ഓഫ്-റോഡ് ഡ്രൈവിംഗ് എന്നത് അടുത്തകാലത്തായി വാഹന പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള ഒരു ഹോബിയായി മാറിയിരിക്കുന്നു. ആധുനിക എസ്‌യുവികൾ ശക്തിയുള്ളവ മാത്രമല്ല, ധാരാളം സാങ്കേതികവിദ്യയും ഉപകരണങ്ങളുമൊക്കെ വാഗ്ദാനം ചെയ്‍ത് കൊണ്ട് ഓഫ് റോഡിംഗിനെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നവയുമാണ്. എങ്കിലും ഡ്രൈവിംഗില്‍ വളരെയധികം ശ്രദ്ധ വേണ്ട ഒരു പ്രവര്‍ത്തിയാണ് ഓഫ് റോഡിംഗ്. അല്ലെങ്കില്‍ അത് ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോ തെളിയിക്കുന്നത്.

കാടും മലകളുമൊക്കെ പ്രവചനാതീതമാണെന്നും അങ്ങേയറ്റം അപകടകരമാണെന്നും ആളുകൾ പലപ്പോഴും മറന്നു പോകുന്നതു മൂലം സംഭവിച്ച ഈ അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗാഡിവാഡിയാണ്. അമേരിക്കയിലെ കൊളറാഡോയിലെ ടെല്ലുറൈഡിലുള്ള ബ്ലാക്ക് ബിയർ പാസിലാണ് ഈ അപകടം. 

പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ അനുസരിച്ച് വാഹനത്തിന്റെ ഡ്രൈവറായ 22 കാരൻ കാർ മലഞ്ചെരുവിൽ റാംഗ്ലര്‍ പാർക്ക് ചെയ്‍ത് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വാഹനത്തിന്‍റെ പാര്‍ക്കിംഗ് ബ്രേക്ക് ഇടാന്‍ ഡ്രൈവര്‍ മറന്നുപോയതാണ് അപകടകാരണം. ഇതോടെ വാഹനം മുന്നോട്ടുരുണ്ടു. ഈ സമയം 23 കാരിയായ വനിതാ യാത്രക്കാരിയും രണ്ട് നായ്ക്കുട്ടികളും വാഹനത്തിലുണ്ടായിരുന്നു. വാഹനം അരികിലേക്ക് ഉരുളാൻ തുടങ്ങിയപ്പോൾ ഡ്രൈവർ പിന്നിലേക്ക് ഓടി അകത്തേക്ക് കടക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും വാഹനം റോഡിന്‍റെ മുനമ്പില്‍ നിന്നും താഴേക്ക് വീണിരുന്നു. ആറോളം കരണം മറിഞ്ഞ് ചുരത്തിന്‍റെ താഴെയുള്ള റോഡിലേക്കാണ് റാംഗ്ലര്‍ ചെന്നുവീണത്. യാത്രക്കാരിയും നായക്കുഞ്ഞുങ്ങളും പുറത്തേക്ക് തെറിച്ചു വീണു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റെന്നും നായക്കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

വൈ ടു കെ റാംഗ്ളർ എന്ന യൂടൂബ് ചാനൽ അപ്പ്‍ലോഡു ചെയ്‌ത അപകടദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുരമിറങ്ങിക്കൊണ്ടിരുന്ന മറ്റൊരു വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. റാംഗ്ലര്‍ കരണംമറിഞ്ഞു വരുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍. തകര്‍ന്ന വാഹനം റോഡില്‍ കിടക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ജീപ്പ് തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നിരിക്കുന്നു.