Asianet News MalayalamAsianet News Malayalam

കോംപസിന് നൈറ്റ് ഈഗിൾ സ്‍പെഷ്യല്‍ എഡിഷനുമായി ജീപ്പ്

ജനപ്രിയ വാഹനം കോംപസിന് പുതിയൊരു സ്‍പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിക്കാന്‍
തയ്യാറെടുക്കുകയാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ

Jeep compass night eagle edition
Author
Mumbai, First Published Jul 18, 2020, 10:03 PM IST

ഇന്ത്യയിലെ ജനപ്രിയ വാഹനം കോംപസിന് പുതിയൊരു സ്‍പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ എന്ന് റിപ്പോര്‍ട്ട്. കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ വരവ് ജീപ്പ് ഇന്ത്യ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയച്ചത്. അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ ജീപ്പ് പുറത്തുവിട്ടു.

ആഗോള വിപണിയിൽ കഴിഞ്ഞ വർഷം ആണ് കോംപസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ എത്തിയത്. ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൊതിഞ്ഞിരിക്കുന്ന ഘടകങ്ങളാണ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ 'സ്പെഷ്യൽ' ആക്കുന്നത്. ഗ്രിൽ, വിൻഡോ ലൈൻ, ജീപ്പ് ബാഡ്ജ് എന്നിവ കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. 18-ഇഞ്ച് അലോയ് വീലുകൾക്കും ഗ്ലോസി ബ്ലാക്ക് നിറമാണ്. കറുപ്പ് നിറത്തിലുള്ള റൂഫ് ആണ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ മറ്റൊരു പ്രത്യേകത. കൊളറാഡോ റെഡ്, ഹൈഡ്രോ ബ്ലൂ, മാഗ്നേഷ്യോ ഗ്രേ, മിനിമൽ ഗ്രേ, വോക്കൽ വൈറ്റ് എന്നീ നിറങ്ങളിൽ ആഗോള വിപണിയിൽ കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ വില്പനയിലുണ്ട്. ഇതിൽ ഏതൊക്കെ നിറങ്ങൾ ഇന്ത്യയിൽ ലഭ്യമാവും എന്നുള്ളത് വ്യക്തമല്ല.

കറുപ്പ് നിറത്തിലുള്ള ലെതർ അപ്ഹോൾസ്റ്ററിയും ഡാഷ്ബോർഡിലടക്കമുള്ള കറുപ് ട്രിമ്മുമാണ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ ഇന്റീരിയറിൽ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 8.4-ഇഞ്ച് യുകണക്ട് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, സെനോൺ പ്രൊജക്ടർ ഹെഡ്‍ലാംപുകൾ എന്നീ ഫീച്ചറുകളും ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷനിൽ പ്രതീക്ഷിക്കാം.

161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനിലും 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിനിലും തന്നെയാണ് കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷനും വില്പനക്കെത്തുക. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ എൻജിനൊപ്പമുള്ള ഗിയർബോക്‌സ് ഓപ്ഷനുകൾ.6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഡീസൽ എൻജിനൊപ്പമുള്ള ഗിയർബോക്സുകൾ.

ജീപ്പിന്റെ 2021 മോഡല്‍ കോംപസ് യുറോപ്യന്‍ വിപണിയില്‍ അടുത്തിടെയാണ് അവതരിപ്പിച്ചത്. പുതിയ എന്‍ജിനും ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് പുതിയ ജീപ്പിന്റെ പ്രത്യേകത. ജീപ്പ് കോംപസിലെ ഇത്തവണത്തെ പ്രധാന പുതുമ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 4xe ഹൈബ്രിഡ് സംവിധാനവുമാണ്. 

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. 

Follow Us:
Download App:
  • android
  • ios