വാഹനലോകത്തെ രാജാക്കന്മാരാണ് എസ്‍യുവികളെങ്കില്‍ എസ്‍യുവികളുടെ രാജാവാണ് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ഗ്രാന്‍റ് വാഗണീര്‍. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഈ മോഡല്‍ തിരികെ എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

1962-ൽ ജീപ്പ് അവതരിപ്പിച്ച ഐതിഹാസിക എസ്‌യുവിയാണ് വാഗണീർ. അമേരിക്കയിലെ ആദ്യ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 4X4 വാഹനം ആയിരുന്ന ഇത്.  1963 മുതൽ 1991 വരെ അമേരിക്കൻ വിപണിയിലെ സാന്നിധ്യമായിരുന്നു ജീപ്പ് വാഗണീര്‍. 1991 ലാണ് വാഹനം കളമൊഴിഞ്ഞത്. 

ഇപ്പോഴിതാ  30 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരികയാണ് ഈ മോഡല്‍. ജീപ്പിന്റെ 7 സീറ്റർ ഫുൾ സൈസ് എസ്‌യുവി ആയാണ് വാഗണീറിന്റെ രണ്ടാം വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീപ്പ് എസ്‌യുവി നിരയിൽ ഒരു 7 സീറ്റർ മോഡൽ ഇല്ല എന്ന കുറവ് പരിഹരിച്ചാണ് 2021 ഗ്രാന്‍ഡ് വാഗണീര്‍ എന്ന പേരില്‍ വാഹനത്തിന്‍റെ വരവ്. 

2011 നോർത്ത് അമേരിക്കൻ ഓട്ടോഷോയിൽ പ്രഖ്യാപിക്കപ്പെട്ട വാഹനത്തിന്റെ കൺസെപ്റ്റാണ് ജീപ്പ് ഇപ്പോൾ പുറത്തിറക്കുന്നത്. ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ കീഴിലുള്ള അമേരിക്കൻ ബ്രാൻഡായ റാമിന്റെ 1500 ഫുൾ-സൈസ് പിക്കപ്പ് കാര്യമായി അഴിച്ചുപണിതാണ് 2021 ജീപ്പ് വാഗോനെർ തയ്യാറാക്കിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 3.6 ലീറ്റർ വി6, 5.7 ലീറ്റർ‍ വ8 ഹൈബ്രിഡ് പെട്രോൾ എൻജിനുകളും 3 ലീറ്റർ ടർബോ ഡീസൽ എൻജിനുമായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 

പുത്തൻ എസ്‌യുവി വാഗോനെർ, ഗ്രാൻഡ് വാഗോനെർ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തും.  7 ഇൻഫോടൈന്മെന്റ് സ്ക്രീനുള്ള ഇന്റീരിയർ ആണ് ജീപ്പ് വാഗോനെറിന്. 12.1-ഇഞ്ച് ടച്ച്സ്ക്രീൻ, 12.3-ഇഞ്ച് ഡ്രൈവർ ഡിസ്‍പ്ലേ, 10.25-ഇഞ്ച് വലിപ്പമുള്ള സെന്റർ ഡാഷ് ടച്ച്സ്ക്രീൻ, ക്യാപ്റ്റൻ സീറ്റുകൾക്ക് പുറകിലായി 10.1-ഇഞ്ച് ടച്ച്സ്ക്രീനുകൾ എന്നിവയുണ്ടാകും. 23 സ്‌പീക്കറുകൾ ചേർന്ന മാക്ഇന്റോഷ് ഓഡിയോ സിസ്റ്റം ആണ് പ്രത്യേകത. 2021ല്‍ വാഗണീർ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.