Asianet News MalayalamAsianet News Malayalam

മരണം ജെസിബിയില്‍ വരുമ്പോള്‍ ഭാഗ്യം ബൊലേറോ വിളിച്ച് എന്നും വരണമെന്നില്ല!

വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ബൊലേറോയുടെ രൂപത്തിലും വരുമെന്നുമാണ് ചിലരുടെ കമന്റ്. ഈ ബൊലേറോയ്ക്ക് പകരം മറ്റൊരു കാറായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്നു ചോദിക്കുന്നു മറ്റു ചിലര്. എന്നാല്‍ ഈ അപകടം വിരല്‍ ചൂണ്ടുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. 

JCB And Bolero Crash Viral Video Remembering Some Important  Road Safety Tips
Author
Trivandrum, First Published Jul 26, 2020, 12:12 PM IST

കഴിഞ്ഞദിവസം കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ നടന്ന ഒരപകടത്തിന്‍റെ നെഞ്ചിടിപ്പിലാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ. നിയന്ത്രണം നഷ്‍ടപ്പെട്ട് പാഞ്ഞടുക്കുന്ന ഒരു ജെസിബിയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് ഒരു ബൈക്കുകാരനെ രക്ഷിക്കുന്ന മഹീന്ദ്ര ബൊലേറോയുടെ ആ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. 

വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ബൊലേറോയുടെ രൂപത്തിലും വരുമെന്നുമാണ് ചിലരുടെ കമന്റ്. ഈ ബൊലേറോയ്ക്ക് പകരം മറ്റൊരു കാറായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്നു ചോദിക്കുന്നു ചിലര്. കാലന്‍ ജെസിബിയില്‍ വന്നുപ്പോള്‍ ദൈവം ബൊലേറോയില്‍ കയറി വന്നു എന്നു പറയുന്നു മറ്റു ചിലര്‍. എന്നാല്‍ അപകടത്തെ ബൊലോറോയുടെ പേരിനോട് സദൃശ്യമുള്ള മറ്റൊരു മോഡലിനെ ട്രോളാനും ഒരു കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഈ സംഭവത്തോടെ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് മഹീന്ദ്ര ബൊലേറോ. 

കരിങ്കല്ലത്താണി ഭാഗത്തു നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ജെസിബി തൊടു കാപ്പ് ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.  ജെസിബി റോഡരികിലെ മരത്തില്‍ ഇടിച്ചുനിര്‍ത്താനായിരുന്നു ഡ്രൈവറുടെ നീക്കം. റോഡരികിലുള്ളവരെ രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ ജെസിബി ഡ്രൈവര്‍ക്ക് കയ്യടിക്കുന്നവരുമുണ്ട്. 

എന്തായാലും നിയന്ത്രണം വിട്ടതോടെ റോഡില്‍ വിലങ്ങനെ നീങ്ങിയ ജെസിബി റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കിലേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ നിമിഷത്തിലാണ് സിനിമാ സ്റ്റൈലില്‍ എതിര്‍ ദിശയില്‍ നിന്നും ഒരു വെളുത്ത ബൊലേറോ ജീപ്പ് ഇരുവാഹനങ്ങള്‍ക്കും ഇടയിലേക്ക് പാഞ്ഞു കയറിയത്. അതോടെ ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു, അതിനു മുമ്പേ തലനാരിഴയുടെ വ്യത്യസാത്തില്‍ യുവാവ് ചാടി രക്ഷപ്പെട്ടു. ജെസിബിയാകട്ടെ സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി നില്‍ക്കുകയും ചെയ്‍തു. 

ആ സമയം ബൊലേറോ വന്നില്ലായിരുന്നെങ്കിൽ റോഡരികിൽ ബൈക്ക് നിർത്തി അതിൽ ചാരി നിന്നിരുന്ന യുവാവിന് അപകടം സംഭവിക്കുമായിരുന്നുവെന്ന് വീഡിയോ ഉറപ്പിക്കുന്നു. മൂന്നു വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഈ അപകടം വിരല്‍ ചൂണ്ടുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തി വിശ്രമിക്കുന്നവരും ഫോണ്‍ ചെയ്യുന്നവരും സുഹൃത്തുക്കളോട് സംസാരിക്കുന്നവരുമൊക്കെ ശ്രദ്ധിക്കേണ്ട നിരവധി അപകട സൂചനകളുണ്ട് ഈ വീഡിയോയില്‍. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികരെ പിന്നാലെയെത്തുന്ന വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുന്ന നിരവധി അപകടങ്ങള്‍ അടുത്ത കാലത്തായി നടക്കുന്നുണ്ട്. ഇതില്‍ പല സംഭവങ്ങളുടെയും വീഡിയോ ദൃശ്യങ്ങളും നമ്മള്‍ കാണാറുണ്ട്. അതുകൊണ്ട് റോഡില്‍ നിന്നും നിശ്ചിത അകലത്തില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. വാഹനം റോഡരികിൽ നിർത്തുന്നതിനെപ്പറ്റി കേരള മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞദിവസം കൂടി മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും ഓര്‍ക്കുക. 

Follow Us:
Download App:
  • android
  • ios