Asianet News MalayalamAsianet News Malayalam

പുതിയ കളര്‍ ഓപ്ഷനില്‍ ജാവ പെറാക്ക്

ജാവ പെറാക്കിന് പുതിയ കസ്റ്റം പെയിന്റ് ഓപ്ഷന്‍

Jawa Perak New Color Option
Author
Mumbai, First Published Apr 28, 2021, 10:12 AM IST

ഐക്കണിക്ക് ഇരുചക്രവാഹന മോഡലായ ജാവയുടെ കസ്റ്റം മെയ്‍ഡ് ബൈക്കാണ് പെരാക്ക്.  കമ്പനി നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണിത്. ഇപ്പോള്‍ ഗുജറാത്തിലെ ഒരു ഡീലര്‍ഷിപ്പ്, ജാവ പെറാക്കിന് പുതിയ കസ്റ്റം പെയിന്റ് ഓപ്ഷന്‍ നല്‍കി എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മോട്ടോര്‍ സൈക്കിള്‍ ഇപ്പോള്‍ പൈന്‍ ഗ്രീന്‍ കളര്‍ ഓപ്ഷനിലാണ് അവതരിപ്പിക്കുന്നത്. ഇന്ധന ടാങ്കിന് മുകളില്‍, സെന്‍ട്രല്‍ ടൂള്‍കിറ്റ് പാനലിന് ചുറ്റും, ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍ക്ക് കുറുകെ കട്ടിയുള്ള വൈറ്റ് നിറത്തിലുള്ള വരയും ലഭിക്കുന്നു. സൂറത്ത് ആസ്ഥാനമായുള്ള ഈ ഡീലര്‍ഷിപ്പ് 9,999 രൂപ നിരക്കിലാണ് ഈ കസ്റ്റമൈസേഷന്‍ നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ധന ടാങ്കില്‍ ഒരു ചെറിയ ‘പെറാക്’ ബ്രാന്‍ഡിംഗും ഇതിന് ലഭിക്കുന്നു. വൈറ്റ് ഷേഡ് പച്ച പെയിന്റിന് നല്ലൊരു വ്യത്യാസം നല്‍കുന്നു, മൊത്തത്തില്‍ ബോബറിന്റെ റെട്രോ-സ്‌റ്റൈല്‍ ഡിസൈനിന് ഒരു പുതിയ ആകര്‍ഷണം നല്‍കുന്നു. ഒരു തരത്തിലും ക്ലാസിക് ബോബറില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഒരേയൊരു ബോബര്‍-സ്റ്റൈല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എന്ന പ്രത്യേകത ജാവ പെറാക്കിനുണ്ട്‌. 

22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്.  ശേഷി കൂടിയ കസ്റ്റം ബോബര്‍ മോഡല്‍ ആയ പെരാക്ക് 2020 ജൂലൈ മുതലാണ് ഉടമകള്‍ക്ക് കൈമാറിത്തുടങ്ങിയത്. 

1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍സൈക്കിളില്‍നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്.

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.

മാറ്റ് ബ്ലാക്ക് ബോഡി നിറമാണ് ധാരാളം കസ്റ്റമൈസേഷന്റെ സാദ്ധ്യതകള്‍ തുറന്നിടുന്ന പേരാക്കിന്റെ ഹൈലൈറ്റ്.  സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്‌ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്തമാക്കും. ജാവ, ജാവ 42 എന്നീ മോഡലുകളെക്കാള്‍ നീളം കൂടുതലുള്ള മോഡലാണ് ജാവ പെരാക്ക്.

മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കിയിരിക്കുന്നു.  750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം. ജാവ പെരാക്കിന് 1,94,500 രൂപയാണ് എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്ക് 350 ആണ് പെരാക്കിന്റെ മുഖ്യ എതിരാളി. ഒപ്പം ബെനലി ഇംപെരിയാലെ 400 ഉം നിരത്തില്‍ പെരാക്കിനോട് ഏറ്റുമുട്ടും. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌ പങ്കിട്ടെടുത്തു‌

 
Follow Us:
Download App:
  • android
  • ios