രൂപം ഏതുമാകട്ടെ ജീപ്പെന്നാല്‍ ഇന്ത്യക്കാര്‍ക്ക് മഹീന്ദ്രയാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. കമാന്‍ഡര്‍ എന്ന മോഡലും അങ്ങനെ തന്നെ. തൊണ്ണൂറുകളില്‍ മഹീന്ദ്ര അവതരിപ്പിച്ച ഈ വാഹനം ഒരുകാലത്ത് മലയോര ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും നിത്യസാനിധ്യമായിരുന്നു. ജീപ്പ് കമാന്‍ഡര്‍ എന്നായിരുന്നു നാട്ടുകാര്‍ ഈ മൂന്നുമുറി വാഹനത്തെ വിളിച്ചിരുന്നത്. കമാന്‍ഡറിന്‍റെ ഉല്‍പ്പാദനം മഹീന്ദ്ര അവസാനിപ്പിച്ചിട്ട് കുറച്ചുകാലമായി. എന്നാല്‍ ഇപ്പോഴിതാ ശരിക്കുള്ള ജീപ്പ് കമാന്‍ഡര്‍ ഇന്ത്യയില്‍ എത്തുകയാണെന്നാണ് പുതിയ വാര്‍ത്ത. 

കമാന്‍ഡറിന്‍റെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡ് ജീപ്പ് തന്നെയാണ് ഈ പുത്തന്‍ കമാന്‍ഡറിന്‍റെ പിന്നില്‍.  ചൈനീസ് വിപണിയിൽ ഗ്രാൻഡ് കമാൻഡർ എന്ന പേരിൽ പുറത്തിറക്കുന്ന എസ്‍യുവി ഉടന്‍ ഇന്ത്യൻ വിപണിയിലും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2017 ഷാൻഹായ്​ മോ​ട്ടോർ ഷോയിലാണ്​ ഈ എസ്​‍യുവിയുടെ ആദ്യ മാതൃക ജീപ്പ് അവതരിപ്പിച്ചത്​.  യുന്തു കൺസെപ്​റ്റിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ വാഹനത്തിന്‍റെ ഡിസൈന്‍. കോംപസിന്റെ സ്മോൾ വൈഡ് പ്ലാറ്റ്ഫോമിലുള്ള വാഹനത്തിന്‍റെ രൂപം ബോക്​സി പ്രൊഫൈലിലായിരിക്കും. മോണോക്കോക് ബോഡിയായ എസ്‌യുവിയില്‍ മൂന്ന്​ നിരകളായി ഏഴ്​ സീറ്റുകളുമുണ്ടാവും. സെവൻ സ്ലോട്ട്​ ഗ്രില്ലും ആങ്കുലർ വീൽ ആർച്ചുകളും എൽ.ഇ.ഡി ടെയിൽഗേറ്റുമൊക്കെ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.

ലോഞ്ചിട്ട്യൂട്​, ലിമിറ്റഡ്​, ഓവർലാൻഡ്​, സമ്മിറ്റ്​ എന്നീ നാല്​ വേരിയൻറുകളില്‍ ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളിലായിരിക്കും വാഹനം വിപണിയിലെത്തുക.  ചൈനയിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2 ലീറ്റർ പെട്രോൾ എൻജിനാണ് ഹൃദയം. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഈ എൻജിൻ സൃഷ്‍ടിക്കും. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്‍സുമുണ്ടാവും പുതിയ വാഹനത്തിന്.

2021ൽ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.  കോംപസ് ഉള്‍പ്പെടെ ജീപ്പിന്‍റെ മോഡലുകള്‍ അടുത്തകാലത്ത് ഇന്ത്യയില്‍ തരംഗമായ സാഹചര്യത്തില്‍ രാജ്യത്തെ വാഹനപ്രേമികള്‍ ഗ്രാന്‍ഡ് കമാന്‍ഡറിന്‍റെ അരങ്ങേറ്റം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.