Asianet News MalayalamAsianet News Malayalam

മഹീന്ദ്ര 'റാഞ്ചിയ' പേരിന് പകരം പുതിയ പേരില്‍ 'ശരിക്കും മുതലാളി' ഉടനെത്തും!

വാഹനം അടുത്ത വർഷം ജൂലൈയിൽ ഇന്ത്യൻ വിപണിയില്‍ എത്തിയേക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Jeep Meridian launch India Launch Follow Up
Author
Mumbai, First Published Oct 10, 2021, 9:36 AM IST

ന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017-ലാണ്  ഐക്കണിക്ക് അമേരിക്കൻ (US) വാഹന കമ്പനിയായ ജീപ്പ് (Jeep)ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിൽ റാംഗ്ലർ, കോംപസ് എന്നീ മോഡലുകളാണ് നിലവില്‍ ജീപ്പ് വിൽക്കുന്നത്. ജീപ്പ് കോംപസിനെ (Jeep Compass)അടിസ്ഥാനമാക്കി ജീപ്പ് പുതിയൊരു മോഡല്‍ വികസിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ജീപ്പ് കോംപസിന് മുകളിലായും റാംഗ്ലറിന് താഴെയുമായി എത്തുന്ന ഈ മോഡലിന്‍റെ പേര് കമാന്‍ഡര്‍ എന്നാണ്. 

എന്നാല്‍ ഈ വാഹനം മെറിഡിയന്‍ എന്ന പേരിലായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. വാഹനം 2022 ജൂലൈയിൽ ഇന്ത്യൻ വിപണിയില്‍ എത്തിയേക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മോഡലുകളുടെ നിർമാണത്തിനായി ഏകദേശം 1870 കോടി രൂപ കമ്പനി പുണെയിലെ പ്ലാന്റിൽ നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്ത വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപനയ്ക്കെത്തിക്കാൻ ആണ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലിന്റെ (എഫ്‌സി​എ) പദ്ധതി. 

കോംപസിന്റെ 7 സീറ്റർ പതിപ്പായ കമാന്‍ഡര്‍ അടുത്തിടെ ബ്രസീലിയൻ വിപണയില്‍ അവതരിപ്പിച്ചിരുന്നു.  2.0 ലിറ്റർ ഡീസലും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ജീപ്പ് കമാൻഡർ വില്പനക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ജീപ്പിന് ഈ എസ്‌യുവിക്ക് കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടാണ് മെറിഡിയന്‍ എന്ന പേരിലേക്ക് കമ്പനി കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പാട്രിയോട്ട്' എന്നായിരിക്കും വാഹനത്തിന്‍റെ പേരെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം കമാൻഡറിന്‍റെ ഡിസൈനിംഗിനെപ്പറ്റി പറയുകയാണെങ്കില്‍ കോംപസിന്റെ സ്റ്റൈലിംഗ് ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഗ്രാൻഡ് ചെറോകീ എൽ എസ്‌യുവിയുടെയും സ്റ്റൈലിംഗ് ഘടകങ്ങൾ ഒത്തിണക്കിയാണ് പുത്തൻ എസ്‌യുവിയെ ജീപ്പ് നിർമ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി പില്ലറിനു പിന്നിലേക്കാണ് കോംപസും മെറിഡിയനുമായി പ്രധാന വ്യത്യാസം. പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ എൽ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് മെറിഡിയനിലും. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്.

കോംപസിൽ നിന്നും കടമെടുത്തതാണ് ഗ്രിൽ, റൂഫ് ഭാഗം, വിൻഡോയിലെ ക്രോം ലൈനിങ് എന്നിവ. പുതിയ തലമുറ ഗ്രാൻഡ് ചെറോകീ എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഫുൾ എൽഇഡി ഹെഡ്‍ലാംപുകളും വണ്ണം കുറഞ്ഞ ടെയിൽ ലാമ്പുകളും. മെറിഡിയൻ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽനിന്നു കടം കൊണ്ടവയാകും. 

എസി വെന്റ് ഉള്ള സീറ്റ്, പനോരമിക് സൺറൂഫ്, വലുപ്പമേറിയ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാവും. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും ഇന്റീരിയർ രൂപകൽപന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമേ, ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിൽ ഏഴും യാത്രക്കാർക്ക് ഇടമുണ്ടാവും.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ചേർന്ന കോമ്പസ്സിന്റെ ഏറെക്കുറെ സമാനമായ ഡാഷ്ബോർഡ് ആണ് ഇന്റീരിയറിൽ ഒരുങ്ങുന്നത്. കോമ്പസ്സിന്റെ അതെ മുൻ നിര സീറ്റുകളാണ് കമാൻഡറിലും. ഇവയ്ക്കിടയിലെ ഹാൻഡ് റെസ്റ്റിൽ ‘Jeep 1941’ എന്നെഴുതിയിട്ടുണ്ട്. കമാൻഡറിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകൾ പുതിയതാണ്. 

ഇന്ത്യയിൽ ഫോക്സ്‌വാഗന്റെ എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍ക്കാസര്‍, ടിഗ്വൻ ഓൾസ്പേസ്, സ്കോഡ കൊഡിയാക് തുടങ്ങിയവയാവും മെറിഡിയന്റെ പ്രധാന എതിരാളികൾ. ഓഫ് റോഡിങ് ക്ഷമത പരിഗണിക്കുമ്പോള്‍ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡേവർ എന്നിവയോടും വാഹനം മത്സരിക്കും.  


 

Follow Us:
Download App:
  • android
  • ios