Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ പാക്ക് യുദ്ധവിജയം ആഘോഷിക്കാന്‍ ഈ ബൈക്ക് കമ്പനി ചെയ്‍തത്..

ഖാക്കി, മിഡ്​നൈറ്റ്​ ഗ്രേ എന്നിങ്ങനെ നിറങ്ങളാണ്​ പുതുതായി കമ്പനി നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ 1971 ലെ യുദ്ധ വിജയത്തി​ന്‍റെ അമ്പതാം വാർഷികം ആഘോഷിക്കാനാണ് ഖാക്കി നിറം ബൈക്കിന്​ നൽകിയിരിക്കുന്നത്​. 

Jawa Motorcycles launches new colors to mark 1971 war victory
Author
Mumbai, First Published Jul 12, 2021, 8:11 PM IST

1971-ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്‍റെ സ്‍മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ. യുദ്ധവിജയം ആഘോഷിക്കുന്നതിന് ജാവ 42 ബൈക്കിന്​ പുതിയ രണ്ട്​ നിറങ്ങൾക്കൂടി നല്‍കിയാണ് നിര്‍മ്മാതാക്കളായ ക്ലാസിക്​ ലെജൻഡ്​സ്​ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഖാക്കി, മിഡ്​നൈറ്റ്​ ഗ്രേ എന്നിങ്ങനെ നിറങ്ങളാണ്​ പുതുതായി കമ്പനി നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ 1971 ലെ യുദ്ധ വിജയത്തി​ന്‍റെ അമ്പതാം വാർഷികം ആഘോഷിക്കാനാണ് ഖാക്കി നിറം ബൈക്കിന്​ നൽകിയിരിക്കുന്നത്​. രാത്രിയിൽ നടന്ന ലോംഗേവാല യുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ജാവ മിഡ്‌നൈറ്റ് ഗ്രേ. രണ്ട് ജാവകൾക്കും ഒരേ വിലയാണ്​. 1,93,357 രൂപയാണ് വില. 42 മോഡലിനെക്കാള്‍ 15,000 രൂപയും റെഗുലര്‍ ജാവയെക്കാള്‍ 6000 രൂപയും അധിക വിലയിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നത്. ഈ ബൈക്കിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസൈനില്‍ പല പുതുമകളും വരുത്തിയാണ് ഈ പതിപ്പ് എത്തിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഹെഡ്‌ലാമ്പ് ബെസല്‍, സസ്‌പെന്‍ഷന്‍ ഫോര്‍ക്ക്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പ്രധാന പുതുമ. ഇതിനുപുറമെ, ആര്‍മി എംബ്ലത്തിനൊപ്പം ത്രിവര്‍ണത്തില്‍ മൂന്ന് ലൈനുകലും പെട്രോള്‍ ടാങ്കില്‍ നല്‍കിയിട്ടുണ്ട്. 1971-2021 സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്‍ജിംഗും ടാങ്കില്‍ ആലേഖനം ചെയ്‍തിട്ടുണ്ട്. 

മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്ക് എത്തുന്നത്. 26.9 ബി.എച്ച്.പി. പവറും 27.2 എന്‍.എം. ടോര്‍ക്കും സൃഷ്‍ടിക്കുന്ന 293 സി.സി. സിംഗിള്‍ സിലിണ്ടര്‍  ലിക്വിഡ്-കൂൾഡ്  ബിഎസ്6 എന്‍ജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. എഞ്ചിൻ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ തുടരുന്നുണ്ടെങ്കിലും സാ​ങ്കേതികതയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായും ഇത്​ വാഹനത്തിന്‍റെ പെർഫോമൻസ്​ മെച്ചപ്പെടുത്തിയതായും ക്ലാസിക്​ ലെജൻഡ്​സ്​ പറയുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്‍മിഷന്‍. കമ്പനി​ ക്രോസ്​ ഫ്ലോ എന്ന്​ വിളിക്കുന്ന മാറ്റമാണ്​ എഞ്ചിനിൽ വരുത്തിയിരിക്കുന്നത്​. എഞ്ചിനിലെ ലാംഡ സെൻസർ കൂടുതൽ മികച്ച രീതിയിൽ അകത്തും പുറത്തുമുള്ള പരിതസ്​ഥിതികളെ മനസിലാക്കി എഞ്ചിനുള്ളിലേക്കും പുറത്തേക്കുമുള്ള വായുസഞ്ചാരത്തെ നിയന്ത്രിക്കുമെന്ന്​ കമ്പനി പറയുന്നു. ഇത്​ മലിനീകരണം കുറക്കുകയും ഇന്ധനത്തിന്‍റെ കത്തൽ ശേഷി വർധിപ്പിക്കുകയും ചെയ്യും. സ്ഥിരമായ മികച്ച പ്രകടനമാവും ഈ മാറ്റങ്ങളുടെ ഫലം. 

ഡ്യുവല്‍ ചാനല്‍ എ.ബി.എസാണ് സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിന് സുരക്ഷ.  1369 എം.എം ആണ്​ വീൽബേസ്​. ട്യൂബ് ലെസ്സ് ടയറുകളുള്ള കറുത്ത 13 സ്‌പോക്​ അലോയ് വീലുകൾ പുതിയ ഡിസൈൻ തീമിന്​ ചേരുന്നതാണ്​. 

നേരത്തേ പുതിയ നിറങ്ങളും അലോയ്​ വീലുകളുമൊക്കെയായി ജാവ 42വിനെ പരിഷ്​കരിച്ചിരുന്നു. 2020ൽ ബി‌എസ് ആറ്​ പതിപ്പ് പുറത്തിറങ്ങിയതിന്ശേഷം രണ്ടാമത്തെ മുഖംമിനുക്കലിനാണ്​ ജാവ വിധേയമായത്​. ഒറിയോൺ റെഡ്​, സിറസ്​ വൈറ്റ്​, ആൾ സ്റ്റാർ ബ്ലാക്​ എന്നീ നിറങ്ങളും​ ജാവയിൽ പുതുതായി ഉൾപ്പെടുത്തി​. 42 എന്ന പഴയ ​ബൈക്ക്​ അതേപടി നിലനിർത്തിയാണ്​ പുതിയ വേരിയന്‍റുകൾ അവതരിപ്പിച്ചത്​. പഴയ വാഹനം ആറ്​ നിറങ്ങളിൽ ഇപ്പോഴും ലഭ്യമാണ്​. പുത്തൻ അലോയ് വീലുകൾ, ഫ്ലൈസ്‌ക്രീൻ, പിന്നിലെ റൈഡറിനായി ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. ബൈക്കിന്‍റെ എഞ്ചിൻ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് ബെസെൽ, സസ്‌പെൻഷൻ എന്നിവ കറുപ്പ്​ പൂശിയാണ്​ എത്തുന്നത്​. ഇത് വാഹനത്തിന് ആകർഷകമായ ഇരുണ്ട രൂപം നൽകുന്നു. സീറ്റും പരിഷ്​കരിച്ചിട്ടുണ്ട്​. വലുപ്പം കൂട്ടി കൂടുതൽ മാർദവമാക്കിയ സീറ്റിന് പുതിയ സ്റ്റിച്ചിംഗ് പാറ്റേണും നൽകിയിട്ടുണ്ട്​. പുനർരൂപകൽപ്പന ചെയ്‍ത ബോഡി ഗ്രാഫിക്സും ആകർഷകമാണ്. സസ്പെൻഷൻ കുറേക്കൂടി ദൃഢമാക്കി. ഇത്​ മോശം റോഡുകളിൽ ഗ്രൗണ്ട്​ ക്ലിയറൻസ്​ വർധിപ്പിക്കുന്നു. 172 കിലോഗ്രാം ആണ് ഭാരം. പുനർരൂപകൽപ്പന ചെയ്‍ത സൈഡ് സ്റ്റാൻഡ്​ വളവുകൾ സുരക്ഷിതമാക്കുന്നു. 

2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് പിന്നാലെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios