Asianet News MalayalamAsianet News Malayalam

ഒറിജനല്‍ പേര് മഹീന്ദ്ര കൊണ്ടുപോയി, ഇന്ത്യന്‍ കമാന്‍ഡറിന് പേരിടാനാകാതെ 'ശരിക്കും' മുതലാളി!

രാജ്യാന്തര വിപണിയിൽ കമാൻഡർ എന്ന് പേരാണ് സ്വീകരിക്കുകയെങ്കിലും മറ്റൊരു പേരിലായിരിക്കും ഇന്ത്യയിലേക്ക് കമാന്‍ഡര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍

Jeep Compass-based H6 may get Commander
Author
Mumbai, First Published Apr 11, 2021, 4:18 PM IST

രൂപം ഏതുമാകട്ടെ ജീപ്പെന്നാല്‍ ഇന്ത്യക്കാര്‍ക്ക് മഹീന്ദ്രയാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. കമാന്‍ഡര്‍ എന്ന മോഡലും അങ്ങനെ തന്നെ. തൊണ്ണൂറുകളില്‍ മഹീന്ദ്ര അവതരിപ്പിച്ച ഈ വാഹനം ഒരുകാലത്ത് മലയോര ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും നിത്യസാനിധ്യമായിരുന്നു. ജീപ്പ് കമാന്‍ഡര്‍ എന്നായിരുന്നു നാട്ടുകാര്‍ ഈ മൂന്നുമുറി വാഹനത്തെ വിളിച്ചിരുന്നത്. കമാന്‍ഡറിന്‍റെ ഉല്‍പ്പാദനം മഹീന്ദ്ര അവസാനിപ്പിച്ചിട്ട് കുറച്ചുകാലമായി. 

എന്നാല്‍ ശരിക്കുള്ള ജീപ്പ് കമാന്‍ഡര്‍ ഇന്ത്യയിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി കേള്‍ക്കുന്നു. കമാന്‍ഡറിന്‍റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡ് ജീപ്പ് തന്നെയാണ് ഈ പുത്തന്‍ കമാന്‍ഡറിന്‍റെ പിന്നില്‍.  ജീപ്പ് കോംപസിനെ അടിസ്ഥാനമാക്കി ഇന്ത്യൻ വിപണിക്കായി ജീപ്പ് വികസിപ്പിച്ച ഏഴ് സീറ്റ് എസ്‍യുവി വൈകാതെ വിപണിയിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന ‌എസ്‍യുവിയുടെ രാജ്യാന്തര വകഭേദത്തിന് കമാൻഡർ എന്നാണ് കമ്പനി സ്വീകരിക്കുന്ന പേരെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീപ്പ് പുറത്തിറക്കിയ പുതിയ വീഡിയോ ടീസർ സൂചിപ്പിക്കുന്നത് മോഡലിനെ കമാൻഡർ എന്ന് വിളിക്കാമെന്നാണ്. പുതിയ ടീസർ വീഡിയോയിൽ "ER" എന്ന അക്ഷരമാണ് പ്രദർശിപ്പിക്കുന്നത്. അത് പേരിന്റെ അവസാനത്തെ അക്ഷരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗ്രാൻഡ് കമാൻഡർ നെയിംപ്ലേറ്റിനൊപ്പം ഒരു ഏഴി സീറ്റർ എസ്‌യുവി ജീപ്പ് ഇതിനകം ചൈനയിൽ ഉപയോഗിക്കുന്നുമുണ്ട്.

രാജ്യാന്തര വിപണിയിൽ കമാൻഡർ എന്ന് പേരാണ് സ്വീകരിക്കുകയെങ്കിലും മറ്റൊരു പേരിലായിരിക്കും ഇന്ത്യയിലേക്ക് കമാന്‍ഡര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ആ പേരിൽ മഹീന്ദ്രയ്ക്ക് വാഹനമുള്ളതു തന്നെ. അതുകൊണ്ട് മറ്റെന്തെങ്കിലും പേരിലായിരിക്കും വാഹനം ഇന്ത്യയിലെത്തുക. പാട്രിയോട്ട് എന്ന പേര് ജീപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തിട്ടുണ്ടെങ്കിലും അതായിരിക്കുമോ പുതിയ വാഹനത്തിന്റെ വ്യാപാരനാമം എന്നു വ്യക്തമല്ല. പുതിയ വാഹനത്തിന്റെ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്‌ഷൻ ഹബ്ബായിരിക്കും ഇന്ത്യ എന്നും റിപ്പോർട്ടുകളുണ്ട്.

റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ കൂടാതെ എച്ച്1 എന്ന കോഡുനാമത്തിൽ ലൈഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലും കമ്പനി പുറത്തിറക്കും. കോംപസ് ഫെയ്സ്‌ലിഫ്റ്റിന്റെ അതേ രൂപത്തിലും സ്റ്റൈലിലുമായിരിക്കും പുതിയ ഏഴു സീറ്റ് വാഹനം എത്തുക. ജീപ്പിന്റെ സിഗ്‌നേച്ചർ ഗ്രിൽ, ഡേറ്റം റണ്ണിങ് ലാംപുകൾ, പുതിയ ഹെഡ്‍ലാംപുകൾ റീഡിസൈൻ ചെയ്ത ബംബർ എന്നിവ ഗ്രാൻഡിലുണ്ടാകും. കോംപസിലെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ തന്നെയാകും പുതിയ വാഹനത്തിനും. 200 ബിഎച്ച്പി കരുത്തു നൽകുന്ന ഈ എൻജിൻ ആറ് സ്പീഡ് മാനുവൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭിക്കും.

ഇന്റീരിയർ വിശദാംശങ്ങൾ ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ കണക്റ്റഡ് കാർ ടെക്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആമസോൺ അലക്സാ സപ്പോർട്ട്, പനോരമിക് സൺറൂഫ് എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്.

2005-ലാണ് കമാൻഡർ എന്ന നെയിംപ്ലേറ്റിനൊപ്പം ഒരു ഏഴ് സീറ്റർ മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. ഗ്രാൻഡ് ചെറോക്കിക്ക് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന എസ്‌യുവി ഒരിക്കലും ബ്രാൻഡ് പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് 2011-ഓടെ അത് നിർത്തലാക്കുകയും ചെയ്‌തു. തുടര്‍ന്ന് 2017 ഷാൻഹായ്​ മോ​ട്ടോർ ഷോയിലാണ്​ പുതിയ എസ്​‍യുവിയുടെ ആദ്യ മാതൃക ജീപ്പ് അവതരിപ്പിച്ചത്​.  യുന്തു കൺസെപ്​റ്റിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ വാഹനത്തിന്‍റെ ഡിസൈന്‍. കോംപസിന്റെ സ്മോൾ വൈഡ് പ്ലാറ്റ്ഫോമിലുള്ള വാഹനത്തിന്‍റെ രൂപം ബോക്​സി പ്രൊഫൈലിലായിരിക്കും. മോണോക്കോക് ബോഡിയായ എസ്‌യുവിയില്‍ മൂന്ന്​ നിരകളായി ഏഴ്​ സീറ്റുകളുമുണ്ടാവും. സെവൻ സ്ലോട്ട്​ ഗ്രില്ലും ആങ്കുലർ വീൽ ആർച്ചുകളും എൽ.ഇ.ഡി ടെയിൽഗേറ്റുമൊക്കെ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. ഈ  എസ്‌യുവിയെ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയിലും ബ്രസീൽ വിപണികളിലും നിരവധി തവണ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ജീപ്പ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2021 ഏപ്രിൽ നാലിന് വാഹനത്തെ ആഗോളതലത്തിൽ പരിചയപ്പെടുത്താനാണ് ബ്രാൻഡിന്റെ പദ്ധതി. കോംപസ് ഉള്‍പ്പെടെ ജീപ്പിന്‍റെ മോഡലുകള്‍ അടുത്തകാലത്ത് ഇന്ത്യയില്‍ തരംഗമായ സാഹചര്യത്തില്‍ രാജ്യത്തെ വാഹനപ്രേമികള്‍ കമാന്‍ഡറിന്‍റെ അരങ്ങേറ്റം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ തുടങ്ങിയവരായിരിക്കും ഈ വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.  
 

Follow Us:
Download App:
  • android
  • ios