കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകമാകെ കനത്ത പ്രതിസന്ധിയിലാണ് വാഹന വ്യവസായം. കച്ചവടം തകര്‍ന്ന് തരിപ്പണമായി, ഫണ്ട് ലഭ്യത ഏറെക്കുറെ ഇല്ലാതായെന്നും കമ്പനികൾ അംഗീകരിക്കുന്നു. എന്നാല്‍ ഈ ഘട്ടത്തിലും ജീവനക്കാര്‍ക്ക് ജോലി നഷ്‍ടമാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചില വണ്ടിക്കമ്പനികള്‍. 

യൂറോപ്യൻ നിർമാതാക്കളായ സ്കോഡ - ഫോക്‌സ്‌വാഗനും ഫ്രഞ്ച് നിർമാതാക്കളായ റെനോയും ചൈനീസ് കമ്പനിയായ സായ്‍കിന്റെ  ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എം ജി മോട്ടോർ ഇന്ത്യയുമാണ് പ്രതികൂല സാഹചര്യങ്ങളിലും ജീവനക്കാർക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത്.  ഇന്ത്യയ്ക്കായി വമ്പൻ നിക്ഷേപ വാഗ്ദാനത്തിനു പുറമെ പുതിയ മോഡൽ അവതരണങ്ങളും ഈ നിർമാതാക്കൾ ആസൂത്രണം ചെയ്തിരുന്നു. ഇത്തരം ദീർഘകാല പദ്ധതികളുടെ ഭാഗമായി ജീവനക്കാരെ സംരക്ഷിക്കേണ്ടത് സുപ്രധാനമാണെന്നും ഈ നിർമാതാക്കൾ കരുതുന്നു. 

ഇന്ത്യൻ വിപണിയിലെ നവാഗതരായ എം ജി മോട്ടോർ ഇന്ത്യ ശമ്പളം കുറയ്ക്കില്ലെന്നു ഡീലർമാർക്കും ജീവനക്കാർക്കും ഉറപ്പു നൽകി. സ്ഥിതിഗതി എത്രത്തോളം വഷളാവാമെന്ന കണക്കുകൂട്ടലുകൾക്കിടയിലും ആരുടെയും ജോലി നഷ്ടമാവില്ലെന്ന ഉറപ്പാണു കമ്പനി നൽകുന്നതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റ് രാജീവ് ഛാബ വ്യക്തമാക്കുന്നത്. 

ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് തയാറാക്കിയ ‘ഇന്ത്യ 2.0’ പദ്ധതിക്കായി 100 കോടി യൂറോ(ഏകദേശം 8,259 കോടി രൂപ)യാണ് സ്കോഡ — ഫോക്സ്‍വാഗൻ ഗ്രൂപ്പ് അനുവദിച്ചിരുന്നത്. നിർമാണശാലയിലടക്കം ആകെ 4,200 ജീവനക്കാരാണു ഫോക്സ് വാഗന് ഇന്ത്യയിലുള്ളത്. സാഹചര്യം പ്രതികൂലമായതിനാൽ ഘടനാപരമായ ചെലവുകളും മറ്റും ഒഴിവാക്കാനാണു പ്രഥമ പരിഗണനയെന്നു സ്കോഡ ഫോക്സ്വാഗൻ ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുരുപ്രതാപ് ബൊപ്പറായ് വ്യക്തമാക്കി. എന്നാൽ ചെലവു കുറയ്ക്കാനായി തൊഴിലവസരം ഇല്ലാതാക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യില്ലെന്നും ഇക്കാര്യം ജീവനക്കാരെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.  സാഹചര്യം പ്രതികൂലമാണെങ്കിലും പുതിയ നിയമനങ്ങൾ നടത്തും. ജീവനക്കാർക്കു മുമ്പു പ്രഖ്യാപിച്ച ബോണസുകൾ വിതരണം ചെയ്യുമെന്നും സ്കോഡ — ഫോക്സ്വാഗൻ വ്യക്തമാക്കി. അതേസമയം, സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുംവരെ കമ്പനിയുടെ മുൻനിര മാനേജ്മെന്റിലെ അംഗങ്ങൾക്കുള്ള ബോണസ് വൈകിയേക്കും.

ശമ്പളം വെട്ടിക്കുറയ്ക്കാനും ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടോ എന്ന ആശങ്ക ജീവനക്കാർക്കുണ്ടായിരുന്നെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയുടെ കമ്പനി മാനേജിങ് ഡയറക്ടർ വെങ്കട്ട്റാം മാമില്ലപ്പള്ളി അംഗീകരിക്കുന്നു. എന്നാൽ തൊഴിലും വേതനവും സുരക്ഷിതമാണെന്നു ജീവനക്കാർക്ക് ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള മാർഗം ശമ്പളം വെട്ടിച്ചുരുക്കലോ ജോലി നഷ്ടപ്പെടുത്തലോ അല്ലെന്നും മാമില്ലപ്പള്ളി അഭിപ്രായപ്പെട്ടു. ജീവനക്കാരാണ് കമ്പനിയുടെ മികച്ച ആസ്‍തി. കാര്യങ്ങൾ സാധാരണ നിലയിലെത്തുമ്പോൾ മികച്ച നേട്ടത്തിന് കഴിവുള്ള ടീം ഒപ്പമുണ്ടാവേണ്ടത് അനിവാര്യതയാണ്. എങ്കിലും പ്രവർത്തന ചെലവ് ചുരുക്കാൻ നടപടികൾ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.