ജാവ എന്ന നാമം ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത് എന്നതിന് അതിന്‍റെ ഗംഭീര തിരിച്ചു വരവ് തന്നെ തെളിവ്. ഐതിഹാസിക ചെക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവയെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചപ്പോള്‍ വാഹന പ്രേമികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.  

ഇപ്പോഴിതാ ഹൃദയസ്പര്‍ശിയായ മറ്റൊരു നടപടിയിലൂടെ രാജ്യത്തിന്‍റെയും രാജ്യ സ്നേഹികളുടെയും നെഞ്ചകത്തേക്ക് ഓടിക്കയറുകയാണ് കമ്പനി. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ബൈക്കുകൾ ലേലത്തിൽ വെയ്ക്കാനാണ് ജാവ ഒരുങ്ങുന്നത്.  ബൈക്കുകളുടെ രാജ്യവ്യാപകമായ ഡെലിവറിക്ക് മുന്നോടിയായി ബൈക്കുകൾ ലേലത്തിൽ വെയ്ക്കുന്ന വിവരം കമ്പനിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. എന്നാൽ ലേല തീയതിയോ എത്ര ബൈക്കുകൾ ലേലത്തിൽ വെയ്ക്കുമെന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും വ്യക്തമല്ല. 

2018 അവസാനമാണ് മഹീന്ദ്ര ജാവയെ വീണ്ടും വിപണിയിലെത്തിച്ചത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്.  ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍. 

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും.

ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞതും ജാവ ബൈക്കുകളെയായിരുന്നു.