ജീപ്പ് ഇന്ത്യ തങ്ങളുടെ കോമ്പസ്, ഗ്രാൻഡ് ചെറോക്കി, മെറിഡിയൻ എന്നീ മോഡലുകൾക്ക് ജൂൺ മാസത്തിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. 

2025 ജൂൺ മാസത്തിൽ ജീപ്പ് ഇന്ത്യ തങ്ങളുടെ വാഹന നിരയിലുടനീളം നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബ്രാൻഡിന്റെ വിൽപ്പന മാന്ദ്യം നേരിടുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കോമ്പസ്, ഗ്രാൻഡ് ചെറോക്കി, മെറിഡിയൻ എന്നിവയിലാണ് വലിയ ഓഫറുകൾ കൂടുതലും നൽകുന്നത്.

ജീപ്പ് കോംപസ് വാങ്ങുന്നവർക്ക്, 2.95 ലക്ഷം രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇത് വിവിധ തലങ്ങളിലായി വിഭജിച്ചിരിക്കുന്നു. 1.70 ലക്ഷം രൂപ വരെ നേരിട്ടുള്ള ഉപഭോക്തൃ ഓഫറായും കൂടാതെ 1.10 ലക്ഷം രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യവും ഇതിൽ ഉൾപ്പെടുന്നു. പാക്കേജിന് പുറമേ 15,000 രൂപയുടെ പ്രത്യേക ആനുകൂല്യവും ലഭ്യമാണ്. അതേസമയം ഡോക്ടർമാർ, ലീസിംഗ് കമ്പനികൾ, തിരഞ്ഞെടുത്ത പങ്കാളികൾ തുടങ്ങിയ ഒരു പ്രത്യേക കൂട്ടം ആളുകൾക്ക് മാത്രമായി ഈ ഓഫർ പരിമിതപ്പെടുത്തിയിരിക്കുന്നു.

67.50 ലക്ഷം രൂപ വിലയുള്ള ഉയർന്ന സ്പെക്ക് ലിമിറ്റഡ് (O) ട്രിമ്മിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ഗ്രാൻഡ് ചെറോക്കി ഈ മാസം മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യത്തോടെയും വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യ പദ്ധതികളെല്ലാം സ്റ്റോക്ക് ലഭ്യത, സ്ഥലം, മറ്റ് നിബന്ധനകൾ എന്നിവയ്ക്ക് വിധേയമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, ജീപ്പ് മെറിഡിയനാണ് ഈ മൂന്ന് മോഡലുകളുടെയും ഏറ്റവും വലിയ ഓഫർ ലഭിക്കുന്നത്. വാങ്ങുന്നവർക്ക് 2.30 ലക്ഷം രൂപ വരെയുള്ള ഉപഭോക്തൃ ആനുകൂല്യങ്ങൾ ലഭിക്കും. 1.30 ലക്ഷം രൂപ വരെയുള്ള കോർപ്പറേറ്റ് ഓഫറും ഇതിനുണ്ട്.

30,000 രൂപ വരെ അധിക പ്രത്യേക ആനുകൂല്യവും ലഭ്യമാണ്. ഇത് മൊത്തം നേട്ടം 3.90 ലക്ഷം രൂപ വരെ എത്തിക്കുന്നു. ആഭ്യന്തര വിപണിയിൽ, ജീപ്പ് മെറിഡിയൻ ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ നാല് ട്രിം ലെവലുകളിൽ വിൽക്കുന്നു. അടിസ്ഥാന വേരിയന്റിന്റെ എക്സ്-ഷോറൂം വില 24.99 ലക്ഷം രൂപയിൽ ആരംഭിച്ച് 38.79 ലക്ഷം രൂപ വരെ ഉയരുന്നു.

ജീപ്പ് കോംപസിന് 18.99 ലക്ഷം മുതൽ 32.41 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 170 പിഎസ് പരമാവധി പവർ ഔട്ട്പുട്ടും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.