരുതി ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഇത്തരത്തില്‍ രണ്ട് വാഹനങ്ങളാണ് തിരുവല്ലയില്‍ വച്ച് തന്നെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരിക്കുന്നത്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന് പകരം കരി കൊണ്ട് നമ്പര്‍ എഴുതിയ ഒരു ജാവ ബൈക്കും രജിസ്ട്രേഷന്‍ ചെയ്‍തിട്ടില്ലാത്ത ഒരു യമഹ ഫാസിനോ സ്‍കൂട്ടറുമാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവല്ല നഗരത്തിലെ റോഡരികില്‍ പാര്‍ക്ക് ചെയ്‍തിരുന്ന HSRP നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജാവ ബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കരികൊണ്ട് ബൈക്കില്‍ നമ്പര്‍ എഴുതി വച്ചിരിക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് ആര്‍ടി ഓഫീസിലേക്ക് എത്തിച്ച ഈ വാഹനത്തെ തേടി ഇതുവരെ ഉടമ എത്തിയിട്ടില്ലെന്നാണ് വിവരം. എന്തായാലും ഡീലറെ കണ്ടെത്തിയതായും പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. ഇത്തരം കേസുകളില്‍ ഡീലര്‍ക്കാണ് പിഴ. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഡീലര്‍ക്ക് ഫൈന്‍ ഈടാക്കുന്നത്. 

അടുത്തിടെ നടപ്പിലാക്കിയ പുതിയ നിയമം അനുസരിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത് ഉടമകള്‍ക്ക് കൈമാറേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. എന്നാല്‍ പല ഡീലര്‍മാരും ഇത് ലംഘിക്കുകയാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഉടമകളുടെ അജ്ഞത മുതലെടുക്കുകയാണ് ഡീലര്‍മാരുടെ രീതിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനെപ്പറ്റി വലിയ ധാരണയില്ലാത്ത ആളുകളാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് ഇരകളാകുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത വാഹനം റോഡിലിറക്കിയാല്‍ ഉടമകള്‍ പല ഊരാക്കുടുക്കുകളിലേക്കുമായിരിക്കും ചെന്നുപെടുക എന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം വാഹനങ്ങള്‍ എന്തെങ്കിലും തരത്തില്‍ അപകടത്തില്‍പ്പെട്ടാലോ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചാലോ വളരെ വലിയ വിലയായിരിക്കും വാഹന ഉടമകള്‍ നല്‍കേണ്ടി വരികയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഇറങ്ങുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവായിരുന്നു. പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്നു തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതോടെ നിരത്തുകളില്‍ നിന്നും 'ഫോർ രജിസ്‌ട്രേഷൻ' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ അപ്രത്യക്ഷമായിരുന്നു. നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്ക് പിഴ ചുമത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. 

റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്പ്‍ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനു മുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം. രജിസ്ട്രേഷന്‍ നമ്പര്‍ അപ്പോള്‍ത്തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ എന്നാണ് നിയമം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios