വര്‍ഷാവസാനം വാഹനവിപണിയില്‍ ഓഫറുകളുടെ പൂക്കാലമാണ്. വിവിധ വാഹന നിര്‍മ്മാതാക്കള്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ജനപ്രിയ വാഹനമായ കോംപസിന്‍റെ വിവിധ പതിപ്പുകള്‍ക്കും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ്. 

ജനപ്രിയ എസ്‍‌യുവിയായ കോംപസിന്റെ വിവിധ വകഭേദങ്ങൾക്ക് 2.06 ലക്ഷം രൂപ വരെയാണ് ഇളവു നൽകുന്നത്. ഡീസലിന്റെ അടിസ്ഥാന വകഭേദമായ സ്പോർട്സ് 4X2 ന് 1.5 ലക്ഷം രൂപ വരെ ഇളവും 56000 രൂപയുടെ ആക്സസറിസ് പാക്കുമാണ് നൽകുന്നത്. ഇവ രണ്ടും ചേർന്നാണ് 2.06 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍.

സ്പോർട്സ് പ്ലസ് വകഭേദത്തിന് 1.42 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു ലക്ഷം രൂപ വരെ ഇളവും 42000 രൂപയുടെ ആക്സസറിസ് പാക്കും ചേർന്നാണഅ ഈ ഓഫര്‍. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് ഓപ്ഷനൽ, ലിമിറ്റഡ് എന്നീ മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ് ഡിസൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 1.30 ലക്ഷം രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. ലിമിറ്റഡ് ഓപ്ഷണലിന് 1.20 ലക്ഷം രൂപ വരെ ഇളവും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 1.50 ലക്ഷം രൂപ വരെ ഓഫറുകൾ ലഭിക്കും.

ലോഞ്ചിറ്റ്യൂഡ് ഓപ്ഷനൽ, ലിമിറ്റഡ് എന്നീ മോഡലുകളുടെ പെട്രോൾ പതിപ്പിന് ഒരു ലക്ഷം രൂപ വരെ ക്യാഷ് ‍ഡിസൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 1.30 ലക്ഷം രൂപ വരെ ഇളവുകളും ലിമിറ്റഡ് ഓപ്ഷണലിന് 1.28 ലക്ഷം രൂപ വരെ ഇളവും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 1.58 ലക്ഷം രൂപ വരെ ഓഫറുകൾ നൽകുന്നുണ്ട്.

സ്പോർട്സിന്റെ പെട്രോൾ പതിപ്പിന് ഒരു ലക്ഷം രൂപ വരെ ഇളവും 56000 രൂപയുടെ ആക്സസറിസ് പാക്കും ചേർന്ന് 1.56 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും സ്പോർട്സ് പ്ലസ് പെട്രോളിന് ഒരു ലക്ഷം രൂപയുടെ ഇളവും 42000 രൂപയുടെ ആക്സസറിസ് പാക്കും ചേർന്ന് 1.42 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ് എസ്‍യുവി ഇന്ത്യയിലെത്തിയത്.