നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു. ഇപ്പോഴിതാ വാഹനത്തിന്‍റെ ഏറ്റവും പുതിയ ഓഫ്റോഡ് പതിപ്പായ ട്രെയ്ല്‍ഹോക്കിനെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 

26.8 ലക്ഷം മുതലാണ് കോംപസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ട്രെയ്ല്‍ഹോക്കിന്‍റെ വില. ഓഫ് റോഡ് യാത്രകള്‍ക്കായാണ് ട്രെയ്ല്‍ഹോക്കിന്റെ വരവ്. പൂര്‍ണമായും ബ്ലാക്ക് നിറമാണ് ട്രെയ്ല്‍ഹോക്കിന്. ബ്ലാക്ക് നിറത്തിലുള്ള ഗില്‍, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള ബ്ലാക്ക് ആവരണം, ഡ്യുവല്‍ ടോണ്‍ ബംബര്‍, ബ്ലാക്ക് മിറര്‍, ബോണറ്റിലെ ബ്ലാക്ക് ഡീക്കല്‍, പിന്നിലെ ടോ ഹുക്ക്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ട്രെയില്‍ റേറ്റഡ് ബാഡ്‍ജിംങ് എന്നിവയാണ്‌ ട്രെയ്ല്‍ഹോക്കിന്റെ പ്രത്യേകത. ഓട്ടോ, സ്നോ, സാന്‍ഡ്, മഡ്, റോക്ക് എന്നീ അഞ്ച് ഓഫ് റോഡ് മോഡുകളും വാഹനത്തിനുണ്ട്. 

ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. 

രാജ്യമെങ്ങുമുള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ കോമ്പസ് ട്രെയ്ല്‍ഹോക്കിന്‍റെ ബുക്കിങ് തുടരുകയാണ്. 50,000 രൂപയാണ് ബുക്കിങ് തുക. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് ആദ്യ കോംപസ് ഇന്ത്യയിലെത്തുന്നത്.